തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ച മന്ത്രി എംബി രാജേഷ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാത്രിയിലെ റെയ്ഡ് മന്ത്രിയും അളിയും ചേര്‍ന്നുളള ഗൂഢാലോചനയാണെന്നും സിപിഎം പണപ്പെട്ടി തിരയേണ്ടത് കോണ്‍ഗ്രസുകാരുടെ മുറിയില്‍ അല്ലെന്നും സതീശന്‍ പറഞ്ഞു. അഴിമതിയുടെ പണപ്പെട്ടി ഉളളത് മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിലാണെന്നും വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇതുവരെ ഉണ്ടാകാത്ത ഒരു രാഷ്ട്രീയ ഗൂഢാലോചയാണ് ഇന്നലെത്തെ പാലക്കാട്ടെ പാതിരാ നാടകത്തില്‍ ഉണ്ടായതെന്ന സതീശന്‍ പറഞ്ഞു. സിപിഎം – ബിജെപി നേതൃത്വത്തിന്റെ അറിവോടെയും പിന്തുണയോടെയുമായിരുന്നു ഈ നാടകം. കൊടകര കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടപ്പെട്ട ബിജെപിയും അവര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്ത സിപിഎം നേതൃത്വത്തിന്റെയും ജാള്യത മറയക്കാന്‍ വേണ്ടിയാണ് ഈ റെയ്ഡ് തയ്യാറാക്കിയത്. ഇത് അരങ്ങിലെത്തും മുന്‍പേ ദയനീയമായി പരാജയപ്പെട്ടെന്ന് സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ പിന്തുണയോടെ, പാലക്കാട് നിന്നുള്ള മന്ത്രി എംബി രാജേഷും, അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനുമായ സിപിഎം നേതാവും ബിജെപി നേതാക്കന്‍മാരുടെ അറിവോടെയും നടത്തിയതാണ് ഇതിന്റെ തിരക്കഥ. ഈ റെയ്ഡിന് പിന്നില്‍ വാളയാറിലെ പെണ്‍കുട്ടികളെ കൊന്നു കെട്ടിത്തൂക്കിയ കേസില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരുമുണ്ടെന്ന് സതീശന്‍ പറഞ്ഞു. റെയ്ഡ് സംബന്ധിച്ച് പൊലീസ് നല്‍കുന്ന വിശദീകരണത്തില്‍ തന്നെ വൈരുദ്ധ്യമുണ്ട്. എസിപി പറഞ്ഞത് സ്ഥിരം പരിശോധനയെന്നാണെങ്കില്‍ മറ്റൊരു പൊലീസ് സംഘം പറഞ്ഞത് പന്ത്രണ്ട് മുറികള്‍ ലിസ്റ്റ് ചെയ്താണ് വന്നതെന്നാണ്. ആദ്യം പോയത് ഷാനിമോളുടെ മുറിയില്‍, പിന്നെ പോയത് മൂന്നാമത്തെ നിലയിലുള്ള ബിന്ദു കൃഷ്ണയുടെ മുറിയിലേക്കാണ്. കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമാക്കി വനിതാ നേതാക്കളെ അപമാനിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തത്.
തൊട്ടുമുന്‍പുള്ള ബിജെപി വനിതാ നേതാക്കളുടെ മുറിയില്‍ മുട്ടിയപ്പോള്‍ വനിതാ പൊലീസ് ഇല്ലാതെ റൂമില്‍ കയറാന്‍ പറ്റില്ലെന്ന് പറഞ്ഞു. അവിടെ കയറിയില്ല. പിന്നീട് വനിതാ പൊലീസ് വന്നിട്ടും അവിടെ കയറിയില്ല. ബിന്ദുകൃഷ്ണയുടെ മുറിയിലെത്തിയ പുരുഷ പൊലീസ് പെട്ടിയിലുണ്ടായിരുന്ന അവരുടെ മുഴുവന്‍ വസ്ത്രങ്ങളും പരിശോധിച്ചു. ഈ സര്‍ക്കാര്‍ കേരളാ പൊലീസിനെ അടിമക്കൂട്ടമാക്കിയെന്നും സതീശന്‍ പറഞ്ഞു. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ ചെവിയില്‍ നുള്ളിക്കോ?, ഈ ഭരണത്തിന്റെ അവസാനമായെന്ന് മനസിലാക്കിക്കോ?. കോണ്‍ഗ്രസ് വനിത നേതാക്കളെ അപമാനിച്ച സംഭവം ഒരുകാരണവശാലും ക്ഷമിക്കില്ല സതീശന്‍ പറഞ്ഞു.
റെയ്ഡ് നടത്താന്‍ പോകുന്ന വിവരം നേരത്തെ കൈരളി ചാനല്‍ എങ്ങനെയാണ് അറിഞ്ഞത്. റെയ്ഡിന് മുന്‍പേ ഡിവൈഎഫ്ഐ – ബിജെപി ആള്‍ക്കൂട്ടം എങ്ങനെയെത്തിയെന്നും സതീശന്‍ ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ മുറിയില്‍ നിന്നും പണപ്പെട്ടി കൊണ്ടുപോകുന്ന വിഷ്വല്‍ കിട്ടുമെന്നാണ് ചാനല്‍ സംഘം പ്രതീക്ഷിച്ചത്. പണപ്പെട്ടിഅന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ മുറിയില്‍ അല്ല. പിണറായി വിജയന്‍ താമസിക്കുന്ന ക്ലിഫ്ഹൗസിലാണ് അഴിമതിയുടെ പണപ്പെട്ടി ഉള്ളതെന്നും സതീശന്‍ പറഞ്ഞു.