രണ്ടെണ്ണം അടിച്ചാലോ എന്നല്ല മുഴുവന്‍ അടിച്ചാലോ എന്നാണ് അവര്‍ ചോദിച്ചതും ചെയ്തതും; സ്ത്രീശക്തിയില്‍ ആഗ്രയില്‍ തകര്‍ന്നുവീണത് ഒരു മദ്യ വില്പനശാല; നാട് നന്നാവാന്‍ ഇതേ വഴിയുള്ളൂ എന്ന് സ്ത്രീകള്‍

ആഗ്ര : പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലേ… കേട്ടിട്ടില്ലെങ്കില്‍ ആഗ്രക്കാര്‍ അത് കണ്ടു.
ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലുള്ള മഹുവ ഗ്രാമത്തിലുള്ള ആണുങ്ങള്‍ രണ്ടെണ്ണം അടിച്ചാലോ എന്ന് ചോദിച്ചാണ് ഗ്രാമത്തിലെ മദ്യ വില്പനശാലയിലേക്ക് പോകാറുള്ളത്.
എന്നാല്‍ രണ്ടെണ്ണം അടിച്ചാലോ എന്നല്ല മുഴുവന്‍ അടിച്ചാലോ എന്നും ചോദിച്ചാണ് ഗ്രാമത്തിലെ സ്ത്രീകള്‍ ആ മദ്യ വില്പനശാലയിലേക്ക് പോയത്.
പിന്നെ കണ്ടത് ഒരു ഷാജി കൈലാസ് സിനിമയുടെ ക്ലൈമാക്‌സ് പോലെയാണ്.
ആ മദ്യശാല സ്ത്രീകള്‍ അടിച്ചു തകര്‍ത്തു സ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബാറുകളും മദ്യ വില്പന ശാലകളും കള്ളുഷാപ്പുകളും ഒക്കെ പൂട്ടേണ്ടി വന്നിട്ടുണ്ട് മുന്‍പും ഇന്ത്യയുടെ പല ഭാഗത്തും. അതിലെ ഏറ്റവും പുതിയ സംഭവമാണ് ആഗ്രയില്‍ നടന്നത്
ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലുള്ള മഹുവ ഗ്രാമത്തിലെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം ഈ മദ്യശാലയാണെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയത്. പിന്നാലെ അവര്‍ മദ്യശാല ഏതാണ്ട് പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തു.
ആഗ്ര- ജയ്പൂര്‍ ഹൈവേയില്‍ കിരാവലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മദ്യശാലയ്ക്ക് മുന്നിലായിരുന്നു സംഭവം. പ്രതിഷേധം അക്രമാസക്തമായതോടെ സ്ത്രീകള്‍ കടയ്ക്കുള്ളില്‍ കയറി മദ്യക്കുപ്പികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. റോഡിലിട്ട് കുപ്പികള്‍ ഓരോന്നായി തല്ലി തകര്‍ക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. കടയുടെ ബോര്‍ഡും സ്ത്രീകള്‍ അടിച്ച് തകര്‍ത്തു. സ്ത്രീകള്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചെത്തിയതോടെ ജീവനക്കാരന്‍ കടയുടെ ഉള്ളില്‍ കയറി വാതിലടച്ച് രക്ഷപ്പെട്ടു.
ഗ്രാമത്തിലെ സൈ്വര്യ ജീവിതത്തിനും ആണുങ്ങള്‍ പണിയെടുത്തുണ്ടാക്കുന്ന പൈസ മദ്യശാലയില്‍ കൊണ്ടുകൊടുക്കാതിരിക്കാനും വേണ്ടിയാണ് തങ്ങള്‍ മദ്യശാല തല്ലിത്തകര്‍ത്തതെന്ന് ഗ്രാമത്തിലെ സ്ത്രീകള്‍ പറഞ്ഞു.






