KeralaNEWS

ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ കണ്ട് ഇ.പി; കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞശേഷം ആദ്യം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി ജയരാജന്‍. ഡല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ഇതാദ്യമായാണ് ഇരുവരും നേരില്‍കാണുന്നത്.

കേരള ഹൗസിന്റെ മെയിന്‍ ബ്ലോക്കിലെ കൊച്ചിന്‍ ഹൗസില്‍ മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്താണ് ഇ.പി എത്തിയത്. കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു. അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി ഡല്‍ഹിയിലെത്തിയതായിരുന്നു ഇ.പി.

Signature-ad

മുഖ്യമന്ത്രിയുമായി നടന്നത് സാധാരണ കൂടിക്കാഴ്ചയാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം ജയരാജന്‍ പ്രതികരിച്ചത്.

ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ എല്ലാം മാധ്യമപ്രവര്‍ത്തകരോട് പങ്കുവയ്ക്കേണ്ട കാര്യമില്ല. ഇന്ന് സിതാറാം യെച്ചൂരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോവുകയാണ്. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യാം. രാഷ്ട്രീയകാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടെ ഇ.പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. ഇ.പിയുടെ പരിഭവം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്നാണു സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: