ബംഗളൂരു: കര്‍ണാടകയില്‍ തഹസില്‍ദാറുടെ ചേംബറില്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍. ബെലഗാവി ജില്ലാ ആസ്ഥാനത്തെ തഹസീല്‍ദാര്‍ ഓഫീസിലാണ് സെക്കന്‍ഡ് ഡിവിഷന്‍ അസിസ്റ്റന്‍ഡായ രുദ്രണ്ണ(35)യെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെയാണ് തഹസില്‍ദാറുടെ ചേംബറിനകത്ത് ഒരാള്‍ തൂങ്ങിമരിച്ചെന്നുള്ള വിവരം ലഭിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി. നീളമുള്ള തുണികൊണ്ടാണ് തൂങ്ങിയിരുന്നതെന്നും ഇങ്ങനെയൊരു പ്രവൃത്തിയിലേക്ക് രുദ്രണ്ണയെ നയിക്കാനിടയാക്കിയതെന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
മരിച്ചയാളുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും മറ്റ് അന്വേഷണോദ്യോഗസ്ഥരും ചേര്‍ന്ന് വിശദമായ പരിശോധന നടത്തും. വിശദമായ അന്വേഷണം തന്നെ നടത്തുമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.