KeralaNEWS

നവീന്‍ വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് നല്‍കി, ദിവ്യയെ വിളിച്ചു വരുത്തി; കളക്ടര്‍ക്കെതിരേ ആരോപണം

പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നവീന്‍ ബാബുവിന്റെ ബന്ധുവും സി.പി.എം നേതാവുമായ മലയാലപ്പുഴ മോഹനന്‍. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയനാണ് പി.പി ദിവ്യയെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് വളിച്ചുവരുത്തിയത് എന്നാണ് ആരോപണം. ദിവ്യയുടെ സൗകര്യപ്രകാരം ചടങ്ങിന്റെ സമയം മാറ്റി എന്നും ആരോപിച്ചു. കളക്ടര്‍ക്കെതിരേ പരാതി നല്‍കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

”യാത്രയയപ്പ് യോഗം നടത്താന്‍ തീരുമാനിച്ചത് ജില്ലാ കളക്ടറാണ്. നവീന്‍ ബാബുവിന് ആ യോഗം നടത്തുന്നതില്‍ യോജിപ്പില്ലായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിക്കുകയല്ലല്ലോ അതിനാല്‍ യാത്രയയപ്പ് വേണ്ട എന്നായിരുന്നു നവീന്റെ നിലപാട്. അത് കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന കളക്ടര്‍ രാവിലെ യാത്രയപ്പ് സമ്മേളനം വെക്കുകയായിരുന്നു. പിന്നീട് കളക്ടര്‍ തന്നെ ഇടപെട്ടാണ് പരിപാടി ഉച്ചക്ക് ശേഷമാക്കി മാറ്റിയത്. രാവിലെ പങ്കെടുക്കാന്‍ കളക്ടര്‍ക്കോ നവീനോ പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കെ തന്നെയാണ് കളക്ടര്‍ സമയം മാറ്റിയത്.

Signature-ad

ആരുടെ നിര്‍ദേശ പ്രകാരമാണ് കളക്ടര്‍ സമയം മാറ്റിയത് എന്നാണ് അറിയേണ്ടത്. മാത്രമല്ല വൈകിട്ട് യോഗം നടക്കുമ്പോള്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി ദിവ്യയെ വിളിച്ചുവരുത്തിയത് കളക്ടറാണ്. ദിവ്യക്ക് രാവിലെ പങ്കെടുക്കാന്‍ കഴിയാത്തതിനാലാണ് കളക്ടര്‍ ഉച്ചക്ക് പരിപാടി മാറ്റിയത്. ആരോ ഇതിന് പിന്നിലുണ്ട്. അതില്‍ കളക്ടര്‍ക്കും കൃത്യമായ പങ്കുണ്ട്. അത് സംബന്ധിച്ചും അന്വേഷണം നടക്കണം. ഇനിയും ഒരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാവരുത്. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു തന്നെ മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്”. കളക്ടറെ മാറ്റിയാല്‍ മാത്രം പോര നിയമനടപടിയും സ്വീകരിക്കണമെന്നും മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: