ശിവാജി റാവു മുതല്‍ വെങ്കിടേഷ് പ്രഭു വരെ… സിനിമയില്‍ എത്തിയശേഷം പേര് മാറ്റിയ തമിഴ് സൂപ്പര്‍ താരങ്ങള്‍!
രജിനികാന്ത്, ശിവാജി ഗണേശന്‍, വിജയകാന്ത്, സൂര്യ… ആഹാ… പറയാന്‍ തന്നെ എന്തൊരു സുഖമാണ്. ഒരു സൂപ്പര്‍ താരത്തെ തന്നെയാണ് വിളിക്കുന്നതെന്ന തോന്നലും രോമാഞ്ചവും എല്ലാം വരും. ഇവരൊക്കെ നാളെ സൂപ്പര്‍ താരങ്ങളായി മാറിയേക്കാമെന്ന് കരുതി മുന്‍കൂട്ടി മാതാപിതാക്കള്‍ നല്‍കിയ പേരുകളാണ് ഇതെന്ന് തെറ്റിദ്ധരിക്കേണ്ട.
സിനിമയില്‍ എത്തിപ്പെട്ടശേഷം പലരും പേരുകള്‍ മാറ്റിയിട്ടുണ്ട്. സംവിധായകരുടെ നിര്‍ബന്ധപ്രകാരവും ഭാഗ്യം വരാനും എല്ലാം വേണ്ടിയാണ് താരങ്ങളില്‍ പലരും പേരുകള്‍ മാറ്റിയതും ചുരുക്കിയതും. അത്തരത്തില്‍ പേരുകള്‍ മാറ്റി പുതിയ സ്‌ക്രീന്‍ നെയിം സ്വീകരിച്ച ചില തമിഴ് നടന്മാരെ പരിചയപ്പെടാം…
ഇന്ത്യന്‍ സിനിമയുടെ സ്‌റ്റൈല്‍ മന്നനാണ് എന്നേക്കും രജിനികാന്ത്. ചെറുപ്പം മുതലെ സിനിമയായിരുന്നു രജിനിയുടെ സ്വപ്നം. കഠിനമായ പരിശ്രമത്തിലൂടെ സൂപ്പര്‍ താരമായി മാറിയ നടന്റെ യഥാര്‍ത്ഥ പേര് ശിവാജിറാവു ഗെയ്ക്ക്വാദ് എന്നാണ്.
സഹനടനായി സിനിമാ മേഖലയിലേക്കെത്തിയ വിജയ് സേതുപതി ഇന്ന് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമാണ്. മക്കള്‍ സെല്‍വമെന്ന വിളിപ്പേരുള്ള താരത്തിന്റെ യഥാര്‍ത്ഥ പേര് വിജയ ഗുരുനാഥ സേതുപതി കാളിമുത്തു എന്നാണ്.
തെന്നിന്ത്യയുടെ പ്രിയതാരമാണ് ചിയാന്‍ വിക്രം. ഒരു കാലത്ത് മലയാളത്തില്‍ സഹനായക വേഷങ്ങളില്‍ സജീവമായിരുന്നു. ഇന്ന് താരം തെന്നിന്ത്യയില്‍ ഏറ്റവും വില കൂടിയ നായക നടനാണ്. കെന്നഡി ജോണ്‍ വിക്ടര്‍ എന്ന യഥാര്‍ത്ഥ പേര് സിനിമയിലെത്തിയശേഷമാണ് താരം വിക്രമാക്കി മാറ്റിയത്.
മികച്ച നടന്‍… നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അഭിനേതാവ്. എണ്ണമറ്റ ഫാന്‍സുള്ള താരം… ഇങ്ങനെ വിശേഷങ്ങള്‍ നിരവധിയാണ് നടിപ്പിന്‍ നായകന്‍ സൂര്യയ്ക്ക്. തമിഴിലെ ഈ ജനറേഷനിലെ ഏറ്റവും മികച്ച നടനെന്നാണ് സൂര്യയെ സിനിമാപ്രേമികള്‍ വിശേഷിപ്പിക്കാറുള്ളത്. താരത്തിന്റെ യഥാര്‍ത്ഥ പേര് ശരവണന്‍ ശിവകുമാര്‍ എന്നാണ്.
തമിഴ് സിനിമയെന്നാല്‍ പാട്ടും ബഹളവും മാത്രമല്ല മികവാര്‍ന്ന അഭിനയം കൂടിയാണെന്ന് പലപ്പോഴായി പ്രകടനങ്ങളിലൂടെ കാണിച്ച് തന്നിട്ടുള്ള നടനാണ് ധനുഷ്. തമിഴും ബോളിവുഡും കടന്ന് ഹോളിവുഡില്‍ വരെ വിജയക്കൊടി പാറിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് വെങ്കിടേഷ് പ്രഭു എന്നാണ്.
മൂന്നര പതിറ്റാണ്ടോളം തമിഴ് സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ച ഇടിമുഴക്കമാണ് വിജയകാന്ത്. തമിഴ് സിനിമയുടേയും ആസ്വാദകരുടേയും ക്യാപ്റ്റന്‍ എന്ന് അറിയപ്പെട്ടിരുന്ന വിജയകാന്തിന്റെ യഥാര്‍ത്ഥ പേര് നാരായണന്‍ വിജയരാജ് അളഗര്‍സ്വാമി എന്നാണ്.