LocalNEWS

കുമ്പഴയില്‍ ഹോം ഗാര്‍ഡിന് നേരെ മദ്യപന്റെ അസഭ്യ വര്‍ഷം; പിന്നാലെ പൊതുനിരത്തില്‍ ഏറ്റുമുട്ടല്‍

പത്തനംതിട്ട: കുമ്പഴ ജങ്ഷനില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തു വന്ന ഹോംഗാര്‍ഡിന് നേരെ മദ്യപന്റെ അസഭ്യ വര്‍ഷം. തുടര്‍ന്ന് തിരക്കേറിയ പൊതുനിരത്തില്‍ ഇരുവരും തമ്മില്‍ത്തല്ലി. ഹോം ഗാര്‍ഡ് ഷിബു കുര്യനും പ്രദേശവാസിയായ ജിന്റോയുമാണ് തമ്മിലടിച്ചത്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മദ്യലഹരിയില്‍ എത്തിയ ജിന്റോ ഷിബുവുമായി വാക്കേറ്റം ഉണ്ടാവുകയും അങ്ങോട്ടുമിങ്ങോട്ടും അസഭ്യം വിളിക്കുകയുമായിരുന്നു. സഹികെട്ട ഹോംഗാര്‍ഡ് ജിന്റോയെ തല്ലി. പിന്നാലെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിന് ശേഷം ജിന്റോ രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Signature-ad

അതേസമയം, വാഹനത്തിരക്ക് ഏറെയുള്ള തിരുവല്ല-കുമ്പഴ റോഡിലെ വാരിക്കുഴികള്‍ അപകടക്കെണിയാകുന്നതായി പരാതി. തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫിസിനോടു ചേര്‍ന്ന് ആഴ്ചകള്‍ക്കു മുന്‍പ് രൂപപ്പെട്ട കുഴികള്‍ അപകടക്കെണിയായിട്ടും നന്നാക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണു യാത്രക്കാരുടെ പരാതി.

സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ തുടര്‍ച്ചയായി പോകുന്ന റോഡായിട്ടും അറ്റകുറ്റപ്പണികള്‍ നടത്താതിരിക്കുന്നതു യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അടുത്തടുത്തായി കുഴികളുടെ എണ്ണം കാരണം കോഴഞ്ചേരി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങള്‍ എതിര്‍ഭാഗത്തുകൂടിയാണു പോകുന്നത്.

ഇത് അപകടങ്ങള്‍ക്കു വഴിതെളിക്കാം. പുല്ലാട്, കുമ്പനാട് പടിഞ്ഞാറേക്കവല എന്നിവിടങ്ങളില്‍ ടാറിങ്ങിളകി രൂപപ്പെട്ട കുഴികള്‍ ദിവസങ്ങള്‍ക്കു മുന്‍പ് ടാറിങ് നടത്തിയെങ്കിലും തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫിസിനു മുന്നില്‍ മാത്രം ഇത്തരം പ്രവൃത്തികള്‍ ചെയ്തില്ല. മഴസമയത്ത് വെള്ളം കെട്ടിക്കിടക്കുന്നതും അപകടത്തിനു കാരണമാകും. കുഴികളില്‍പെട്ട് ഇരുചക്ര വാഹനങ്ങള്‍ മറിയുന്നതിനുള്ള സാധ്യതയേറെയാണ്.

Back to top button
error: