LIFELife Style

”അച്ഛാ എന്ന് അവസാനം വിളിച്ചതെപ്പോഴെന്ന് ഓര്‍മയില്ല; ആ അകല്‍ച്ചയുണ്ട്, ചേട്ടനോടും അദ്ദേഹം അങ്ങനെയാണ്”

സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ് ധ്യാന്‍ ശ്രീനിവാസന്‍. അടുത്ത കാലത്തായി ഒന്നിന് പിറകെ ഒന്നായി ധ്യാനിന്റെ സിനിമകള്‍ റിലീസ് ചെയ്യുകയാണ്. നടന്റെ കരിയര്‍ ഗ്രാഫ് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. പുറത്തിറങ്ങുന്ന പല സിനിമകളും പരാജയപ്പെട്ടെങ്കിലും ധ്യാനിന്റെ ജനപ്രീതി നിലനില്‍ക്കുന്നു. നടന്‍ ശ്രീനിവാസന്റെ ഇളയ മകനായ ധ്യാന്‍ പിതാവിനെ പോലെ തന്നെ രസകരമായാണ് എപ്പോഴും സംസാരിക്കാറ്. തനിക്ക് വരുന്ന ഭൂരിഭാഗം സിനിമകളും ചെയ്യാന്‍ ധ്യാന്‍ തയ്യാറാകാറുണ്ട്. തെരഞ്ഞെടുക്കുന്ന സിനിമകളിലെ പിഴവാണ് ധ്യാനിന്റെ കരിയറിനെ ബാധിക്കുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം.

ഇപ്പോഴിതാ സിനിമാ കരിയറിനെക്കുറിച്ചും പിതാവ് ശ്രീനിവാസനെക്കുറിച്ചും സംസാരിക്കുകയാണ് ധ്യാന്‍. കൈരളി ടിവിയുമായുള്ള അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്നത്. സിനിമാ കരിയറിനെ താന്‍ പ്രൊഫഷണലായാണ് കാണുന്നതെങ്കിലും പാഷന്‍ കൊണ്ട് ഈ രംഗത്തേക്ക് വന്ന ആളല്ല താനെന്ന് ധ്യാന്‍ പറയുന്നു.

Signature-ad

പാഷന്‍ കൊണ്ട് സിനിമയില്‍ വന്ന ആളല്ല. ഒരു അവസരം കിട്ടി, അതില്‍ നിന്ന് വരുമാനം കിട്ടി. പാഷനേറ്റ് ആള്‍ക്കാരെ കൂടെ നിര്‍ത്തുകയാണ് താന്‍ ചെയ്യാറെന്നും ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. പ്രിവിലേജുകളൊന്നുമില്ല. ഇവരൊക്കെ എന്നെ സിനിമയിലേക്ക് വിളിക്കുന്നതിന് കാരണം പ്രൊഫഷണലിസം കൊണ്ടാണ്. പ്രൊഫഷണലാണെങ്കില്‍ പാഷനില്ലെങ്കില്‍ പോലും കുഴപ്പമില്ല. ജോലി ജോലിയായിട്ട് കാണണം. സമയത്ത് പോകുക. കൃത്യമായി ജോലി തീര്‍ത്ത് പോകുക എന്നതെല്ലാം വളരെ പ്രധാനമാണ്.

ഇത്രയും ആള്‍ക്കാരുമായുള്ള റിലേഷന്‍ഷിപ്പാണ്. മലയാളത്തിലെ ഒരു വിധം എല്ലാ പ്രൊഡക്ഷന്‍ മാനേജര്‍ക്കൊപ്പവും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ പ്രൊഡക്ഷന്‍ ഹൗസിനോടൊപ്പം രണ്ടും മൂന്നും സിനിമകള്‍ ചെയ്തിട്ടുണ്ട്. സ്വാഭാവികമായും അടുത്ത പടങ്ങള്‍ വരുമ്പോള്‍ എന്നെ പരിഗണിക്കും. സിനിമയുടെ വിജയ പരാജയമൊന്നും എന്നെ ബാധിച്ചിട്ടില്ല.

ബാധിച്ചിട്ടുണ്ടെങ്കില്‍ താന്‍ ഇന്‍ഡസ്ട്രിയിലേ ഉണ്ടാകില്ലായിരുന്നെന്നും ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. ഇന്നേ വരെ ആരോടും സിനിമ ചോദിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. ആള്‍ക്കാര്‍ വിളിക്കുന്നു. പോയി ചെയ്യുന്നു. വിളിച്ചില്ലെങ്കിലും ഇനി ജീവിക്കാനുള്ള സാമ്പത്തികം മുന്നോട്ടുണ്ടെന്നും ധ്യാന്‍ ശ്രീനിവാസന്‍ ചിരിയോടെ പറഞ്ഞു.

പിതാവ് ശ്രീനിവാസനെക്കുറിച്ചും ധ്യാന്‍ സംസാരിച്ചു. ഫിലിം മേക്കര്‍, നടന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ നമ്മള്‍ ഇത്രയും ബഹുമാനിക്കുന്ന വേറൊരാളില്ല. അച്ഛനും കൂടിയാകുമ്പോള്‍ ബഹുമാനം കൂടും. എപ്പോഴും അങ്ങനെയാണ് പുള്ളിയെ കാണുന്നത്. അതിന്റെ അകല്‍ച്ചയുണ്ട്. ഇത്രയും വലിയ ആളെ അച്ഛാ എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ. പറ്റും, പക്ഷെ ഞങ്ങള്‍ വിളിക്കാറില്ല. ഞങ്ങള്‍ തമ്മില്‍ അങ്ങനെ അച്ഛാ മോനെ വിളിയൊന്നും ഇല്ല. അച്ഛാ എന്ന് അവസാനം വിളിച്ചതെപ്പോഴെന്ന് എനിക്കോര്‍മ്മയില്ല.

നേരെ വന്ന് നില്‍ക്കുകയാണെങ്കില്‍ പോലും സുഖമാണോ കഴിച്ചോ എന്നൊന്നും ജീവിതത്തില്‍ ഞാന്‍ ചോദിച്ചിട്ടില്ല. കെട്ടിപ്പിടിച്ചിട്ടില്ല. അങ്ങനെയൊരു ഫോര്‍മല്‍ ബന്ധമല്ല. ചേട്ടനോടും അങ്ങനെ തന്നെയാണ്. ബുദ്ധിജീവികള്‍ ചിലപ്പോള്‍ അങ്ങനെയായിരിക്കുമെന്നും ധ്യാന്‍ പറഞ്ഞു. ഇന്റിമസി കുറവാണ്. പുള്ളിക്ക് പുള്ളിയുടെ അച്ഛനില്‍ നിന്ന് കിട്ടിയിട്ടില്ല. കിട്ടത്തത് കൊണ്ട് തന്നില്ല എന്നല്ല. സൗഹൃദപരമായാണ് അച്ഛന്‍ സംസാരിക്കാറെന്നും ധ്യാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: