ദേശീയപാത വികസനത്തിന് മറ്റൊരു ഇരകൂടി…. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ ആറുമാസം, ഇതിനിടയിൽ അവനൊരു മകൻ കൂടി പിറന്നു, പക്ഷെ അതൊന്നും ആ അച്ഛൻ അറിഞ്ഞില്ല, ഒടുവിൽ അവനെ ഒരു നോക്ക് കാണാനാകാതെ ശ്രീകാന്ത് യാത്രയായി

ചേർത്തല: തനിക്കൊരു മകൻ പിറന്നെന്നറിയാതെ, അവനെ കൺകുളിർക്കെ ഒരു നോക്ക് കാണാനാകാതെ ആ അച്ഛൻ യാത്രയായി. ദേശീയപാത നിർമാണപ്രവർത്തനങ്ങൾക്കായെടുത്ത കുഴിയിൽ വീണ് പരുക്കേറ്റ കടക്കരപ്പള്ളി കുന്നേപറമ്പിൽ ശ്രീകാന്താ(38)ണ് ചികിത്സയിലിരിക്കെ മരിച്ചത്. 2025 ജൂലായ് 14-ന് രാത്രി തുറവൂർ പുത്തൻചന്തയ്ക്കു സമീപം നിർമാണത്തിനായി പൊളിച്ചിട്ട റോഡിലെ കുഴിയിലേക്കു സ്‌കൂട്ടർമറിഞ്ഞുണ്ടായ അപകടത്തിലാണ് ശ്രീകാന്തിനു ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് എറണാകുളത്തെയും ചെമ്മനാകിരിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു
അതേസമയം മകൻ ധ്യാനിനെ ഒരുനോക്ക് കാണാൻകഴിയാതെയാണ് ശ്രീകാന്ത് യാത്രയായത്. രണ്ടരമാസം മുൻപാണ് ശ്രീകാന്തിനു രണ്ടാമത്തെ കുഞ്ഞുപിറന്നത്. അബോധാവസ്ഥയിലായിരുന്ന ശ്രീകാന്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല.
ജീവൻ തിരിച്ചുപിടിക്കാനായി പലതവണ ശ്രീകാന്തിനെ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അപകടത്തിനുശേഷം ആറുമാസമായി അബോധാവസ്ഥയിലായിരുന്നു. ഡാബർ ഇന്ത്യ കമ്പനി ഫുഡ് ഡിലിഷനിൽ സെയിൽസ് ഓഫീസറായ ശ്രീകാന്ത് കൊച്ചിയിൽനിന്നു ജോലികഴിഞ്ഞ് വീട്ടിലേക്കുവരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ തലയടിച്ചുവീണ ശ്രീകാന്തിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. മറ്റ് വാഹനയാത്രക്കാരും പ്രദേശവാസികളും ചേർന്നാണ് ആശുപത്രിയിലാക്കിയത്. ഭാര്യ: അമല. മക്കൾ: ദക്ഷ, ധ്യാൻ.






