KeralaNEWS

എഡിഎം നവീൻ ബാബുവിന്റെ മരണം: മുൻകൂർ ജാമ്യം തേടി പി.പി ദിവ്യ ഹൈക്കോടതിയിൽ, പെട്രോള്‍ പമ്പ് കാര്യത്തിൽ വീഴ്ചയില്ലെന്ന് കലക്ടറുടെ ക്ലീന്‍ചിറ്റ്

     എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ് പിപി ദിവ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വൈകാതെ തന്നെ അറസ്റ്റിനു സാധ്യതയുണ്ട്. അതിനിടെയാണ് മുൻകൂർ ജാമ്യത്തിനായി നീക്കം.

ഇതിനിടെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിന്റെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു ഫയല്‍ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്.  റവന്യൂമന്ത്രി കെ രാജന്‍ നിര്‍ദേശിച്ചതനുസരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.

Signature-ad

കേസില്‍ ദിവ്യയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.

നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതൽ പേരെ പൊലീസ് പ്രതി ചേർക്കുന്ന കാര്യവും ആലോചനയിലുണ്ട്. പ്രശാന്തൻ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നൽകിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിലും വിജിലൻസ് കോഴിക്കോട് യൂണിറ്റിന്റെ അന്വേഷണവും ഇന്ന് തുടങ്ങും.

പ്രശാന്തിന്റെ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ സ്വാഭാവിക സമയം മാത്രമാണ് നവീന്‍ ബാബു എടുത്തത്. ഏറ്റവും വിവാദമായി ഉയര്‍ന്നുവന്ന വിഷയം പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തെ ഭൂമിയുടെ ചരിവാണ്. ഇത് ഒരു പ്രശ്‌നമായി ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആ ഭൂമിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ സംരംഭം തുടങ്ങാവുന്നതാണെന്ന് കാണിച്ച് ടൗണ്‍ പ്ലാനര്‍ റിപ്പോര്‍ട്ട് നല്‍കി. ടൗണ്‍ പ്ലാനറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 6 ദിവസം കൊണ്ട് നവീന്‍ ബാബു ഫയല്‍ തീര്‍പ്പാക്കിയെന്നാണ് റിപ്പോര്‍ട്ടിലെ ജില്ലാ കലക്ടറുടെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: