ആര്‍. ശ്രീലേഖയ്ക്കു പിഴവു പറ്റി, പ്രശാന്ത് വഷളാക്കി; വി.വി. രാജേഷ് പക്വമായി പ്രതികരിച്ചു: ഈ ടെംപോ തുടരുക എന്നതാണു പ്രധാനം: ഫേസ്ബുക്ക് പോസ്റ്റുമായി പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: ആര്‍. ശ്രീലേഖ – വി.കെ. പ്രശാന്ത് വിഷയത്തില്‍ മേയര്‍ വിവി രാജേഷ് സ്വീകരിച്ച നയത്തെ പ്രശംസിച്ച് കേരള ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് വാസുദേവ്. അനന്തപുരിയുടെ പുതിയ മേയറുടെ ചില പത്രസമ്മേളനങ്ങള്‍ കണ്ടുവെന്നും, പക്വതയുള്ള പ്രതികരണങ്ങള്‍ നന്നാവുന്നുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ഈ ടെംപോ തുടരുക എന്നതാണ് പ്രധാനം. രാഷ്ട്രീയ എതിരാളികളെ വെറുപ്പിക്കാതെ മുന്നോട്ടുപോവുക എന്നത് ആരെ സംബന്ധിച്ചായാലും ശ്രമകരമാണ്. ഭരണസമിതിയിലെ മറ്റുള്ളവര്‍ ചെയ്യുന്ന പല പ്രവൃത്തികള്‍ക്കും പലപ്പോഴും സമാധാനം പറയേണ്ടി വരുന്നതും ന്യായീകരിക്കേണ്ടി വരുന്നതും മേയര്‍ ആയിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തം പക്ഷത്തുള്ളവരെ സംരക്ഷിക്കുകയും വേണം, അതേസമയം എതിര്‍പക്ഷത്തുള്ളവരുടെ വെറുപ്പ് ഒന്നാകെ വിളിച്ചുവരുത്തുകയുമരുത്. അവിടെയാണ് രാഷ്ട്രീയ പക്വതയും,
അനുഭവസമ്പത്തും, പ്രത്യുത്പന്നമതിത്വവും ഒക്കെ വിഷയങ്ങള്‍ ആകുന്നത്. ആര്‍. ശ്രീലേഖ – വി.കെ. പ്രശാന്ത് വിഷയത്തില്‍ ഈ നയമാണ് ഇന്ന് മേയര്‍ സ്വീകരിച്ചു കണ്ടത്. ഇവിടെ ശ്രീലേഖ മാഡത്തിന്റെ രാഷ്ട്രീയ പരിചയക്കുറവ് പ്രതിഫലിക്കുന്നുണ്ട്. ഇതാണ് രാഷ്ട്രീയം എന്ന് മാഡം പഠിച്ചു തുടങ്ങുന്നതേയുള്ളൂ.
ഇന്നലെവരെ ഉണ്ടായിരുന്ന അനുജന്‍ – ചേച്ചി ബന്ധങ്ങളൊക്കെ രാഷ്ട്രീയ എതിര്‍പക്ഷത്തേക്ക് പോകുമ്പോള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുന്ന ഒന്നാണ് എന്ന് ഇതോടെ അവര്‍ക്ക് മനസ്സിലായിക്കാണണം. അതാണ് രാഷ്ട്രീയം. ആ രാഷ്ട്രീയം വി കെ പ്രശാന്തിന് നന്നായി അറിയാം. ഇവിടെ ശ്രീലേഖ മാഡത്തിന് രാഷ്ട്രീയമായ പിഴവ് സംഭവിച്ചു എന്നു തന്നെ പറയേണ്ടിവരും.
കാര്യം ഗൗരവമുള്ളതാക്കാന്‍ സൈബര്‍ സമൂഹവും മാധ്യമ സമൂഹവും ചുറ്റിലുമുണ്ട്. നിലവില്‍ കോര്‍പ്പറേഷന്റെ കെട്ടിടത്തിലെ എംഎല്‍എയുടെ മുറിയുടെ റിസപ്ഷനിലൂടെ കടന്നുവേണം കൗണ്‍സിലറുടെ ചെറിയ മുറിയിലേക്ക് പോകാന്‍.
അവിടെ ബാത്‌റൂം സൗകര്യം നിലവില്‍ പരിമിതപ്പെട്ടിരിക്കുന്നു. ഫയലുകളും മറ്റും കൂടിക്കിടക്കുകയാണ് അവിടെ. ശ്രീലേഖ മാഡം മുന്‍ കൗണ്‍സിലറുമായി സംസാരിച്ച ശേഷം ചേച്ചി – അനുജന്‍ ബന്ധത്തിന്റെ പുറത്ത് എംഎല്‍എയെ വിളിക്കുന്നു. കൗണ്‍സിലറുടെ ടോണ്‍ മോശമായിരുന്നു എന്ന് എംഎല്‍എ.
താന്‍ അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും എംഎല്‍എയുടെ പ്രതികരണമായിരുന്നു മോശമെന്നും കൗണ്‍സിലര്‍. കോള്‍ റെക്കോര്‍ഡ് ഉണ്ടെന്ന് എംഎല്‍എ.തനിക്ക് കോള്‍ റെക്കോഡ് ചെയ്യുന്ന രീതിയില്ലെന്നും എം.എല്‍.യുടെ ഫോണിലേത് പരിശോധിക്കൂ എന്നും കൗണ്‍സിലര്‍.
ഇതിനിടെ കൗണ്‍സിലര്‍ എംഎല്‍എയെ നേരില്‍ കാണുന്നു. എന്തുകൊണ്ടാണ് താനീ ആവശ്യം ഉന്നയിക്കുന്നതെന്ന് വീണ്ടും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു.ഒടുവില്‍ തങ്ങള്‍ ഒന്നാണ് എന്ന് എംഎല്‍എയെ ചേര്‍ന്നു നിന്ന് കൗണ്‍സിലര്‍ മാധ്യമങ്ങളെ അറിയിക്കുന്നു.
എന്നാല്‍ എംഎല്‍എ രാഷ്ട്രീയപരമായി തന്നെ അതിനെ നേരിടുന്നു. കൗണ്‍സിലര്‍ എന്നാല്‍ എംഎല്‍എക്ക് മുകളിലല്ലെന്നും താന്‍ മുന്‍ മേയര്‍ ആയിരുന്ന ആളാണെന്നും കോര്‍പ്പറേഷനുമായി വാടക കരാര്‍ ഉണ്ടെന്നും മൂന്നുമാസം വരെ എന്തായാലും മാറില്ലെന്നും അതുകഴിഞ്ഞാല്‍ ആലോചിച്ചു നിയമവഴി സ്വീകരിക്കുമെന്നും കൗണ്‍സിലര്‍ക്ക് മേയര്‍ ആകാത്തതിന്റെ പ്രശ്‌നമാണെന്നും ഒക്കെ അദ്ദേഹം രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നു.
അത്രയും രൂക്ഷമായി അദ്ദേഹം പോകേണ്ടിയിരുന്നില്ല. കൗണ്‍സിലര്‍ തന്നെ നേരിട്ട് വന്നു കണ്ട സ്ഥിതിക്ക് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കും എന്നു പറഞ്ഞിരുന്നെങ്കില്‍അത് കൂടുതല്‍ സ്വീകാര്യമായേനെ. പ്രാഥമികമായ തെറ്റ് സംഭവിച്ചത് കൗണ്‍സിലര്‍ക്ക് തന്നെയാണ്.
അവര്‍ ബന്ധങ്ങളെ ആശ്രയിക്കാതെ, വിവരം മേയറോട് പറഞ്ഞ് , മേയര്‍ സെക്രട്ടറിയുമായും ഭരണസമിതിയുമായും ഒക്കെ ആലോചിച്ച ശേഷം തീരുമാനമെടുക്കേണ്ട ഒരു വിഷയമായിരുന്നു ഇത്.
മൂന്നു മാസം മാത്രം അവശേഷിക്കെ ഒഴിഞ്ഞുകൂടെ എന്ന് ചോദിച്ചതു പോലും ശരിയല്ല. അതുവരെ ക്ഷമിക്കാമായിരുന്നു. അതാണ് രാഷ്ട്രീയപരിചയം ഇല്ലായ്മയുടെ പ്രശ്‌നം. ആന്റിബയോട്ടിക്‌സ് കഴിക്കാനുള്ളതുകൊണ്ടുംഒരു പാലുകാച്ചില്‍ പങ്കെടുക്കേണ്ടതു കൊണ്ടുമാണ് പെട്ടെന്ന് തിരിച്ചുവരണമെന്ന ഉദ്ദേശത്തില്‍ താന്‍ സത്യപ്രതിജ്ഞ പൂര്‍ത്തിയാകും മുമ്പ് പോയത് എന്നും അതും മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നു എന്നും കൗണ്‍സിലര്‍ പറയുകയുണ്ടായി.
അതും രാഷ്ട്രീയ പക്വതയില്ലായ്മയുടെ പ്രശ്‌നമാണ്. പാലുകാച്ചിനേക്കാള്‍ പ്രധാനമാണ് സത്യപ്രതിജ്ഞാ ചടങ്ങ് എന്നും ആന്റിബയോട്ടിക്‌സ് ആരോടെങ്കിലും പറഞ്ഞ് കോര്‍പ്പറേഷന്‍ കെട്ടിടത്തിലേക്ക് വരുത്തേണ്ടിയിരുന്നുവെന്നും ഒന്നും ചിന്തിക്കാനുള്ള രാഷ്ട്രീയ പരിചയം
കൗണ്‍സിലര്‍ക്ക് ഇല്ലാതെ പോയി. ഇരു കൂട്ടരും ഓഫീസ് എടുത്തിരിക്കുന്നത് പൊതു ജനത്തിന് വേണ്ടിയാണ്. പക്ഷേ ഇവിടെ കൗണ്‍സിലറുടെ ഒരു വാദം ശരിയാണ്.
എം.എല്‍.എയ്ക്ക് മണ്ഡലത്തില്‍ എവിടെയും ഓഫീസ് കിട്ടും. മൂന്നു മാസം കഴിഞ്ഞാല്‍ നിയമപരമായി നീങ്ങും എന്നൊക്കെ എം .എല്‍.എയ്ക്ക് വെറുതേ പറയാം എന്നല്ലാതെ ഏത് കോടതിയും അംഗീകരിക്കുക ഇക്കാര്യത്തില്‍ കൗണ്‍സില്‍ തീരുമാനം മാത്രമായിരിക്കും.
മൂന്നുമാസം കഴിഞ്ഞ് എന്ത് സംഭവിക്കുക എന്നതും ഇപ്പോഴേ പറയാന്‍ കഴിയുന്നതല്ലല്ലോ! എന്തായാലും പ്രശ്‌നം രമ്യമായി പരിഹരിക്കുക എന്ന ചുമതല ഒടുവില്‍ മേയറുടെ ചുമലിലായി എന്ന് പറയാം. അതങ്ങനെയേ വരികയുമുള്ളൂ. എല്ലാം രമ്യമായി പരിഹരിക്കപ്പെടട്ടെ’. അദ്ദേഹം വ്യക്തമാക്കുന്നു.






