അല്ല കേരള കോണ്‍ഗ്രസ് മറുകണ്ടം ചാടുമോ ; കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ച മുറുകുന്നു; എല്‍ഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ബാക്കി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മറുകണ്ടം ചാടുമോ എന്ന ചര്‍ച്ചയാണെങ്ങും. കേരള രാഷ്ട്രീയത്തിലെ ചൂടേറിയ ചര്‍ച്ചയായി കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് മാറിക്കഴിഞ്ഞു.
ഇന്നലത്തെ എല്‍ഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധികള്‍ പങ്കെടുത്തില്ല. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം ചര്‍ച്ചയായിരിക്കുന്നഘട്ടത്തില്‍, മുന്നണി യോഗത്തിലെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി. പെട്ടെന്ന് അറിയിച്ച യോഗം ആയതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത് എന്നാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.
എന്നാല്‍ ഇതങ്ങോട്ട് പൂര്‍ണമായി വിശ്വസിക്കാന്‍ രാഷ്ട്രീയനിരീക്ഷകര്‍ തയ്യാറായിട്ടില്ല. മുന്നണിക്കുള്ളിലും കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യമില്ലായ്മ ചര്‍ച്ചയായി. പറഞ്ഞു കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍ പോലെ കേരള കോണ്‍ഗ്രസ് മുന്നണി വിടുമോ എന്ന ചോദ്യമാണ് മുന്നണിക്കുള്ളിലുള്ളവരും ഉയര്‍ത്തുന്നത്.

കേന്ദ്രത്തിന് ഏതിരായ സമരം തീരുമാനിക്കാനാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. വലുതും ചെറുതുമായ ഏതാണ്ട് എല്ലാ ഘടകകക്ഷികളും യോഗത്തിന്
എത്തിയപ്പോള്‍ ഒരു പാര്‍ട്ടിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ഇടതു മുന്നണിയിലെ മൂന്നാമത്തെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അസാന്നിധ്യം യോഗത്തിലെ പ്രധാന ചര്‍ച്ചയായി. സാധാരണഗതിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയോ ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജോ ആണ് മുന്നണിയോഗത്തിന് എത്താറുള്ളത്. രണ്ടുപേരും എത്തിയില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സജീവ ചര്‍ച്ചാവിഷയം
ആയിരിക്കെ സംഭവിച്ച മുന്നണി യോഗത്തിലെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി.
പെട്ടെന്ന് അറിയിച്ചത് കൊണ്ടാണ് പാര്‍ട്ടി പ്രതിനിധി മുന്നണി യോഗത്തിന് എത്താതിരുന്നതെന്നാണ് കേരള കോണ്‍ഗ്രസ് എം നേതൃത്വത്തിന്റെ വിശദീകരണം ജോസ് കെ മാണിക്ക് പാലായില്‍ മറ്റ് പരിപാടികള്‍ ഉണ്ടായിരുന്നുവെന്നും സ്റ്റീഫന്‍ ജോര്‍ജിന് സുഖം ഇല്ലായിരുന്നു.പാര്‍ട്ടി മന്ത്രി റോഷി അഗസ്റ്റിന്‍ ലണ്ടനിലും ആണെന്നാണ് വിശദീകരണം.
ഇന്നലെ യോഗമുണ്ടെന്ന കാര്യം തലേദിവസം വൈകീട്ട് തന്നെ അറിയിച്ചിരുന്നതാണ്. എന്നിട്ടും ആരും പങ്കെടുക്കാതിരുന്നതില്‍ എന്തോ അസ്വഭാവികതയില്ലേ എന്നാണ് മുന്നണിയിലെ തന്നെ പലരും ചോദിക്കുന്നത്.
തലേദിവസം വൈകുന്നേരം വിളിച്ചറിയിച്ച യോഗത്തിലേക്ക് വേണമെങ്കില്‍ ഏതെങ്കിലും നേതാവിനെ അയക്കാനാവുമായിരുന്നുവെന്നും എന്നാല്‍ കേരള കോണ്‍ഗ്രസ് അതിന് ഉത്സാഹം കാട്ടിയില്ല എന്നതാണ് മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മുന്നണിയില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടാകുമോ എന്ന ചോദ്യമാണ് ഈ ഒരു വിട്ടുനില്‍ക്കലിലൂടെ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന് മുന്നിലുയര്‍ത്തിയിരിക്കുന്ന ചോദ്യം. വിലപേശലുകളുടെ തന്ത്രമല്ലേ ഇതെന്ന് സംശയിക്കുന്നവരും കുറവല്ല.






