14-13ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസിയെ കടത്തി വെട്ടി; ഇനി മെസിയുടെ കളി കാണാം; ആരാധകരും ആവേശത്തില്‍; ഒന്നു പിന്നിലായതില്‍ മെസി ഫാന്‍സിന് നിരാശ

സൗദി: ആരാധാകരെ ശാന്തരാകുവിന്‍ നിങ്ങളുടെ താരങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മെസിയുടേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടേയും ആരാധകരോടുള്ള അഭ്യര്ഥനയാണ്. കട്ടയ്ക്ക് കട്ട നിന്നിരുന്ന ലെവലില്‍ നിന്ന് ഒരടി മുന്നോട്ടുപോയതോടെ റൊണാള്‍ഡോ മെസിയെ കടത്തി വെട്ടി. സിആര്‍7 നേടിയ നേട്ടം മെസി ആരാധകര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിട്ടില്ല.
സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സിക്കുവേണ്ടി ഇരട്ട ഗോള്‍ നേടിയതോടെ 2025 കലണ്ടര്‍ വര്‍ഷത്തില്‍ റൊണാള്‍ഡോ 40 ഗോള്‍ തികച്ചു. ക്ലബ്ബിനായി 32ഉം പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി എട്ടും ഉള്‍പ്പെടെയാണിത്.
ഇതോടെ കരിയറില്‍ റൊണാള്‍ഡോ 40+ ഗോള്‍ നേടുന്ന കലണ്ടര്‍ വര്‍ഷങ്ങളുടെ എണ്ണം 14 ആയി. 13 തവണ ഈനേട്ടം സ്വന്തമാക്കിയ മെസിക്കൊപ്പം റിക്കാര്‍ഡ് പങ്കിടുകയായിരുന്നു സിആര്‍7. 2025 കലണ്ടര്‍ വര്‍ഷത്തില്‍ മെസിക്ക് 46 ഗോളുണ്ട്.

ഈ നൂറ്റാണ്ടില്‍ 14 കലണ്ടര്‍ വര്‍ഷങ്ങളില്‍ 40+ ഗോള്‍ നേടുന്ന ആദ്യതാരമെന്ന റിക്കാര്‍ഡാണ് 40കാരനായ റൊണാള്‍ഡോ കുറിച്ചത്. അല്‍ അഖ്ദൂദിന് എതിരായ മത്സരത്തിന്റെ 31, 45+3 മിനിറ്റുകളില്‍ ആയിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ജാവോ ഫീലിക്സിന്റെ സ്റ്റോപ്പേജ് ടൈം (90+4) ഗോള്‍കൂടി എത്തിയതോടെ അല്‍ നസര്‍ എഫ്സി 3-0ന്റെ ജയമാഘോഷിച്ചു.
കരിയറില്‍ 1000 ഗോള്‍ എന്ന നാഴികക്കല്ലിലേക്ക് ഒരു ചുവടുകൂടിയും ഇതോടെ റൊണാള്‍ഡോ അടുത്തു. അല്‍ അഖ്ദൂദിന് എതിരായ ഇരട്ടഗോളോടെ കരിയറില്‍ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 956ല്‍ എത്തി. 44 തവണകൂടി ലക്ഷ്യം കണ്ടാല്‍ പ്രഫഷണല്‍ കരിയറില്‍ 1000 ഗോള്‍ തികയ്ക്കുന്ന ആദ്യതാരമെന്ന ചരിത്രം സിആര്‍7നു സ്വന്തം.
1300 കരിയര്‍ മത്സരങ്ങളില്‍നിന്നാണ് രാജ്യത്തിനും ക്ലബ്ബുകള്‍ക്കുമായി റൊണാള്‍ഡോയുടെ 956 ഗോള്‍ സമ്പാദ്യം. 260 അസിസ്റ്റും സിആര്‍7ന് ഉണ്ട്. ചിരവൈരിയായ ലയണല്‍ മെസിയേക്കാള്‍ 60 ഗോളിനു മുന്നില്‍. 1137 കരിയര്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മെസിക്ക് 896 ഗോളാണുള്ളത്. 407 അസിസ്റ്റ് മെസി നടത്തിയിട്ടുണ്ട്.

പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ഇതിഹാസമായ ലയണല്‍ മെസിയും കളിക്കളത്തില്‍ കൂടുതല്‍ വീറോടെ എതിരാളികളെ നേരിട്ട് ഗോള്‍വല കുലുക്കാനുളള പോരാട്ടമായിരിക്കും ഇനിയങ്ങോട്ട് ആരാധകര്‍ കാണാന്‍ പോകുന്നത്. രണ്ട് ആടുകള്‍ കൊമ്പുകോര്‍ക്കും പോലെ
ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) എന്ന വിശേഷണം സ്വന്തമാക്കിയ ഇരുവരും ഗോളുകളുടെ എണ്ണം കൂട്ടാനുള്ള കൊമ്പുകോര്ക്കലാകും ഇനി ഗ്രൗണ്ടില്‍.
സിആര്‍7ന്റെ പുതിയ നേട്ടം അതിലേക്കാണ് വഴിതുറന്നിരിക്കുന്നത്.






