നിൽക്കണോ അതോ പോണോ : തീരുമാനമെടുക്കാൻ ആവാതെ ത്രി ശങ്കുവിൽ ജോസ് കെ മാണി : യുഡിഎഫിൽ പോയാൽ എന്തിന് എൽഡിഎഫ് വിട്ടുവെന്ന് ഉത്തരം പറയേണ്ടി വരും : മുന്നണി മാറ്റം ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് പ്രമോദ് നാരായണൻ എംഎൽ എ

പത്തനംതിട്ട: എൽഡിഎഫ് വിട്ടു യുഡിഎഫിലേക്ക് കേരളം അതോ എൽഡിഎഫിൽ തന്നെ തുടരണോ എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാൻ കഴിയാതെ ജോസ് കെ മാണി.
കേരള കോൺഗ്രസ് എം എൽ ഡി എഫ് വിടുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും മുന്നണി വിട്ടു പോയാൽ എന്തിന് എൽഡിഎഫ് വിട്ടു എന്നതിനെക്കുറിച്ച് വിശദീകരിക്കാൻ ജോസ് കെ മാണിക്ക് കഴിയില്ല. കാരണം എൽഡിഎഫിലേക്ക് എത്തിയ കാലം മുതൽ ചോദിക്കുന്നത് എല്ലാം നൽകിയാണ് ഇടതു മുന്നണി ജോസിനെ ഒപ്പം നിർത്തിയിരിക്കുന്നത്.
അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ പെട്ടെന്ന് മുന്നണി വിട്ടു പോകുമ്പോൾ പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും ബോധ്യപ്പെടുത്താൻ ഒരു കാരണം പോലും ജോസ് കെ മാണിക്ക് ഇല്ല.
ഒരു കാരണവുമില്ലാതെ മറുകണ്ടം ചാടിയാൽ കേരള കോൺഗ്രസിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാകുമെന്ന് ജോസ് കെ മാണിയോട് പാർട്ടിക്കുള്ളിലുള്ളവർ തന്നെ ഓർമ്മിപ്പിക്കുന്നുണ്ട്.
ഇതുകൂടാതെ, ഇടതുമുന്നണി വിടാൻ തീരുമാനിച്ചാൽ പാർട്ടി എംഎൽഎമാർ തനിക്കൊപ്പം ഉണ്ടാകില്ല എന്ന കാര്യവും ജോസ് കെ മാണിക്ക് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും അടക്കമുള്ളവർ ഇടതുമുന്നണി വിട്ടുപോകില്ല എന്ന കാര്യം ആവർത്തിച്ച് പറയുന്നുണ്ട് .ഇതും യുഡിഎഫിലേക്ക് പോകാനുള്ള ജോസ് കെ മാണിയുടെ ആഗ്രഹത്തെ തടയുന്ന ഘടകങ്ങളാണ്.
കേൾക്കുന്നതും പറയുന്നതും പ്രചരിക്കുന്നതും എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും മുന്നണി മാറ്റം എന്നൊരു ചർച്ചയോ ആലോചനയോ കേരള കോൺഗ്രസ് എമ്മിനുള്ളിൽ ഉണ്ടായിട്ടില്ല എന്നാണ് പാർട്ടിയിലെ പ്രമുഖർ പറയുന്നത്.
യുഡിഎഫിലേക്ക് കേരള കോൺഗ്രസ് എമ്മിനെ കൊണ്ടുവരുന്നതിന് കോൺഗ്രസ് ഹൈക്കമാൻഡ് പച്ചക്കൊടി വീശിയെന്നും മുസ്ലിം ലീഗാണ് ഇതിന് മധ്യസ്ഥത വഹിക്കുന്നതെന്നും ദുബായിയിൽ ഇതു സംബന്ധിച്ച് ജോസ് കെ മാണി പ്രമുഖ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്നും അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ പാർട്ടി നേതാക്കൾ ഇതെല്ലാം നിരാകരിച്ചിരുന്നു.
കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണൻ പറഞ്ഞു . മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും പ്രസക്തി ഇല്ലെന്നെന്നും പ്രമോദ് വ്യക്തമാക്കി.
ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇടതുപക്ഷത്ത് ഉറച്ചുനില്ക്കുന്നുവെന്ന കൃത്യമായ നിലപാട് തന്നെയാണ് വ്യക്തമാക്കുന്നത്. അത് തന്നെയാണ് പാര്ട്ടിയുടേയും നിലപാട്. അതിനപ്പുറത്തേക്കുള്ള ഒരു ചര്ച്ചക്കും പ്രസക്തിയില്ലെന്നും പ്രമോദ് നാരായണൻ പറഞ്ഞു.
കേരള കോൺഗ്രസ് എം എൽ ഡി എഫ് വിട്ട് പോകില്ലെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും അണിയറയിൽ മുന്നണി മാറ്റത്തിനായി സജീവമായ നീക്കമാണ് കേരള കോൺഗ്രസ് എം നടത്തി വരുന്നതെന്ന സൂചനകൾ ശക്തമാണ്.
ജോസ് കെ മാണിയുടെ മനസ്സിലിരിപ്പ് റോഷി അഗസ്റ്റിന് പോലും പിടികിട്ടിയിട്ടില്ല.സിപിഎം ജോസിന്റെ നീക്കങ്ങൾ വീക്ഷിച്ചു വരികയാണ്. ഇന്ന് വൈകിട്ട് ജോസ് കെ മാണി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.മുന്നണി വിടുകയില്ലെന്ന് പരസ്യമായി വൈകുന്നേരം ജോസ് കെ മാണി പ്രഖ്യാപിക്കുകയാണെങ്കിൽ പിന്നീട് പെട്ടെന്നൊരു ചാഞ്ചാട്ടം ഉണ്ടാകാൻ സാധ്യത ഉണ്ടാവില്ല.
കേൾക്കുന്നതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് പറയാൻ വേണ്ടിയാണ് ജോസ് കെ മാണി വൈകുന്നേരം മാധ്യമങ്ങളെ കാണുന്നത് എന്നും സൂചനയുണ്ട്.
അതേസമയം യുഡിഎഫിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച സീറ്റിന്റെ കാര്യത്തിൽ വ്യക്തമായ ഒരു ഉറപ്പ് കിട്ടിയതിനുശേഷം ആണ് ജോസ് കെ മാണി മാധ്യമങ്ങളെ കാണാൻ എത്തുന്നത് എന്നും പ്രചരണമുണ്ട്.






