‘മീഡിയ വണ്ണും സംഘപരിവാറും പറയുന്ന നുണകളാണ് ഇടതുപക്ഷത്തിന്റെ ശത്രു; എംഎല്‍എമാര്‍ക്ക് 25,000 രൂപ അലവന്‍സ് എന്നത് നുണ പ്രചാരണം; മീഡിയ വണ്‍ കര്‍ണാടക സിപിഎമ്മിനെക്കുറിച്ചു വ്യാജ വാര്‍ത്ത ചമച്ചെന്നും’ മന്ത്രി പി. രാജീവ്; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

തിരുവനന്തപുരം: സര്‍ക്കാരിനെിരേ ബിജെപിയും മീഡിയ വണ്‍ അടക്കമുള്ള ചാനലുകള്‍ നുണപ്രചാരണം നടത്തുന്നെന്നു ചൂണ്ടിക്കാട്ടി മന്ത്രി പി. രാജീവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ എതിരാളി നുണകളാണെന്നും എംഎല്‍എമാര്‍ക്ക് 25,000 രൂപ ഓഫീസിനായി അലവന് അനുവദിക്കുന്നു എന്നത് സംഘപരിവാറിന്റെ നുണ ഫാക്ടറിയില്‍ വിരിഞ്ഞതാണ്. മറ്റൊന്ന് കര്‍ണാടകയിലെ യലഹങ്കയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍ രാജിനെതിരെ കേരളത്തിലെ നേതാക്കള്‍ അവിടെപ്പോയി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കര്‍ണാടകയിലെ സിപിഐ എം അറിയിച്ചു എന്ന മീഡിയ വണ്‍ ചാനല്‍ വാര്ത്തയ്ക്കെതിരേയും രാജീവ് രംഗത്തുവന്നു. മുമ്പ് രാജീവിനു തമിഴ്നാട്ടില്‍ ഫാം ഉണ്ടെന്നതരത്തില്‍ വാര്‍ത്ത നല്‍കിയതിന് എതിരേയും രാജീവ് മീഡിയ വണ്ണിനെതിരേ രംഗത്തുവന്നിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ എതിരാളി നുണകളാണ്. ഒരു നുണ പലയാവര്‍ത്തി പല വേഷത്തില്‍ ഒരേസമയത്ത് പ്രചരിപ്പിക്കപ്പെടുന്നു. അതിലൊന്നാണ് എംഎല്‍എ ഓഫീസിനായി എംഎല്‍എമാര്‍ക്ക് 25000 രൂപ അലവന്‍സ് പ്രതിമാസം അനുവദിക്കുന്നുണ്ടെന്ന പ്രചരണം. സംഘപരിവാറിന്റെ നുണഫാക്ടറിയില്‍ നിന്ന് പ്രചരിപ്പിക്കുന്നതാണ് ഈ കള്ളം.
സത്യത്തില്‍ അങ്ങനൊരു അലവന്‍സ് എംഎല്‍എമാര്‍ക്കില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ശമ്പളവും അലവന്‍സും എംഎല്‍എമാര്‍ക്ക് നല്കുന്ന നാടുകളിലൊന്ന് കേരളമാണ്. മാസ അലവന്‍സും മണ്ഡലം അലവന്‍സും യാത്രാ അലവന്‍സും ടെലിഫോണ്‍ അലവന്‍സും ഇന്‍ഫര്‍മേഷന്‍ അലവന്‍സും മറ്റ് അലവന്‍സുകളും ചേര്‍ത്ത് 70,000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.
ഇതുവച്ചാണ് മണ്ഡലത്തിലെ എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കുന്നതും ചെറിയ സഹായങ്ങള്‍ ഉറപ്പ് വരുത്തുന്നതും ജീവിതച്ചിലവ് വഹിക്കുന്നതും ഓഫീസുള്‍പ്പെടെ നടത്തിക്കൊണ്ടുപോകുന്നതും. എന്നാല്‍, ബിജെപി ഫാക്ടറിയില്‍ നിന്ന് മുട്ടയിട്ട നുണകള്‍ പെറ്റുപെരുകിക്കൊണ്ടേയിരിക്കുകയാണ്. അവര്‍ക്ക് സത്യം പറഞ്ഞുള്ള ജീവിതം അസാധ്യമാണ്.
മറ്റൊന്ന് മീഡിയ വണ്ണിന്റെ വാര്‍ത്തയാണ്. കര്‍ണാടകയിലെ യലഹങ്കയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍ രാജിനെതിരെ കേരളത്തിലെ നേതാക്കള്‍ അവിടെപ്പോയി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കര്‍ണാടകയിലെ സിപിഐ എം അറിയിച്ചു എന്നാണ് മീഡിയ വണ്‍ വാര്‍ത്ത.
ബുള്‍ഡോസര്‍ രാജ് നടത്തി മുന്നോറോളം കുടുംബങ്ങളെ തെരുവിലിറക്കി വിട്ടവരെ സംരക്ഷിക്കാന്‍ ഇത്രയും ഹീനമായി രംഗത്തിറങ്ങാന്‍ എങ്ങനെ സാധിക്കുന്നു എന്നേ ചോദിക്കാനുള്ളൂ. ആ വാര്‍ത്ത നുണയാണെന്ന പ്രസ്താവന സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറി തന്നെ പുറത്തിറക്കിയ സ്ഥിതിക്ക് ഖേദപ്രകടനം നടത്തുക എന്ന മര്യാദയെങ്കിലും നുണ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കാണിക്കണം.






