IndiaNEWS

നടി കസ്തൂരി അറസ്റ്റില്‍; പിടിയിലായത് നിര്‍മാതാവിന്റെ വീട്ടില്‍ നിന്ന്

ഹൈദരബാദ്: തമിഴ്‌നാട്ടില്‍ താമസിക്കുന്ന തെലുങ്കര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരി ശങ്കര്‍ അറസ്റ്റില്‍. ഹൈദരബാദില്‍ നിന്നാണ് ഒളിവിലായിരുന്ന നടിയെ അറസ്റ്റ് ചെയ്തത്. ഗച്ചിബൗളിയില്‍ ഒരു നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു നടി. തമിഴ്നാട്ടില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

ചോദ്യം ചെയ്യല്ലിന് ഹാജരാകാന്‍ സമന്‍സ് നല്‍കുന്നതിന് എഗ്മൂര്‍ പൊലീസ് പോയസ് ഗാര്‍ഡനിലെ നടിയുടെ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങള്‍ നടിക്കെതിരെ ചുമത്തിയിട്ടുണ്ട്.

Signature-ad

ചെന്നൈ എഗ്മൂറില്‍ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ പ്രകടനത്തിലായിരുന്നു നടിയുടെ വിവാദ പരാമര്‍ശം. 300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു പരാമര്‍ശം. തുടര്‍ന്ന് ആന്ധ്രയിലും തെലങ്കാനയിലും ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്നു.

അതിനിടെ തന്റെ പരാമര്‍ശം വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് കസ്തൂരി രംഗത്തെത്തിയിരുന്നു. ചിലരെ മാത്രമാണ് ഉദ്ദേശിച്ചതെന്നും തന്റെ തെലുങ്ക് കുടുംബത്തെ വേദനിപ്പിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പപേക്ഷിക്കുന്നതായി സമൂഹമാദ്ധ്യമത്തില്‍ കുറിക്കുകയും ചെയ്തിരുന്നു.

 

Back to top button
error: