ചെന്നൈ: മെമു ട്രെയിനുകള്‍ക്ക് പകരക്കാരനായി എത്തുന്ന വന്ദേ മെട്രോയുടെ പരീക്ഷണയോട്ടം പൂര്‍ത്തിയായി. ചെന്നൈയിലാണ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. 120 കിലോ മീറ്റര്‍ വരെ വേഗതയിലാണ് ട്രെയിന്‍ പരീക്ഷണയോട്ടം നടത്തിയത്.
12 കോച്ചുകളായിരിക്കും വന്ദേ മെട്രോയിലുണ്ടാവുക. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചാവും സര്‍വീസ് നടത്തുക. 150 മുതല്‍ 200 കിലോ മീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള റൂട്ടുകളിലാവും ഇത് ഉപയോഗിക്കുക. വന്ദേ മെട്രോയുടെ ആദ്യ സര്‍വീസ് മുംബൈയിലായിരിക്കും നടക്കുക.
പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ വന്ദേ മെട്രോ കോച്ചുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. വൈകാതെ വിവിധ സോണുകള്‍ക്ക് എത്ര വന്ദേ മെട്രോ കോച്ചുകള്‍ നല്‍കണമെന്നതില്‍ തീരുമാനമുണ്ടാകും.
കേരളത്തില്‍ എറണാകുളം-കോഴിക്കോട്, കോഴിക്കോട്-മംഗലാപുരം, തിരുവനന്തപുരം-എറണാകുളം റൂട്ടുകളാണ് സര്‍വീസിനായി പരിഗണിക്കുന്നത്. വന്ദേ മെട്രോയുടെ ഓരോ കോച്ചിലും 200 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. ഓട്ടോമാറ്റിക് വാതിലുകള്‍, മെച്ചപ്പെട്ട ടോയ്ലറ്റ് സൗകര്യങ്ങള്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങള്‍ വന്ദേ മെട്രോ വാഗ്ദാനം ചെയ്യുന്നുണ്ട്.