‘ഒരു സ്ത്രീയ്ക്ക് ബലാത്സംഗത്തിന് ഇരയായ മറ്റൊരു സ്ത്രീയെ വിചാരണ ചെയ്യാന്‍ അവകാശമില്ല’; രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ച ശ്രീനാദേവിക്കെതിരേ പരാതി നല്‍കി അതിജീവിത; സിപിഐയില്‍നിന്ന് കോണ്‍ഗ്രസില്‍ എത്തിയപാടെ പുലിവാല് പിടിച്ച് നേതാവ്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും പറയാത്ത നിലപാട്

അടൂര്‍: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കി അതിജീവിത.
ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി. തന്നെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണവും നിയമനടപടിയും വേണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണം വേണം. തന്നെ മാത്രമല്ല, സത്യം പറയാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുന്നതില്‍ താന്‍ കേരള പൊലീസില്‍ വിശ്വസിക്കുന്നുവെന്നും അതിജീവിത വ്യക്തമാക്കുന്നു.
അടുത്തിടെ സിപിഐയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീനാദേവി കുഞ്ഞമ്മ. ഫെയ്‌സ്ബുക്ക് ൈലവിലാണ് ശ്രീനാദേവി കുഞ്ഞമ്മ രാഹുലിന് പിന്തുണ അറിയിച്ചത്. അവനൊപ്പമാണ് എന്നും ആരോപണങ്ങള്‍ നേരിടാന്‍ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെയെന്നും ശ്രീനാദേവി പറഞ്ഞു.
അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേള്‍ക്കണം. നിലവിലെ പരാതികളില്‍ സംശയമുണ്ട്. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്. എന്നാല്‍, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നല്‍കി, ഫ്‌ലാറ്റ് വാങ്ങാന്‍ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നു.
രാഹുല്‍ കുറ്റക്കാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ . മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം. കുടുംബം ഒരാള്‍ക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാല്‍ രണ്ടുപേര്‍ക്കും ഒരേ പരിഗണനയല്ല ലഭിക്കുന്നത്. അതിജീവിതന്മാര്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതുകൊണ്ടാകാം പോലീസ് അറസ്റ്റ് ചെയ്തതെന്നും എന്നാല്‍ സത്യം പുറത്തുവരുന്നത് വരെ രാഹുല്‍ ക്രൂശിക്കപ്പെടരുത് എന്നും ശ്രീനാദേവി കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്താണ് സിപിഐയില്‍ നിന്നും രാജിവച്ച് ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
രാഹുല്‍ വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളായ കെ. മുരളീധരന്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ നിലപാടുകള്‍ക്കു വിരുദ്ധമായിട്ടാണ് ശ്രീനാദേവിയുടെ ഫേസ്ബുക്ക് ലൈവ്.






