എല്‍ഡിഎഫ് മികച്ച പരിഗണന നല്‍കിയിട്ടും കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ എത്തിക്കുന്നത് മുസ്ലിം ലീഗിന് ‘ചെക്ക്’ വയ്ക്കാനോ? ലീഗിന്റെ അളവില്‍ കവിഞ്ഞ സ്വാധീനത്തിന് മറുമരുന്ന്; പാലാ മുതല്‍ കുട്ടനാടുവരെ ഫലങ്ങള്‍ മാറിമറിയും; ബുദ്ധികേന്ദ്രം കത്തോലിക്കാസഭ?
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്വാഭാവിക വോട്ട് ബാങ്ക് എല്‍ഡിഎഫ് വിരുദ്ധമാണ്. അവര്‍ യുഡിഎഫില്‍ വന്നാല്‍ ആ വോട്ട് മാണി കേകോയുടെ വിഹിതമായി നില്‍ക്കും. അതില്‍ കോണ്‍ഗ്രസിനു പോലും ഒന്നും ചെയ്യാന്‍ കഴിയില്ല. മറിച്ച് എല്‍ഡിഎഫില്‍ തുടര്‍ന്നാല്‍ ആ വോട്ടുകള്‍ മെല്ലെ കോണ്‍ഗ്രസ് വോട്ടുകളായി പരിണമിക്കും. അവ തിരിച്ചുകിട്ടാതെവണ്ണം നഷ്ടമാവും.

പാലാ: കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫ് മുന്നണിവിട്ടു യുഡിഎഫിലേക്ക് എത്തുമെന്ന ചര്‍ച്ച സജീവമാണ്. മറിച്ചു പാര്‍ട്ടി പിളര്‍ന്ന് ഒരുവിഭാഗം എല്‍ഡിഎഫിലും മറ്റൊന്നു യുഡിഎഫിലും എത്തുമെന്നും ചര്‍ച്ചകള്‍ പറയുന്നു. ഒന്നും പറയാറായിട്ടില്ല എങ്കിലും അണികള്‍ക്ക് ഏറെയും യുഡിഎഫ് മനസാണ് എന്നതാണ് ആ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി. എന്നാല്‍, യുഡിഎഫില്‍ അളവില്‍ കവിഞ്ഞു സ്വാധീനമുറപ്പിക്കുന്ന ലീഗിനുള്ള മറുമരുന്നാണു കേരള കോണ്‍ഗ്രസ് മാണിയെന്നു വിലയിരുത്തുന്നവരുണ്ട്. മുസ്ലിം ഭൂരിപക്ഷ പാര്‍ട്ടിയായ ലീഗിന് ക്രിസ്ത്യന്‍ ഭൂരിപക്ഷ പാര്‍ട്ടിയായ മാണി വിഭാഗംതന്നെയാണു മറുപടിയെന്ന നിലയിലാണു കാര്യങ്ങള്‍. യുഡിഎഫ് വിജയം നേടിയാല്‍ അതില്‍ മോശമല്ലാത്ത എണ്ണം സീറ്റുകള്‍ ലീഗിന്റെയാകുമെന്നു വ്യക്തമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ജില്ലകള്‍ ലീഗ് തൂത്തുവാരിയത് ഉദാഹരണം. ഇതു മുന്നില്‍കണ്ടാണ് യുഡിഎഫിലെ ക്രിസ്ത്യന്‍ ലോബിയുടെ നീക്കമെന്നു വിലയിരുത്തുന്നവരുമുണ്ട്.
പാല, കാഞ്ഞിരപ്പള്ളി അടക്കമുള്ള കോട്ടയം ജില്ലയുടെ മലയോര മേഖലകളിലെല്ലാം കേരളാ കോണ്‍ഗ്രസിനു ചെറുതല്ലാത്ത പിടിയുണ്ട്. അപ്പോഴും കേരള കോണ്‍ഗ്രസിനു പാര്‍ട്ടി വിടാന്‍ പ്രത്യേകിച്ചു കാരണമൊന്നും ഉണ്ടാകില്ല. എല്‍ഡിഎഫില്‍ ലഭിച്ചതിനേക്കാള്‍ പരിഗണന യുഡിഎഫില്‍ ലഭിക്കാനും സാധ്യതയില്ല. മന്ത്രി റോഷി അഗസ്റ്റിനും എംഎല്‍എ പ്രമോദ് നാരായണനും മുന്നണി വിടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. സോണിയ ഗാന്ധി ജോസ് കെ. മാണിയെ നേരിട്ടു വിളിച്ചെന്നാണു മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതിനു സ്ഥിരീകരണം ഇനിയും ജോസ് കെ. മാണി നല്‍കിയിട്ടില്ല.

യുഡിഎഫില്‍ നിന്നു ലഭിച്ചതിനേക്കാള്‍ മാന്യമായ ആശ്ലേഷം എല്‍ഡിഎഫില്‍ നിന്നു കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു ലഭിച്ചിട്ടുണ്ട്. അവരെ ഒറ്റപ്പെടുത്താതെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. മാത്രമല്ല, കോണ്‍ഗ്രസിന്റെ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചാണവര്‍ മുന്നണി വിട്ടതുപോലും. ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിന്റെ ആശിര്‍വാദം പുതിയ നീക്കത്തിലുണ്ട് എന്നതു വ്യക്തമാണ്. ഏതുവിധേനയും യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും സഭാ വിശ്വാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്വാഭാവിക വോട്ട് ബാങ്ക് എല്‍ഡിഎഫ് വിരുദ്ധമാണ്. അവര്‍ യുഡിഎഫില്‍ വന്നാല്‍ ആ വോട്ട് മാണി കേകോയുടെ വിഹിതമായി നില്‍ക്കും. അതില്‍ കോണ്‍ഗ്രസിനു പോലും ഒന്നും ചെയ്യാന്‍ കഴിയില്ല. മറിച്ച് എല്‍ഡിഎഫില്‍ തുടര്‍ന്നാല്‍ ആ വോട്ടുകള്‍ മെല്ലെ കോണ്‍ഗ്രസ് വോട്ടുകളായി പരിണമിക്കും. അവ തിരിച്ചുകിട്ടാതെവണ്ണം നഷ്ടമാവും.
റാന്നിയിലും ഒരു പരിധിവരെ കാഞ്ഞിരപ്പള്ളിയിലും (പ്രമോദ് നാരായണന്റെയും എന്‍ ജയരാജന്റെയും മണ്ഡലങ്ങള്‍) മാറ്റങ്ങള്‍ വലിയ ചലനമൊന്നും ഉണ്ടാക്കില്ല. ഇവിടെ കേരള കോണ്‍ഗ്രസിന് സാമുദായികമായ വേരോട്ടമില്ല. റാന്നി സിപിഐ(എം)ന്റെ സിറ്റിങ് സീറ്റായിരുന്നു. അതാണ് കേരള കോണ്‍ഗ്രസിന് മുന്നണി വച്ചുനീട്ടിയത്. മുന്നണി മാറിയാല്‍ ഈ മണ്ഡലം സിപിഐ(എം) പിടിക്കും. പഴയ എസ്എഫ്‌ഐ നേതാവായ പ്രമോദ് നാരായണന്‍ പല പാര്‍ടി മാറിമാറിയാണ് ഒടുവില്‍ കേരള കോണ്‍ഗ്രസിലെത്തിയത്. എല്‍ഡിഎഫ് വിട്ടാല്‍ രാഷ്ട്രീയ ഭിക്ഷാംദേഹിയായി അദ്ദേഹത്തിനു തുടരേണ്ടിവരും. രാജു ഏബ്രഹാം അല്ലാതെ ക്‌നാനായ സമുദായത്തില്‍ നിന്ന് ഒരു പ്രധാനപ്പെട്ട നേതാവ് എല്‍ഡിഎഫില്‍ ഉയര്‍ന്നുവരാത്തത് ഒരു വെല്ലുവിളിയാണെങ്കിലും അതൊരു ലിമിറ്റിങ് ഫാക്ടര്‍ ആവണം എന്നില്ല.
പഴയ വാഴൂര്‍ നിയോജകമണ്ഡലം ഇടതു മുന്നണിക്കുള്ളില്‍ സിപിഐയുടെ സ്വാധീനമേഖലയായിരുന്നു. യുഡിഎഫിലാകട്ടെ കേരള കോണ്‍ഗ്രസിനെ പോലെ തന്നെ കോണ്‍ഗ്രസിനും സ്വാധീനം ഉണ്ടായിരുന്ന സ്ഥലം. അവിടെ ഒരു നായര്‍ സാമുദായികതയുടെ ബലത്തിലാണ് യുഡിഎഫില്‍ നിന്ന കാലത്ത് കേരള കോണ്‍ഗ്രസ് നേതാവ് കെ നാരായണക്കുറുപ്പ് ജയിച്ചുകൊണ്ടിരുന്നത്. 2008ലെ ഡീലിമിറ്റേഷനില്‍ വാഴൂര്‍ മണ്ഡലം ഇല്ലാതാവുകയും പഴയ വാഴൂരിന്റെയും കാഞ്ഞിരപ്പള്ളിയുടെയും ഭാഗങ്ങള്‍ ചേര്‍ന്നു പുതിയ കാഞ്ഞിരപ്പള്ളി മണ്ഡലം നിലവില്‍ വരികയും ചെയ്തു. പിതാവിന്റെ സാമുദായിക പിന്തുണയുടെ തുടര്‍ച്ചയില്‍ തന്നെയാണ് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജിലെ അദ്ധ്യാപകനായിരുന്ന ഡോ. എന്‍ ജയരാജ് പുതിയ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് ആയും ജയിച്ചത്. ഇവിടെ മുന്നണി ഏതായാലും ജയിക്കാന്‍ ജയരാജിനു കഴിഞ്ഞേക്കും.
അതേ സമയം ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍ കഴിഞ്ഞ തവണ ജയിച്ചത് തന്നെ എനിക്ക് അത്ഭുതമായിരുന്നു. അത്രയ്ക്ക് പ്രോ യുഡിഎഫ് മണ്ഡലമായിരുന്നു അത്. ഇത്തവണ യുഡിഎഫിനൊപ്പം പോയാല്‍ ജോബ് മൈക്കിളിന് അനായാസ വിജയം ഉറപ്പാണ്. അതേ സമയം എല്‍ഡിഎഫില്‍ നിന്നാല്‍ തട്ടിമുട്ടി ജയിക്കാം, ചിലപ്പോള്‍ വഴുതിപ്പോകാം. കേരള കോണ്‍ഗ്രസ് ഇത്തവണ എവിടെ നിന്നാലും യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാവുകയാണെങ്കില്‍ ഈ മണ്ഡലം യുഡിഎഫ് പിടിക്കും.
കേരളാകോണ്‍ഗ്രസ് സ്വാധീന മേഖലകളായ പാലാ, കടുത്തുരുത്തി എന്നിവിടങ്ങളില്‍ യുഡിഎഫില്‍ നിന്നുകൊണ്ടല്ലാതെ ഒരു വിജയം കേരളാ കോണ്‍ഗ്രസ് (എം)നു സുസാധ്യമല്ല. കഴിഞ്ഞ മണ്ഡലപുനര്‍നിര്‍ണയത്തിനു ശേഷം ഏറ്റുമാനൂര്‍ പ്രോ എല്‍ഡിഎഫ് മണ്ഡലമായി പരിണമിക്കയും കോട്ടയം കടുത്ത പ്രോ യുഡിഎഫ് മണ്ഡലമായി മാറുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റുമാനൂര്‍ സീറ്റ് ഇപ്പോള്‍ സിപിഐ(എം)ന്റ കൈയിലാണ്. മന്ത്രി വാസവന്‍ ആണ് അവിടുത്തെ എംഎല്‍എ. ഇത് പക്ഷം മാറിയാലും ഇല്ലെങ്കിലും കേരള കോണ്‍ഗ്രസിനു റീക്ലെയിം ചെയ്യാന്‍ കഴിയില്ല. കോട്ടയമൊട്ട് തിരുവഞ്ചൂര്‍, അല്ലെങ്കില്‍ കോണ്‍ഗ്രസ് വിട്ടുനല്‍കുകയുമില്ല.
റോഷി അഗസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇടുക്കി മണ്ഡലത്തില്‍ ഏറെക്കുറെ എംബഡഡ് ആയിക്കഴിഞ്ഞു. അഞ്ചുതവണയാണ് അവിടെ ജയിച്ചത്. ഇനിയൊരു ആറാം മത്സരം മന്ത്രി എന്ന നിലയിലാണ്. പരാജയപ്പെടാനുള്ള സാധ്യത തീരെ കുറവ്. അതുകൊണ്ടുതന്നെ ഈ ടേമില്‍ റോഷി അഗസ്റ്റിന് ധൈര്യമായി എല്‍ഡിഎഫില്‍ നില്‍ക്കാം. എന്നാല്‍ അടുത്ത ടേം ആകുമ്പോഴേക്കും റോഷിക്കും മണ്ണ് ഒലിച്ചുപോയെന്നിരിക്കും. ലോങ് ടേം പ്രോസ്‌പെക്ടസ് കണക്കിലെടുത്താല്‍ യുഡിഎഫില്‍ പോകുന്നതാവും ഒരു പക്ഷെ റോഷിക്കു ലാഭം. എങ്കിലും എല്‍ഡിഎഫില്‍ തുടരാനാണ് സാധ്യത കല്പിക്കപ്പെടുന്നത്.
പൂഞ്ഞാര്‍ എംഎല്‍എ ആയ സെബാസ്റ്റ്യന്‍ കളത്തിങ്കല്‍ ഒരു ത്രിശങ്കുവിലാണ്. രാഷ്ട്രീയ പരീക്ഷണശാലയായി ആ മണ്ഡലം മാറാന്‍ ഇടയുണ്ട്. പിസി ജോര്‍ജ്ജ് ദീര്‍ഘകാലമായി കൈവശം വച്ചിരുന്ന മണ്ഡലം പിടിച്ചെടുക്കയായിരുന്നു, ഇദ്ദേഹത്തിലൂടെ എല്‍ഡിഎഫ്. ഇവിടെ എന്‍ഡിഎയുടെ വോട്ട്, എസ്ഡിപിഐയുടെ വോട്ട് എന്നിവയൊക്കെ നിര്‍ണ്ണായകമാണ്. എങ്കിലും അദ്ദേഹം ഉള്‍പ്പെടുന്ന സഭയുടെ ഇംഗിതം അദ്ദേഹത്തെ യുഡിഎഫില്‍ എത്തിക്കണം എന്നുള്ളതാവാം.
തിരുവല്ല മണ്ഡലം എല്‍ഡിഎഫില്‍ ജനതാദള്‍ സെക്കുലര്‍ നേതാവ് മാത്യു ടി തോമസ് ആണ് കൈവശം വച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസിന് പത്തനംതിട്ട ജില്ലയില്‍ ഉണ്ടായിരുന്ന കല്ലൂപ്പാറ നിയോജകമണ്ഡലം ഡീലിമിറ്റേഷനില്‍ ഇല്ലാതായതോടെ തിരുവല്ല മാത്രമായിരുന്നു അവരുടെ മിച്ചം. എല്‍ഡിഎഫില്‍ എത്തിയതോടെ അതിന്മേലുള്ള അവകാശവും നഷ്ടമായി. പകരമാണ് വിജയസാധ്യതയുള്ള റാന്നി കഴിഞ്ഞ തവണ എല്‍ഡിഎഫ് നല്‍കിയത്. കേരള കോണ്‍ഗ്രസ് മാണി യുഡിഎഫില്‍ ചേക്കേറിയാല്‍ തിരുവല്ല നിയോജകമണ്ഡലത്തിനായി മാണി ജോസഫ് ഗ്രൂപ്പുകള്‍ അടിയാകാന്‍ സാധ്യതയുണ്ട്.
കുട്ടനാട് മണ്ഡലം എന്‍സിപിയുടെ കൈവശമാണ്. എത്ര നോമ്പു നോറ്റാലും എല്‍ഡിഎഫില്‍ നിന്നുകൊണ്ട് ആ മണ്ഡലം കൈവശപ്പെടുത്താന്‍ മാണി കോണ്‍ഗ്രസിന് കഴിയില്ല. യുഡിഎഫില്‍ എത്തിയാല്‍ ആ സീറ്റിനുവേണ്ടി ജോസഫ് ഗ്രൂപ്പുമായി അടിവയ്‌ക്കേണ്ടതായും വരും. തൃശ്ശൂര്‍ ജില്ലയില്‍ കേരള കോണ്‍ഗ്രസിന് ഇനിയൊരു ബാല്യമുണ്ടാകും എന്നു ഞാന്‍ കരുതുന്നില്ല. എന്നാല്‍ കെസിഎം യുഡിഎഫില്‍ പോയാല്‍ ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന് ഇനിയും മത്സരിക്കാം, ഭാഗ്യമുണ്ടെങ്കില്‍ ജയിക്കാം. മറ്റൊരാള്‍ പാര്‍ടിയില്‍ നിന്ന് ഇനി പുതുതായി ഉയര്‍ന്നുവന്ന് മണ്ഡലം പിടിച്ചെടുക്കും എന്നൊന്നും കരുതാനാവില്ല.
മാണി കേ-കോ യുഡിഎഫില്‍ എത്തിയാല്‍ യുഡിഎഫിന്റെ വിജയസാധ്യത അങ്ങനെ വല്ലാതെ വര്‍ധിക്കുകയൊന്നുമില്ല. എന്നാല്‍ എല്‍ഡിഎഫിന്റെ തുടര്‍ഭരണ സാധ്യതയെ അത് ബാധിക്കാം. കാരണം ആത്യന്തികമായി അത് നല്‍കുന്ന ഒരു സന്ദേശമുണ്ട്. എല്‍ഡിഎഫ് മുങ്ങാന്‍പോകുന്ന കപ്പലാണ് എന്നും യുഡിഎഫ് തരംഗം ആഞ്ഞുവീശും എന്നുമുള്ള ആത്മവിശ്വാസം. അത്തരമൊരു പ്രോ യുഡിഎഫ് മുന്നേറ്റത്തിനു തടയിടാന്‍ കഴിയുന്ന ഒറ്റ കാര്യമേ ഉള്ളൂ. മുസ്ലീം ലീഗിന് യുഡിഎഫില്‍ വര്‍ധിച്ചുവരുന്ന അളവില്‍ കവിഞ്ഞ സ്വാധീനം. ആ സ്വാധീനത്തിനു ചെക്ക് വയ്ക്കാനെങ്കിലും കേരള കോണ്‍ഗ്രസ് മാണിയെ യുഡിഎഫില്‍ കൊണ്ടുവരുന്നതിലൂടെ യുഡിഎഫിനു കഴിയും.
ഭരണവിരുദ്ധവികാരം മൂലം എല്‍ഡിഎഫ് പരാജയപ്പെടും എന്ന ധാരണ എനിക്കില്ല. കേരളത്തില്‍ ഉണ്ടായിട്ടുള്ള മറ്റുപല സര്‍ക്കാരുകളെക്കാളും കൂടുതല്‍ കാര്യങ്ങള്‍ ഭരണതലത്തില്‍ ചെയ്തിട്ടുള്ള, കേന്ദ്രം കാര്യമായി സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നതിനിടയിലും അതിനിയും തുടരുമെന്ന് ഏറെക്കുറെ ഉറപ്പിക്കാനാവുന്ന മുന്നണിയാണത്. എന്നാല്‍ അമേരിക്കയില്‍ എങ്ങനെ ഒബാമയുടെ പ്രസിഡന്‍സി ട്രംപിന്റെ ആദ്യ വരവിനെ സഹായിച്ചോ, അതേ കണക്ക് ഒരു കണ്‍സര്‍വേറ്റീവ് നെഗറ്റീവ് പൊളിറ്റിക്‌സിന്റെ ആനുകൂല്യം യുഡിഎഫിനുണ്ട്.
പൊതുവെ വലതുപക്ഷ ആഭിമുഖ്യമുള്ളവര്‍ക്കിടയില്‍ മുനഞ്ഞുകത്തുന്ന കടുത്ത സിപിഐഎം വിരുദ്ധതയും സിപിഐഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന മുസ്ലീം ലീഗിന്റെ പ്രചാരണവും, ഏതുവിധേനയും അധികാരത്തിലെത്തിയാലേ തങ്ങള്‍ക്കു നിലനില്‍ക്കാന്‍ കഴിയൂ എന്ന കോണ്‍ഗ്രസ് അണികളുടെ വികാരവും ചേര്‍ന്നാണ് യുഡിഎഫ് ചേരിയെ വരുന്ന ഇലക്ഷനില്‍ മുന്നോട്ടുനയിക്കുന്നത്. കേരള കോണ്‍ഗ്രസ് കൂടി അപ്പുറം പോയാല്‍ വാദത്തിനു ബലംവയ്ക്കും.






