IndiaNEWS

സുപ്രീം കോടതിയില്‍ വനിതാ വക്കീലിനെ കുരങ്ങ് കടിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതിക്കുള്ളില്‍ അപ്രതീക്ഷിത ആക്രമണം നേരിട്ടതിന്റെ ഞെട്ടലിലാണ് അഭിഭാഷക എസ്.സെല്‍വകുമാരി. കഴിഞ്ഞ ദിവസം സുപ്രീംകോടതി മ്യൂസിയത്തിനരികിലുള്ള ‘ജി’ ഗേറ്റിലൂടെ അകത്തേക്കു കടക്കമ്പോഴാണു സംഭവം. പെട്ടെന്ന് ഒരു സംഘം കുരങ്ങന്മാര്‍ പാഞ്ഞടുത്തു. ഭയന്നു നിലവിളിക്കുന്നതിനിടെ അതിലൊരെണ്ണം വലതുകാലില്‍ കടിച്ചു. ഉടന്‍ സുപ്രീം കോടതി ഡിസ്‌പെന്‍സറിയിലേക്ക് പോയെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. നേരെ റജിസ്ട്രാര്‍ കോടതിയുടെ അടുത്തുള്ള പോളിക്ലിനിക്കിലേക്കു പോയി.

അവിടെ ഡോക്ടര്‍മാരുണ്ട്. പക്ഷേ, മരുന്നില്ല. മുറിവു വച്ചുകെട്ടിയ ശേഷം ആര്‍എംഎല്‍ ആശുപത്രിയിലേക്ക് പോകാനാണ് അവര്‍ നിര്‍ദേശിച്ചത്. ഒടുവില്‍ ഹൈക്കോടതി ഡിസ്‌പെന്‍സറിയിലേക്ക് പോയി. അവിടെ മരുന്നുണ്ടായിരുന്നു. ടെറ്റനസ് കുത്തിവയ്പ്പും എടുത്തു. എങ്കിലും ഒരുറപ്പിന് വേണ്ടി ആര്‍എംഎലില്‍ ചെന്നു. അവിടെനിന്ന് 3 കുത്തിവയ്‌പ്പെടുത്തു. അടുത്ത ദിവസങ്ങളില്‍ വീണ്ടും കുത്തിവയ്‌പ്പെടുക്കണം. ‘ഇപ്പോള്‍ കടുത്ത പനിയുണ്ട്. പേടി വിട്ടുമാറിയിട്ടില്ല. സുപ്രീം കോടതിയുടെ ക്ലിനിക്കില്‍ പ്രാഥമിക ചികിത്സയ്ക്കുള്ള മരുന്നെങ്കിലും കരുതിവയ്ക്കണം. ഈ കുരങ്ങന്മാരെ തുരത്താന്‍ മരുന്നിനെങ്കിലും ഒരാളെ നിയമിക്കണം’ ബാര്‍ അസോസിയേഷനിലെ സ്ഥിരം അംഗമായ സെല്‍വകുമാരി പറഞ്ഞു.

Signature-ad

ജഡ്ജിമാരുടെ ബംഗ്ലാവിലേക്കുള്ള കുരങ്ങന്മാരുടെ കടന്നുകയറ്റം തടയാന്‍ ജീവനക്കാരെ നിയമിക്കുന്നതിന് 2002ല്‍ സുപ്രീം കോടതി കരാര്‍ ക്ഷണിച്ചിരുന്നു. ഡല്‍ഹിയിലെ അതിരൂക്ഷമായ കുരുങ്ങുശല്യം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കഴിഞ്ഞ വര്‍ഷം പൊതുതാല്‍പര്യ ഹര്‍ജിയുമെത്തി. എന്നാല്‍, നടപടി എടുത്തിട്ടില്ല.

 

Back to top button
error: