ന്യൂയോര്‍ക്ക്: ആഭ്യന്തരയുദ്ധം രൂക്ഷമായ സൂഡാനിലെ മനുഷ്യക്കുരുതിയില്‍നിന്ന് രക്ഷതേടിയാണ് 27കാരിയായ യുവതി ഛാഡിലെത്തിയത്. അവളുടെ ഭര്‍ത്താവ് സുഡാനില്‍ അക്രമികളുടെ വെടിയേറ്റു മരിച്ചിരുന്നു. ഛാഡിലേക്കുള്ള വഴിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കരച്ചില് അവള് കേട്ടിരുന്നു. ദുരിതജീവിതത്തില്‍ താല്‍ക്കാലികമായെങ്കിലും ശമനമുണ്ടാവുമെന്ന് കരുതിയാണ് അവള് ഛാഡിലേക്ക് കടന്നത്. എന്നാല്‍, അവിടെയും ക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടിവന്നതിന്റെ കഥയാണ് ഈ അഭയര്‍ഥി യുവതി പറയുന്നത്.
അവളുടെ അടുത്തുള്ള തൊട്ടിലില്‍ ഏഴ് ആഴ്ച പ്രായമുള്ള മകന് കിടക്കുന്നുണ്ട്. പണം വാഗ്ദാനം ചെയ്ത് തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സന്നദ്ധപ്രവര്‍ത്തകന്റെ കുഞ്ഞാണിതെന്ന് അവള് പറഞ്ഞു. നാല് മക്കള്‍ കൂടി അവള്‍ക്കുണ്ട്. കുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ വേറെ വഴിയില്ലായിരുന്നു. തന്റെ നിസ്സഹായാവസ്ഥ അയാള്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. പ്രതികാരം ഭയന്ന് തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെയാണ് അസോസിയേറ്റഡ് പ്രസ്സിനോട് സ്ത്രീകള്‍ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ചത്.
മനുഷ്യാവകാശപ്രവര്‍ത്തകരും പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരും ലൈംഗിക ചൂഷണം നടത്തുന്നതായി സ്ത്രീകള്‍ പറഞ്ഞു. പണവും ജോലിയും മറ്റു സഹായങ്ങളും വാഗ്ദാനം ചെയ്താണ് ചൂഷണം ചെയ്യുന്നത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍നിന്ന് ആയിരക്കണക്കിന് ആളുകളാണ് ഛാഡിലേക്ക് അഭയാര്‍ഥികളായി എത്തുന്നത്. ഇവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. 20,000 ആളുകളാണ് സുഡാനില്‍ ഇതുവരെ കൊല്ലപ്പെട്ടത്.
സുഡാന് അതിര്‍ത്തിയില്‍ മൂന്ന് സ്ത്രീകള്‍ എപിയുമായി സംസാരിച്ചു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ വിസമ്മതിച്ച ഏഴ് സ്ത്രീകളുടെ അനുഭവം സൈക്കോളജിസ്റ്റായ ഡാരല്‍ സലാം ഉമര്‍ ആണ് പങ്കുവെച്ചത്. സഹായങ്ങള്‍ ലഭിക്കുന്നതിനായി ലൈംഗിക ചൂഷണത്തിന് വഴങ്ങേണ്ടിവന്ന ദുരവസ്ഥയാണ് സ്ത്രീകള്‍ പറയുന്നത്. ഇവരില്‍ പലരും ഗര്‍ഭിണികളായതിനാല്‍ ഗര്‍ഭഛിദ്രത്തിന് സഹായം തേടിയാണ് തന്നെ സമീപിച്ചതെന്ന് ഡാരല്‍ ഉമര്‍ പറഞ്ഞു.
അവര്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥയില്‍ ഭര്‍ത്താവില്ലാതെ ഒരു സ്ത്രീ ഗര്‍ഭിണിയാകുന്ന അവസ്ഥയൊന്ന് ചിന്തിച്ചു നോക്കൂ-ഡാരല്‍ ഉമര്‍ പറഞ്ഞു.
യുദ്ധവും കലാപങ്ങളുമുള്ള നാടുകളില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത് അസാധാരണമല്ല. ഇത്തരം ഘട്ടങ്ങളില്‍ സന്നദ്ധസംഘടനകള്‍ വലിയ പ്രതിസന്ധിയാണ് നേരിടാറുള്ളത്. അതേസമയം ഇരകളുടെ സുരക്ഷ പ്രധാനമായതിനാല്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സി പറഞ്ഞു.
ലൈംഗിക ചൂഷണം ഗുരുതരമായ കുറ്റകൃത്യമാണ്. അഭയാര്‍ഥി ക്യാമ്പുകളില്‍ സ്ത്രീകള്‍ക്കായി സുരക്ഷിതയിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബോധവത്കരണ ക്ലാസുകള്‍ക്കൊപ്പം സൗജന്യ ടോള്‍ ഫ്രീ നമ്പറുകളും ഫീഡ് ബാക്ക് ബോക്സുകളും ഉണ്ടെന്നും യുഎന്‍ പോപ്പുലേഷന്‍സ് ഫണ്ട് പ്രതിനിധിയായ യെവാന്ഡെ ഒഡിയ പറഞ്ഞു. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്കറിയില്ലെന്നാണ് സുഡാനികള്‍ പറയുന്നത്.