KeralaNEWS

ഭാര്യയുമായി പിണക്കം, മകനെയും കൂട്ടി ഗള്‍ഫില്‍ പോയി; ഇന്റര്‍പോള്‍ സഹായത്തോടെ തിരിച്ചെത്തിച്ചു

കാസര്‍ഗോഡ്: ഭാര്യയുമായുള്ള പിണങ്ങി രണ്ട് മക്കളില്‍ ഒരാളെ കൂട്ടി ഗള്‍ഫിലേക്ക് പോയ പിതാവിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ മകനൊപ്പം നാട്ടിലെത്തിച്ചു. മകനെ തട്ടിക്കൊണ്ടുപോയതാണെന്നു പറഞ്ഞ് മാതാവ് പൊലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു.

ഹൈക്കോടതി നിര്‍ദേശത്തോടെയാണ് പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയത്. കേസില്‍ അറസ്റ്റിലായ പിതാവിന് ജാമ്യം നല്‍കിയ കോടതി മകനെ മാതാവിനൊപ്പം വിട്ടയച്ചു. മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയാണ് മൂത്തമകന്‍. മാതാവിനൊപ്പം സഹോദരനെ കണ്ടതും അവന്‍ ഓടിയെത്തി കെട്ടിപ്പിടിച്ചും ഉമ്മവച്ചും സ്നേഹം പങ്കിട്ടു.

Signature-ad

2022 ല്‍ കഞ്ഞങ്ങാട്ടാണ് സംഭവം. കൊളവയല്‍ സ്വദേശി തബ്ഷീറയാണ് ഭര്‍ത്താവ് കണമരം ഷക്കീറി(40)നെതിരെ പരാതിയുമായെത്തിയത്. ചീമേനി വെള്ളച്ചാല്‍ സ്വദേശിയായ ഷക്കീര്‍ കൊളവയിലിലെ തബ്ഷീറയുടെ വീട്ടിലെത്തി ആറുവയസ്സുള്ള മൂത്തമകനെയും കൂട്ടി പോകുകയായിരുന്നു. സംഭവത്തില്‍ തബ്ഷീറയുടെ പരാതിയിന്മേല്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു കേസ് റജിസ്റ്റര്‍ചെയ്തിരുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് തബ്ഷീറ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തു. അടുത്തമാസം മൂന്നിന് കുട്ടിയെയും പിതാവിനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതോടെ ഹൊസ്ദുര്‍ഗ് പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയും ഷക്കീറിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നു. ഷക്കീറും മകനും മംഗളൂരു വിമാനത്താവളം വഴി നാട്ടിലേക്ക് വരുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഇന്റര്‍പോളില്‍നിന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും മംഗളൂരുവില്‍ നിന്ന് കാഞ്ഞങ്ങാട് എത്തിക്കുകയായിരുന്നു.

Back to top button
error: