നിയമസഭ തിരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്ത്. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയില്‍ സജീവ പ്രവര്‍ത്തകര്‍ക്ക് അവസരം നലകണമെന്ന് ദളിത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പ്രതിപഗക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെ.പി.സി.സിയ്ക്കും ഇവര്‍ കത്തയച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, സെലിബ്രിറ്റിയായ ധര്‍മജനെ കോണ്‍ഗ്രസില്‍ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും തങ്ങള്‍ ധര്‍മജന് എതിരല്ലെന്നും ദളിത് കോണ്‍ഗ്രസ് പറയുന്നു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നായിരുന്നു ധര്‍മജന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നലെ ധര്‍മജന്‍ ഏത് മണ്ഡലത്തില്‍ മത്സരിക്കണമെന്നതിനെ സംബന്ധിച്ച് വടക്കന്‍ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനനുമായി കൂടിക്കാഴ്ച നടത്തിയതായാണ് പുറത്തുവരുന്ന വിവരം.
അതേസമയം,ഇടതു കോട്ട എന്നറിയപ്പെടുന്ന ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ കൂടി എത്തുമ്പോള്‍ മത്സരം കടക്കുമെന്നാണ് അഭിപ്രായം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബാലുശ്ശേരിയില്‍ 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതിനു വേണ്ടി കളത്തിലിറങ്ങിയ പുരുഷന്‍ കടലുണ്ടി കഴിഞ്ഞ തവണ ജയിച്ചത്. ബാലുശ്ശേരിയില്‍ നിന്നും രണ്ട് തവണ മത്സരിച്ച പുരുഷന്‍ കടലുണ്ടിക്ക് ഇത്തവണ മത്സര രംഗത്ത് നിന്നും വിട്ടു നില്‍ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും സൂചനകളുണ്ട്. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായ യുസി രാമനെയാണ് ഇദ്ദേഹം കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്. പുരുഷന്‍ കടലുണ്ടി പിന്‍മാറിയാല്‍ പകരം ആര് ധര്‍മ്മജന് എതിരെ നില്‍ക്കുമെന്ന കാര്യവും ശ്രദ്ധേയമാണ്. ധര്‍മ്മജന് വേണ്ടി ലീഗിന്റെ കൈയ്യില്‍ നിന്നും ബാലുശ്ശേരി വാങ്ങി പകരം ജില്ലയില്‍ തന്നെ മറ്റൊരു സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ചെറുപ്പം മുതല്‍ കെഎസ്യു അനുഭാവിയായിരുന്ന ധര്‍മ്മജന്‍ നേരത്തെ വൈപ്പിന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുക എന്നൊരു സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ യാതൊരു വിധത്തിലുള്ള ആലോചനകളും നടന്നിട്ടില്ല എന്നായിരുന്നു ധര്‍മ്മജന്റെ ആദ്യ പ്രതികരണം. ഇത്തവണ മത്സര രംഗത്തേക്ക് പുതുമുഖങ്ങളെ പരിഗണിക്കുന്നുവെന്നും താന്‍ മണ്ഡലത്തില്‍ താമസിക്കുന്ന പാര്‍ട്ടി അനുഭാവി ആണെന്നുള്ളതും പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി വാര്‍ത്തകള്‍ വന്നതെന്നായിരുന്നു ധര്‍മ്മജന്റെ പക്ഷം. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ ക്ഷണിച്ചാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് വരട്ടെ അപ്പോള്‍ കാണാം എന്നായിരുന്നു ധര്‍മ്മജന്റെ പ്രതികരണം. ഇപ്പോഴിതാ ധര്‍മജന്‍ ബാലുശ്ശേരിയില്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി മത്സരിക്കുമെന്നുമുള്ള വാര്‍ത്തകള്‍ ഏറെക്കുറെ സ്ഥിരീകരിച്ച നിലയിലാണ് പുറത്ത് വരുന്നത്.