KeralaNEWS

കമിതാക്കളുടെ ‘കള്ളി’പൊളിച്ച് ആര്‍ടിഒ; നമ്പര്‍ ചുരണ്ടിയ സ്‌കൂട്ടര്‍ ക്യാമറയില്‍ കുടുങ്ങിയതു 35 തവണ, പിഴ 44,000 രൂപ

കൊച്ചി: കാക്കനാട്ട് നമ്പര്‍ തിരുത്തിയ സ്‌കൂട്ടറില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങിയ കമിതാക്കളുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ മോട്ടര്‍ വാഹന വകുപ്പിന്റെ ക്യാമറകളില്‍ പലയിടങ്ങളിലായി 35 തവണയാണ് ഇവര്‍ കുടുങ്ങിയത്. 44,000 രൂപ പിഴ അടയ്ക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ. മനോജ് ഉത്തരവിട്ടു.

സ്‌കൂട്ടറിന്റെ നാലക്ക നമ്പറില്‍ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞ നിലയിലായിരുന്നു. ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണു നോട്ടീസ് എത്തിക്കൊണ്ടിരുന്നത്. ചെയ്യാത്ത കുറ്റത്തിനു തുടര്‍ച്ചയായി നോട്ടീസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആര്‍ടി ഓഫിസിലെത്തിയപ്പോഴാണു നമ്പര്‍ തിരുത്തിയ സ്‌കൂട്ടറാണു വില്ലനെന്നു കണ്ടെത്തിയത്. നിയമം ലംഘിച്ച സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്ന് അക്ക നമ്പറിന്റെ അവസാനം പൂജ്യം മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ ചേര്‍ത്തു പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ സ്‌കൂട്ടര്‍ ഉടമയായ യുവതിയെ വിളിപ്പിക്കുകയായിരുന്നു.

Signature-ad

ഇവര്‍ കുറ്റം സമ്മതിച്ചു. പ്രണയിക്കുന്ന യുവാവുമായിട്ടായിരുന്നു കറക്കമെന്നു യുവതി പറഞ്ഞു. ഇരുവരും ഇന്നലെ ആര്‍ടി ഓഫീസില്‍ ഹാജരായി. ജനുവരി മുതല്‍ ഈ മാസം പകുതി വരെയുള്ള കാലയളവില്‍ ജില്ലയിലെ ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇവര്‍ എത്തിയിരുന്നു. ഹെല്‍മറ്റ് ഇല്ലാതെ അമിത വേഗത്തില്‍ പോകുന്നതു പിടികൂടാതിരിക്കാനാണു നമ്പര്‍ പ്ലേറ്റിലെ അവസാന അക്കം ചുരണ്ടിക്കളഞ്ഞതത്രെ. കൈവശമുണ്ടായിരുന്ന 5,000 രൂപ കമിതാക്കള്‍ അടച്ചു. ലൈസന്‍സിന്റെ ഒരു മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി കഴിയും മുന്‍പു ശേഷിക്കുന്ന പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: