KeralaNEWS

ബെംഗളൂരുവില്‍ എല്‍എല്‍ബിക്ക് പഠിക്കണം: ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ അനുപമയ്ക്ക് ജാമ്യം

   കൊല്ലം ഓയൂരില്‍ 6 വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ  കേസിലെ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബെംഗളൂരുവില്‍ എല്‍എല്‍ബിക്ക് പഠിക്കുന്നതിന് ജാമ്യം അനുവദിക്കണം എന്നായിരുന്നു ആവശ്യം.

അനുപമയാണ് സംഭവത്തിന്റെ ആസൂത്രകയെന്ന് സര്‍ക്കാര്‍ അഭിഭാഷകർ വാദിച്ചെങ്കിലും ജസ്റ്റിസ് സി.എസ് ഡയസ്സിന്റെ ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു. കേസുമായി അനുപമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും കേസിലെ ഒന്നും രണ്ടും പ്രതികള്‍ മാതാപിതാക്കളാണെന്നും പഠനാവശ്യത്തിന് വേണ്ടിയാണ് ജാമ്യം ആവശ്യപ്പെടുന്നതെന്നും അനുപമയുടെ അഭിഭാഷകന്‍ വാദിച്ചു.

Signature-ad

കൊല്ലം ജില്ലയില്‍ പ്രവേശിക്കരുത്,
പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എല്ലാ മാസവും മൂന്നാമത്ത ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വർഷം നവംബർ 27ന് വൈകുന്നേരം 4.30ഓടെ ഓയൂർ ഓട്ടുമലയിൽ നിന്നാണ് 6 വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ജ്യേഷ്ഠനൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോയ കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെആർ പത്മകുമാർ (52), ഭാര്യ എംആർ അനിതകുമാരി (45), മകൾ അനുപമ പത്മകുമാർ (20) എന്നിവരാണ് കേസിലെ പ്രതികൾ. കുട്ടിയെ തട്ടിയെടുത്തതിന് പിന്നാലെ 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം പാരിപ്പള്ളിയിലെ ഒരു കടയുടമയുടെ ഫോണിൽനിന്ന് വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. ഇതിനിടെ പിറ്റേ ദിവസം ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തമിഴ്നാട് തെങ്കാശിയിലെ പുളിയറയിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം ചെയ്തത്. 5 കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്ന് പത്മകുമാർ പോലീസിന് മൊഴി നൽകിയിരുന്നു.
പ്രതി അനുപമയ്ക്ക് 4 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. പത്മകുമാറും അനിതകുമാരിയും ഇപ്പോഴും ജയിലിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: