Breaking NewsLead NewsLIFELife StyleMovieNewsthen Special

‘മോഹന്‍ലാലിനെ പോലൊരാളെ വച്ച് സന്ദേശം പോലൊരു സിനിമ, ഇനിയതു നടക്കില്ല’; ദൂരെയാണെങ്കിലും ശ്രീനി ഒരു ധൈര്യമായിരുന്നു; ആ ധൈര്യം നഷ്ടമായി: സത്യന്‍ അന്തിക്കാട്‌

കൊച്ചി: സന്ദേശം പോലെ രാഷ്ട്രീയ ആക്ഷേപഹാസ്യം ചര്‍ച്ചയാക്കുന്നൊരു സിനിമ ശ്രീനിവാസനുമൊത്ത് പ്ലാന്‍ ചെയ്തിരുന്നതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനെ പോലൊരാളെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാനായിരുന്ന പദ്ധതി. ശ്രീനിവാസന്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു ചിത്രം ചെയ്യാന്‍ ധൈര്യമുണ്ടാകുമായിരുന്നു. ഇനി അത് നടക്കില്ലെന്നും സത്യന്‍ പറഞ്ഞു.

”സന്ദേശം പോലൊരു സിനിമ വേറെ ചെയ്യണമെന്ന് പല സ്ഥലത്ത് നിന്നും പറയുന്നു. അതിനെ പറ്റി ചിന്തിച്ചിരുന്നു. സന്ദേശം ഇറങ്ങിയ കാലത്തെ സാമൂഹിക അന്തരീക്ഷമല്ല ഇന്ന്. അന്ന് സഹിഷ്ണുത ഉണ്ടായിരുന്നു. നിരുപദ്രവമായ രീതിയിൽ നിഷ്കളങ്കനായ വ്യക്തി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ കാണുന്ന കാഴ്ച സിനിമയാക്കാൻ ആലോചിച്ചിരുന്നു. മോഹൻലാലിനെ പോലൊരാള്‍ ചെയ്യുന്ന കഥാപാത്രം. രണ്ടും മൂന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നതില്‍ ആരു പറയുന്നതാണ് ശരിയെന്ന് തിരിച്ചറിയാൻ സാധിക്കാത്ത സാധാരണക്കാരന്‍റെ കഥയാണ് പ്ലാന്‍ ചെയ്തത്”, എന്നാണ് സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍.

Signature-ad

”ശ്രീനിയിൽ നിന്നും പഠിച്ച പാഠങ്ങളാണ് സ്വയം തിരക്കഥ എഴുതുമ്പോഴും മറ്റുള്ളവരുടെ തിരക്കഥ സംവിധാനം ചെയ്യുമ്പോഴും സിനിമയുടെ നേട്ടത്തിനും നന്മയ്ക്കും ഉപയോഗിച്ചത്. ശ്രീനി എഴുതാത്ത കഥയും അവസാന ചെയ്ത ഹൃദയപൂര്‍വ്വവും വരെ ശ്രീനിയോട് സംസാരിച്ച് അഭിപ്രായം കൂടി ചോദിച്ച് ചെയ്താണ്”.

”ശ്രീനിവാസൻ നടനായത് കൊണ്ട് എഴുത്തുകാരനെ വേണ്ട വിധത്തിൽ ആഘോഷിട്ടില്ല. മികച്ച തിരക്കഥാകൃത്തുകളെ പറ്റി പറയുമ്പോള്‍ ആ കൂട്ടത്തില്‍ ശ്രീനിയുടെ പേര് ഉള്‍പ്പെടുത്തുന്നു എന്നു മാത്രം. ശ്രീനി എഴുത്തുകാരന്‍ മാത്രമായിരുന്നുവെങ്കില്‍ സ്ക്രിപ്റ്റുകള്‍ ഇതിനേക്കാള്‍ കൂടുതല്‍ ചർച്ച ചെയ്യപ്പെടുമായിരുന്നു. മലയാള സിനിമയെ നന്മയുടെ ഭാഗത്തേക്ക് വഴിതിരിച്ചു വിട്ട എഴുത്തുകാരനാണ് ശ്രീനി. ഇനിയാകും ശ്രീനിയെ തിരിച്ചറിയുക” സത്യന്‍ അന്തിക്കാട് പറഞ്ഞു.

”രണ്ടാഴ്ച കൂടുമ്പോൾ ശ്രീനിയെ കാണാന്‍ വരും. ഞാന്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ 9.30 തൊട്ട് കുളിച്ച് കാത്തിരിക്കും. 11.30 ആകും ഞാന്‍ എത്താന്‍. വന്ന ഉടനെ വൈകിയതിന് ചീത്ത പറയും. പക്ഷെ അതിന് ശേഷം ചിരിച്ചു സംസാരിക്കും. ദൂരെ ആണെങ്കിലും ശ്രീനി ഉണ്ടെന്ന വിശ്വാസം ധൈര്യമായിരുന്നു. ആ ധൈര്യം നഷ്ടമായി”, എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

Back to top button
error: