പത്തനംതിട്ട: പന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് കേരളം കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തപ്പോള്‍ അതിനെ എതിര്‍ത്തവരാണ് ആര്‍.എസ്.എസുകാര്‍ എന്ന് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. കര്‍ഷകസംഘത്തിന്റെ കോന്നി ഡി.എഫ്.ഒ. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇത് മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണെന്നാണ് അവര്‍ പറയുന്നത്. ഹിരണ്യകശിപു ഭൂമിയെ ചുരുട്ടി കടലില്‍ താഴ്ത്തി. ഭൂമിയെ രക്ഷിക്കുന്നതിന് മഹാവിഷ്ണു വരാഹാവതാരമെടുത്ത് കടലില്‍നിന്ന് തേറ്റകൊണ്ട് ഭൂമിയെ കുത്തി എടുത്തെന്നാണ് പ്രചരിപ്പിക്കുന്ന കഥ. ഭൂമി ചുരുങ്ങുമ്പോള്‍ സമുദ്രവും ചുരുങ്ങുമെന്ന് ഈ മണ്ടന്‍മാര്‍ കരുതണം. ഭൂമിയെ രക്ഷപ്പെടുത്തിയപ്പോള്‍ വരാഹത്തോട് ഭൂമിക്ക് സ്നേഹമുണ്ടായി. അങ്ങനെയാണ് നരകാസുരന്‍ ഉണ്ടായത്. ഇത്തരം കഥകള്‍ അവര്‍ പ്രചരിപ്പിക്കുകയാണ്.
52 വര്‍ഷമായ വനനിയമങ്ങള്‍ മാറ്റിയെഴുതണം. വിദേശ രാജ്യങ്ങളില്‍ സര്‍വേ നടത്തി വനത്തിനുള്ളില്‍ കഴിയുന്ന കടുവ, ആന, പുലി എന്നിവയുടെ കണക്ക് നിജപ്പെടുത്തുന്നുണ്ട്.ബാക്കിയുള്ളവയെ കൊല്ലും. ഇവിടെ കുരങ്ങിനേയും പാമ്പിനേയും ആരാധിക്കുന്നവരാണ്. പാമ്പിനെ തിന്നുന്ന രീതിയാണ് ചൈനയില്‍. പട്ടികളെ കൊല്ലാന്‍പോലും പറ്റില്ല. വിചിത്രമായ രീതിയാണ് നമ്മുടെ രാജ്യത്ത്. വനനിയമം പരിഷ്‌കരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരല്ല. കേന്ദ്രമാണ് -അദ്ദേഹം പറഞ്ഞു.