MovieNEWS

ഇന്ന് നായികയാകാന്‍ ക്യൂ; പക്ഷെ അല്ലു അര്‍ജുന്റെ അന്നത്തെ നായികമാര്‍ക്ക് സംഭവിച്ചത്; നടിമാരുടെ ഇന്നത്തെ ജീവിതം

തെലുങ്ക് സിനിമാ ലോകത്ത് ഇന്ന് അല്ലു അര്‍ജുനുള്ള താരമൂല്യം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പുഷ്പ എന്ന സിനിമയുടെ വിജയത്തിന് ശേഷം അല്ലുവിന് ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകരുണ്ട്. അതേസമയം, പാന്‍ ഇന്ത്യന്‍ താരമാകുന്നതിന് മുമ്പേ അല്ലു അര്‍ജുന്‍ മലയാളികള്‍ക്ക് പ്രിയങ്കരനാണ്. മല്ലു അര്‍ജുന്‍ എന്ന് മലയാളി ആരാധകര്‍ നടനെ സ്‌നേഹത്തോടെ വിളിച്ചിട്ടുണ്ട്. മലയാളത്തില്‍ മൊഴിമാറ്റിയെത്തുന്ന അല്ലുവിന്റെ സിനിമകള്‍ ഒരു കാലത്ത് തരംഗമായിരുന്നു.

ആര്യ എന്ന സിനിമയാണ് ഇക്കൂട്ടത്തില്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ വന്ന കൃഷ്ണ, ബണ്ണി തുടങ്ങിയ സിനിമകളെല്ലാം കേരളത്തില്‍ വന്‍ ഹിറ്റായി. മലയാളികളില്‍ നിന്നും തനിക്ക് ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് അല്ലു അര്‍ജുന്‍ നേരത്തെ സംസാരിച്ചിട്ടുമുണ്ട്. കൂടുതലും റൊമാന്റിക് സിനിമകള്‍ ചെയ്ത കാലത്താണ് അല്ലു അര്‍ജുന്‍ കേരളത്തില്‍ ജനപ്രീതി നേടുന്നത്.

Signature-ad

അക്കാലത്ത് അല്ലു അര്‍ജുന്‍ സിനിമകളിലെ നായികമാരും ശ്രദ്ധിക്കപ്പെട്ടു. നായികമാര്‍ക്ക് വലിയ പ്രാധാന്യമുള്ള സിനിമകളാണ് ആര്യ, കൃഷ്ണ, ബണ്ണി തുടങ്ങിയവയെല്ലാം. ഈ സിനിമകളിലൂടെ അല്ലു അര്‍ജുന്‍ താര പദവിയിലേക്ക് വന്നെങ്കിലും നടിമാര്‍ക്ക് ഇതായിരുന്നില്ല സാഹചര്യം. ഇവരാരും തന്നെ സിനിമാ രംഗത്ത് പിന്നീട് ശ്രദ്ധിക്കപ്പെട്ടില്ല. നടി അനു മെഹ്തയാണ് ആര്യയില്‍ നായികയായത്. നടി ലൈം ലൈറ്റ് വിട്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അനു മെഹ്ത ഇന്നെവിടെയാണെന്ന് പോലും ആരാധകര്‍ക്ക് അറിയില്ല.

ബണ്ണി എന്ന ചിത്രത്തില്‍ നായികയായെത്തിയ ഗൗരി മുജ്ജലിനും കരിയറില്‍സമാന സാഹചര്യമായിരുന്നു. ഡല്‍ഹിക്കാരിയായ ഗൗരിയുടെ ആദ്യ ചിത്രമാണ് ബണ്ണി. ആദ്യ ചിത്രം വന്‍ ഹിറ്റായെങ്കിലും പിന്നീട് നടിക്ക് വലിയ അവസരങ്ങള്‍ ലഭിച്ചില്ല. തമിഴിലും തെലുങ്കിലും കന്നഡയിലും ഗൗരി സിനിമകള്‍ ചെയ്തു. മലയാളത്തില്‍ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലും ഗൗരി അഭിനയിച്ചിട്ടുണ്ട്.

2011 ന് ശേഷം നടി സിനിമാ ലോകം വിട്ടു. അല്ലു അര്‍ജുന്‍ നായകനായെത്തിയ ആദ്യ ചിത്രമാണ് 2003 ല്‍ പുറത്തിറങ്ങിയ ഗംഗോത്രി. അതിദി അഗര്‍വാളാണ് ചിത്രത്തില്‍ നായികയായെത്തിയത്. ഈ നടിയും സിനിമാ ലോകത്ത് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ലൈം ലൈറ്റില്‍ നിന്ന് മാറി നില്‍ക്കുകയാണ് അതിദി അഗര്‍വാളിപ്പോള്‍.

അല്ലു അര്‍ജുന്റെ മറ്റൊരു ഹിറ്റ് ചിത്രമായ കൃഷ്ണയില്‍ നായികായെത്തിയത് നടി ഷീല കൗര്‍ ആണ്. മലയാളത്തില്‍ മായാബസാര്‍, മേക്കപ്പ്മാന്‍ എന്നീ സിനിമകളില്‍ ഷീല കൗര്‍ അഭിനയിച്ചിട്ടുണ്ട്. അനുരാധ മെഹ്ത, ഗൗരി മുജ്ജല്‍ എന്നീ നടിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ കരിയറില്‍ ഷീല കുറേക്കൂടി സജീവമായിരുന്നു.

2006 ല്‍ പുറത്തിറങ്ങിയ സീതകൊക ചിലുക എന്ന തെലുങ്ക് സിനിമയിലൂടെയാണ് ഷീല കൗര്‍ നായികയായി തുടക്കം കുറിച്ചത്. പിന്നീട് നിരവധി അവസരങ്ങള്‍ നടിയെ തേടി വന്നു. 2018 ല്‍ പുറത്തിറങ്ങിയ ഹൈപര്‍ എന്ന കന്നഡ സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. അതിന് മുമ്പേ തന്നെ കരിയറില്‍ വലിയ ഇടവേളകള്‍ ഷീല കൗറിന് വന്നിരുന്നു. 2020 ല്‍ നടി ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയെ വിവാഹം ചെയ്തു. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: