ബംഗളൂരു: ജെ.ഡി.എസ്. മുന്‍ എം.എല്‍.എ.യെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കാമെന്നു വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്തതിന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനുള്‍പ്പെടെ മൂന്നാളുകളുടെപേരില്‍ കേസ്. പ്രഹ്ലാദ് ജോഷിയുടെ സഹോദരന്‍ ഗോപാല്‍ ജോഷി, ഗോപാലിന്റെ മകന്‍ അജയ് ജോഷി, ബന്ധു വിജയലക്ഷ്മി എന്നിവരുടെ പേരിലാണ് ബസവേശ്വര നഗര്‍ പോലീസ് കേസെടുത്തത്.
നാഗഠാണ മുന്‍ എം.എല്‍.എ. ദേവാനന്ദ് ഫൂലെ സിങ് ചവാന്റെ ഭാര്യ സുനിതാ ചവാന്‍ നല്‍കിയ പരാതിയിലാണ് കേസ്. ദേവാനന്ദിനെ സ്ഥാനാര്‍ഥിയാക്കാമെന്നു പറഞ്ഞ് തന്റെ പക്കല്‍നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് സുനിതയുടെ പരാതി. ഗോപാലിന്റെ നിര്‍ദേശപ്രകാരം വിജയലക്ഷ്മിയുടെ വീട്ടിലാണ് പണം ഏല്‍പ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. വിജയപുര സീറ്റിനുവേണ്ടിയായിരുന്നു ഇത്.
സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗോപാലിനെ സമീപിച്ചപ്പോള്‍ 200 കോടി രൂപ ഒരു പദ്ധതിയില്‍നിന്ന് ലഭിക്കാനുണ്ടെന്നും അതുകിട്ടിയാല്‍ പണം തിരിച്ചുതരാമെന്നും അറിയിച്ചു. പുറമേ 1.75 കോടി രൂപ 20 ദിവസത്തേക്ക് വായ്പയായി വാങ്ങുകയും ചെയ്തു. പണം തിരിച്ചുകിട്ടാതായതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. പലതവണയായി രണ്ടുകോടി രൂപ സുനിതാ ചവാന്‍ നല്‍കിയതായാണ് മനസ്സിലാക്കുന്നതെന്നും ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായും ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദ് അറിയിച്ചു.
അതേസമയം, സംഭവവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഗോപാല്‍ ജോഷിയുമായി 30 വര്‍ഷമായി ബന്ധമില്ല. സാമ്പത്തിക ഇടപാട് നടത്താറില്ല -അദ്ദേഹം പറഞ്ഞു.