ആദ്യം മോഹനര്, ഇപ്പോള്‍ രാജീവര്: കേരളത്തിലെ ഏറ്റവും പ്രബലമായ തന്ത്രി കുടുംബത്തില്‍ നിന്ന് വിവാദത്തിലാകുന്ന രണ്ടാമത്തെയാള്‍; താഴമണ്‍ കുടുംബം കരുത്താര്‍ജിച്ചത് ശബരിമല തീപിടിത്തത്തോടെ; വിവാദത്തിലാകുന്നതും അതേ ക്ഷേത്രംവഴി

പത്തനംതിട്ട: താഴമണ്‍ കുടുംബത്തിലെ കണ്ഠര് രാജീവരെ അറസ്റ്റുചെയ്തതോടെ വിവാദത്തിലാകുന്ന രണ്ടാമത്തെയാളായി മാറി. ഇദ്ദേഹത്തിന്റെ താന്ത്രികാവകാശവും ചോദ്യം ചെയ്യപ്പെട്ടേക്കാം. ഇരുപതുവര്‍ഷം മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമുള്ള ശോഭാ ജോണുമായുള്ള ബന്ധത്തിലാണ് വിവാദത്തിലായ കണ്ഠര് മോഹനരെ ശബരിമല താന്ത്രികാവശാലത്തില്‍ നിന്ന് നീക്കിയിരുന്നു.
ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനത്താണ് തന്ത്രി എന്നാണ് സങ്കല്‍പ്പം. ആനിലയ്ക്കുള്ള ആദരം വിശ്വാസികള്‍ താഴമണ്‍ കുടുംബത്തിലെ തന്ത്രിമാര്‍ക്ക് നല്‍കിവരുന്നു. ഭക്തരുടെ ആ വികാരത്തിനാണ് വീണ്ടും മങ്ങലേറ്റത് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റോടെ. 2006 ല്‍ താഴമണ്‍ കുടുംബത്തിലെ തന്ത്രി കണ്ഠര് മോഹനര് ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടശോഭാ ജോണുമായുള്ള ബന്ധത്തില്‍ വിവാദത്തിലായിരുന്നു. അന്ന് വാദിസ്ഥാനത്തായിരുന്നു മോഹനര്. അദ്ദേഹത്തെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ ശോഭാ ജോണും ബെച്ചു റഹ്‌മാനും ഉള്‍പ്പെടെ 11 പേരായിരുന്നു പ്രതിസ്ഥാനത്ത്. ശോഭാ ജോണ്‍ ഉള്‍പ്പടെയുള്ളവര്‍ ജയിലിലുമായി.
ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്റെ ചോദ്യങ്ങളില്‍ നിന്ന് മോഹനര്‍ക്ക് വേദമോ സംസ്‌കൃതമോ ഭാഗ്യസൂക്തം പോലുമോ അറിയില്ലെന്ന് വ്യക്തമായതും വലിയ നാണക്കേടായി. പിന്നെ ശബരിമലയില്‍ തന്ത്രിയായി മോഹനരെ കണ്ടില്ല. അടുത്തിടെ കണ്ടത് അയ്യപ്പ സംഗമ വേദിയിലും പന്തളത്തെ ബദല്‍ സംഗമവേദിയിലും ആയിരുന്നു.
ഇതിനുശേഷം മോഹനരെ ശബരിമലയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. മോഹനര്‍ നേരിട്ടതിനെക്കാള്‍ ഗുരുതരസ്വഭാവമുള്ള നടപടിയാണ് രാജീവര് നേരിടുന്നത്. സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഉറ്റബന്ധം തെളിഞ്ഞതോടെയാണ് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. അതായത് അയ്യപ്പന്റെ പിതൃസ്ഥാനത്തുള്ളയാളാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്.
സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്ക് പങ്കുണ്ടോ , അല്ലെങ്കില്‍ അറിവുണ്ടോ എന്നൊക്കെ ഇനി തെളിയേണ്ടിയിരിക്കുന്നു. കേസില്‍ വെറുതെ വിട്ടാലും രാജീവരെ ഇനി ശബരിമലയില്‍ പ്രവേശിപ്പിക്കുമോ എന്ന് കണ്ടറിയണം. മോഹനരുടെ മകന്‍ മഹേഷ് മോഹനരാണ് ഇപ്പോള്‍ ശബരിമല തന്ത്രി. രാജീവരുടെ മകന്‍ കണ്ഠര് ബ്രഹ്‌മദത്തനും കഴിഞ്ഞവര്‍ഷം തന്ത്രിയുടെ ചുമതലയേറ്റിരുന്നു.
ശബരിമല തന്ത്രം കയ്യില്‍ വന്നതോടെയാണ് താഴമണ്‍ കുടുംബം കേരളത്തിലെ ഏറ്റവും പ്രബലരായ തന്ത്രികുടുംബം ആയത്. അതിന് വഴിവച്ചത് 1902-ലെ ശബരിമല തീപിടിത്തവും. മകരസംക്രമദിനത്തിലാണ് പുല്ലുമേഞ്ഞ ശ്രീകോവിലിന് തീപിടിച്ചത്. തിരുവാഭരണങ്ങള്‍ സുരക്ഷിതമായി മാറ്റി. വിഗ്രഹം മേല്‍ശാന്തി എടുത്തുമാറ്റി. എല്ലാം കത്തിയമര്‍ന്നെങ്കിലും വിഗ്രഹം ബാലാലയത്തിലേക്ക് മാറ്റി.
മുന്‍പ് കേരളത്തിലെ പ്രബല തന്ത്രികുടുംബങ്ങള്‍ അടക്കം ശബരിമല തന്ത്രം വഹിച്ചിരുന്നു എന്നാണ് വിവരം. ഘോരവനത്തിലെ ക്ഷേത്രം. തന്ത്രത്തിന് പോയാല്‍ ജീവനോടെ തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത കാലം. അങ്ങനെ പലരും കയ്യൊഴിഞ്ഞു. കുടുംബക്കാവിലെ ചടങ്ങുകള്‍ നടത്താന്‍ കുടുംബങ്ങളില്‍ ആളില്ലാത്ത കാലം. പലകാവുകളും ക്ഷേത്രങ്ങളാക്കിയപ്പോള്‍ താഴമണ്‍ കുടുംബം തന്ത്രം ഏറ്റു.
1902-ല്‍ കത്തിനശിച്ച ക്ഷേത്രം പുനര്‍നിര്‍മിച്ച് 1910-ല്‍ പ്രതിഷ്ഠ നടത്തി. താഴമണ്‍ കുടുംബത്തിലെ കണ്ഠര് പ്രഭാകര് ആയിരുന്നു അന്ന് പ്രതിഷ്ഠ നടത്തിയത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റ ക്ഷണപ്രകാരം അങ്ങനെയാണ് താഴമണ്‍ കുടുംബം ശബരിമലയുടെ തന്ത്രത്തിലേക്ക് വരുന്നത്. 1950-ല്‍ വീണ്ടും ക്ഷേത്രം കത്തിനശിച്ചു. 1951ല്‍ ഇന്നു കാണുന്ന പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചത് കണ്ഠര് ശങ്കര് ആയിരുന്നു. രണ്ട് പ്രതിഷ്ഠ നടത്തിയതോടെ താഴമണ്‍ കുടുംബം പൂര്‍ണ തന്ത്ര അധികാരികളായി. 1951-ന് ശേഷമാണ് ഇന്ന് കാണുന്ന വിധത്തിലേക്ക് തിരക്കേറി വന്നതും താഴമണ്‍ കുടുംബം നൂറുകണക്കിന് ക്ഷേത്രങ്ങളുടെ തന്ത്രം ഏറ്റെടുക്കുന്ന നിലയിലേക്ക് വളര്‍ന്നതും.






