IndiaNEWS

യെച്ചൂരിയുടെ പകരക്കാരന്‍: പി.ബി ഇന്ന് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ നിര്യാണത്തെത്തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കു നല്‍കണമെന്ന കാര്യം ഇന്ന് വൈകുന്നേരം ചേരുന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും. യെച്ചൂരിയുടെ ഭൗതികദേഹം പൊതു ദര്‍ശനം കഴിഞ്ഞ് ആശുപത്രിക്കു വിട്ടു നല്‍കിയ ശേഷം ഡല്‍ഹിയിലുള്ള എല്ലാ പി.ബി അംഗങ്ങളും കൂടിച്ചേരാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

ജനറല്‍ സെക്രട്ടറി പദവിയിലിരിക്കുമ്പോള്‍ മരണമടയുന്ന ആദ്യ നേതാവാണ് യെച്ചൂരിയെന്നതിനാല്‍ പാര്‍ട്ടിക്കു മുന്നില്‍ ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കേണ്ട മുന്‍ അനുഭവം ഉണ്ടായിട്ടില്ല. ഇന്ന് തീരുമാനിക്കണോ, അതോ ഈ മാസം 27 മുതല്‍ 30 വരെ നടക്കുന്ന പി.ബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ തീരുമാനിച്ചാല്‍ മതിയോയെന്നും ഇന്ന് കൂടിയാലോചിക്കും. പാര്‍ട്ടി തീരുമാനത്തിന് അന്തിമാംഗീകാരം നല്‍കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്.

Signature-ad

യെച്ചൂരി കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്നപ്പോള്‍ പതിനേഴംഗ പി.ബിയിലെ പാര്‍ട്ടി സെന്ററാണ് ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നത്. സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പി.ബി അംഗങ്ങള്‍ ഓരോരുത്തര്‍ക്കും ചുമതലകള്‍ വിഭജിച്ചു നല്‍കിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുന്ന സംഘടനാ സംവിധാനമല്ല സി.പി.എമ്മിന്റേത്. ജനറല്‍ സെക്രട്ടറിയടക്കം പത്തംഗങ്ങളാണ് പി.ബിയിലെ പാര്‍ട്ടി സെന്ററിലുള്ളത്. യെച്ചൂരിയുടെ വേര്‍പാടിനെത്തുടര്‍ന്ന് അത് ഒമ്പതായി.

മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം.എ.ബേബി, തപന്‍ സെന്‍, ബി.വി.രാഘവുലു, സുഭാഷിണി അലി, നീലോല്‍പ്പല്‍ ബസു, എ.വിജയരാഘവന്‍, അശോക് ധാവ്‌ളെ എന്നിവരാണ് മറ്റ് അംഗങ്ങള്‍. അടുത്തു ചേരുന്ന പി.ബി, സി.സി യോഗങ്ങളില്‍ ചര്‍ച്ച ചെയ്യാനുള്ള കുറിപ്പും സെന്ററിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്താണ് തയ്യാറാക്കുക.

പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത ഏപ്രിലില്‍ മധുരയില്‍ നടക്കുന്നതിനാല്‍ പുതിയ ജനറല്‍ സെക്രട്ടറിയെ അപ്പോള്‍ തിരഞ്ഞെടുക്കാനും, അതു വരെ താത്ക്കാലിക ചുമതല ഒരാള്‍ക്ക് നല്‍കാനുമാണ് സാധ്യത. പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ ഊഹാപോഹങ്ങള്‍ സജീവമാണ്. മൂന്നു ടേം ജനറല്‍ സെക്രട്ടറിയായിരുന്നയാളെന്ന നിലയില്‍ കാരാട്ടിന് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ ചുമതല നല്‍കാനിടയുണ്ട്.

എന്നാല്‍, പ്രായപരിധി കടന്നെങ്കിലും വൃന്ദാ കാരാട്ടിന് ഒരവസരം നല്‍കണമെന്ന വാദം ചര്‍ച്ചയാകുന്നുണ്ട്. ഈ നീക്കത്തെ കേരള ഘടകം പിന്തുണയ്ക്കുമോ എന്നാണ് അറിയേണ്ടത്. സീനിയോരിറ്റിയും, സ്വീകാര്യതയുമുള്ള നേതാവെന്ന നിലയില്‍ എം.എ.ബേബിയുടെ പേരും സജീവമാണ്. കേരള ഘടകത്തിന്റെ പ്രത്യേകിച്ച് പിണറായി വിജയന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. പി.ബിയില്‍ താരതമ്യേന ജൂനിയറാണെങ്കിലും പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേരും ബി.വി.രാഘവുലു, തപന്‍സെന്‍, മണിക് സര്‍ക്കാര്‍ എന്നീ പേരുകളും ചര്‍ച്ചയാകുന്നുണ്ട്.

 

Back to top button
error: