Social MediaTRENDING

നിര്‍വൃതി അഭിനയിക്കാന്‍ പറഞ്ഞു; ഇങ്ങനൊരു മോശം സീനായി മാറുമെന്ന് കരുതിയില്ല! ‘പൊന്നരഞ്ഞാണ’ത്തെപ്പറ്റി ഉഷ

രു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു ഉഷ. സൂപ്പര്‍ഹിറ്റായ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇടയ്ക്ക് സിനിമകളില്‍ നിന്നും ഗ്യാപ്പ് എടുത്തിരുന്നു. എന്തുകൊണ്ടാണ് ഉഷയ്ക്ക് സിനിമയില്ലാതായി പോയതെന്ന ചോദ്യം അവസാനിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരിലേക്കാണ്.

അദ്ദേഹത്തിന്റെ ഈഗോ കാരണമാണ് ഉഷയുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടതെന്നായിരുന്നു ആരോപണം. ഇതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് നടിയിപ്പോള്‍. മാത്രമല്ല പൊന്നരഞ്ഞാണം എന്ന സിനിമയില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നുവെന്നും നടി പറയുന്നു. ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഉഷ.

Signature-ad

എന്റെയൊരു വീഡിയോ വൈറലായിരുന്നു. ഇതിന് ശേഷം ഞാനൊരു അഭിമുഖവും കൊടുത്തു. ഈ വീഡിയോയുടെ താഴെ വന്ന കമന്റില്‍ ഭൂരിഭാഗം പേരും മമ്മൂക്കയെ കുറിച്ചാണ് എഴുതിയത്. ‘മമ്മൂട്ടിയെന്ന നടന്റെ ഈഗോ കാരണം അവസരം നഷ്ടപ്പെട്ട നടി’ എന്നായിരുന്നു പ്രധാനപ്പെട്ട കമന്റ്.

ഒരു സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ കാര്യത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ അദ്ദേഹം എന്റെ കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. ഈ ഫീല്‍ഡില്‍ തന്നെയുള്ള എഴുത്തുകാരും സംവിധായകരും തന്നെ പറഞ്ഞ കാര്യമാണ്. അവരുടെ പേരൊന്നും പറയുന്നില്ല. കാരണം ഒത്തിരി വര്‍ഷം മുന്‍പ് നടന്ന കഥകളാണ്.

കുറേ കാലത്തിന് ശേഷം ഇക്കാര്യം ഞാന്‍ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു. എങ്കില്‍ പിന്നെ വാ നമുക്ക് ഇപ്പോള്‍ തന്നെ ചോദിക്കാമെന്ന് പറഞ്ഞ് അദ്ദേഹം എന്റെ കൈയ്യില്‍ പിടിച്ചു. അമ്മയുടെ മീറ്റിങ്ങ് നടക്കുമ്പോഴാണ് ഈ സംഭവം. എന്നാല്‍ ഞാനത് വേണ്ടെന്ന് പറഞ്ഞു.

പിന്നെ മമ്മൂട്ടി ഫാന്‍സുകാര്‍ ആണെന്ന് തോന്നുന്നു, വേറെയും കമന്റുകളുമായി ചിലരെത്തിയിരുന്നു. പൊന്നരഞ്ഞാണം എന്ന സിനിമയില്‍ അഭിനയിച്ചത് കൊണ്ടാണ് എന്റെ അവസരങ്ങളൊക്കെ നഷ്ടപ്പെട്ടതാണെന്നാണ് മറ്റൊരു കമന്റ്. പൊന്നരഞ്ഞാണം സിനിമ തെറ്റാണ്. ആ സിനിമയും വടക്കുനോക്കിയന്ത്രം എന്ന സിനിമയും തിരഞ്ഞെടുത്തത് തെറ്റ് തന്നെയാണ്.

പൊന്നരഞ്ഞാണം ഏറ്റെടുക്കാനുണ്ടായ കാരണം കൂടി പറയാം. ആ സിനിമയുടെ സംവിധായകന്‍ ബാബു ചേട്ടന്റെ ആദ്യ പടം അനഘയാണ്. അതില്‍ പാര്‍വതിയാണ് നായികയായി അഭിനയിച്ചത്. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ഇതിലൂടെ അദ്ദേഹം വാങ്ങിച്ചിരുന്നു.

പിന്നെ കലൂര്‍ ഡെന്നീസ് ചേട്ടനാണ് തിരക്കഥാകൃത്ത്. എത്രയോ ഹിറ്റ് സിനിമകളുടെ എഴുത്തുകാരനാണ്. നന്നായി ചെയ്യുന്ന പടമായിരിക്കുമെന്ന് കരുതിയാണ് ആ പടം കമ്മിറ്റ് ചെയ്തത്. പക്ഷേ ലൊക്കേഷനില്‍ ചെന്ന് കഴിഞ്ഞപ്പോഴാണ് കാര്യം മനസിലായത്. ഇറക്കം കുറഞ്ഞ നിക്കറുമിട്ട് അവിടെ കുറേ പെണ്ണുങ്ങള്‍ നില്‍പ്പുണ്ട്.

ഇതെന്താണ് പെണ്ണുങ്ങളൊക്കെ തുണിയില്ലാതെ നില്‍ക്കുന്നതെന്ന് ഞാന്‍ വാപ്പയോട് ചോദിച്ചിരുന്നു. അരഞ്ഞാണം പാരമ്പര്യമായി കിട്ടുന്നൊരു തറവാട്ടിലെ കുട്ടിയാണ് എന്റെ കഥാപാത്രമെന്ന് നേരത്തെ പറഞ്ഞിരുന്നു. രണ്ട് തവണ അരഞ്ഞാണം കെട്ടുന്ന സീനുണ്ടാവുമെന്നും സൂചിപ്പിച്ചു.

പക്ഷേ ഒന്ന് രണ്ട് തവണ മാത്രമല്ല, വേറെ ഓരോ സീനുകളും ചെയ്യണമെന്ന് പറഞ്ഞതോടെ വാപ്പ പ്രശ്നമുണ്ടാക്കി തുടങ്ങി. ഇതോടെ അന്നത്തെ മാഗസിനുകളില്‍ ചില കഥകളും ഇറങ്ങി. പൊന്നരഞ്ഞാണത്തിന്റെ ലൊക്കേഷനില്‍ പോലീസ് കാവല്‍ എന്നൊക്കെയാണ് വാര്‍ത്ത വന്നത്. വാപ്പ പോലീസ് ആയത് കൊണ്ടായിരുന്നു അങ്ങനൊരു വാര്‍ത്തയായത്.

മോശമായ സീനുകളിലൊന്നും അഭിനയിക്കില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതൊന്നും വേണ്ട, ഇങ്ങനെ ചെയ്താല്‍ മതി, നിര്‍വൃതി അഭിനയിക്കൂ.. എന്നൊക്കെയാണ് സംവിധായകന്‍ പറഞ്ഞത്. ഇതൊക്കെ ഏത് സീനിലേക്കാണെന്ന് അറിയില്ലായിരുന്നു. പിന്നീട് ഡ്യൂപ്പിനെ കയറ്റിയാണ് ആ സീനുകളൊക്കെ ചെയ്തത്.

അന്നത്തെ കാലത്ത് അങ്ങനെയാക്കെ ചെയ്യുമായിരുന്നു. പടം റിലീസായതിന് ശേഷമാണ് നമ്മളും ഞെട്ടി പോയത്. ആ സിനിമ ഞാനിതുവരെ കണ്ടിട്ടില്ല. പക്ഷേ കണ്ടവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ആ പടം ചെയ്തത് വല്ലാത്തൊരു തെറ്റായി പോയി. അതൊരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് ഉഷ പറയുന്നത്.

 

Back to top button
error: