നിങ്ങളെന്നെ വര്‍ഗീയവാദിയാക്കി; ലീഗിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി; മുസ്ലിം സമുദായത്തെയല്ല മുസ്ലീം ലീഗിനെയാണ് താന്‍ വിമര്‍ശിക്കുന്നതെന്നും നടേശന്‍; ലീഗ് മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുക്കുന്നു; അവര്‍ക്ക് മണിപവറിന്റെയും മസില്‍ പവറിന്റെയും ധാര്‍ഷ്ഠ്യവും അഹങ്കാരവുമെന്ന് വെള്ളാപ്പള്ളി നടേശന്‍; ലീഗിനെ പ്പോലെ മത സൗഹാര്‍ദം തകര്‍ക്കുന്ന പാര്‍ട്ടി വേറെയില്ലെന്നും

ആലപ്പുഴ: മണി പവറിന്റെയും മസില്‍ പവറിന്റെയും ധാര്‍ഷ്ഠ്യവും അഹങ്കാരവുമാണ് മുസ്ലിം ലീഗിനെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ലീഗിനെതിരെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രൂക്ഷവിമര്‍ശനമാണ് ലീഗിനെതിരെ വെള്ളാപ്പള്ളി ഉന്നയിച്ചത്.
നേരത്തെ മലപ്പുറം ജില്ലക്കെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിക്കൊരു കാരണം വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളാണെന്ന ആരോപണം ശക്തമായി നില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും വെള്ളാപ്പള്ളി ലീഗിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടിയാണെന്നും എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുമെന്നതില്‍ സംശയില്ല.
തന്നെ മുസ്ലീം വിരോധിയായി കണ്ട് വേട്ടയാടുകയാണെന്ന പരാതിയും വെള്ളാപ്പള്ളി ഉന്നയിച്ചു. പറഞ്ഞതിലെല്ലാം ഉറച്ച് നില്‍ക്കുകയാണെന്നും എന്നും അര്‍ഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ സഞ്ചരിക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ പാതയിലാണ്. എന്നാലിപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയ വാദി എന്നാണ് തന്നെ മുസ്ലിം ലീഗ് പ്രചരിപ്പിക്കുന്നത്. എന്നെ ദേശീയവാദിയായി അവര്‍ തന്നെ കൊണ്ടുനടന്ന കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ വര്‍ഗീയ വാദി ആക്കിയതിന്റെ ചരിത്രം കേരളം അറിയണം. എനിക്ക് ജാതി ചിന്ത ഇല്ല. ജാതി വിവേചനം ചൂണ്ടിക്കാണിക്കും. അര്‍ഹത ചോദിച്ചു വാങ്ങുന്നത് ജാതി പറയലല്ല.
മുസ്ലിം ലീഗിന് ദാര്‍ഷ്ട്യവും അഹങ്കാരവുമാണ്. മണി പവറും മസില്‍ പവറും ഉള്ളവരാണ് അവര്‍. എല്ലാം മലപ്പുറത്തേക്ക് ഊറ്റി എടുക്കുന്നു. മതേതരത്വവും ജനാധിപത്യവും പറയുന്ന ലീഗ് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ലീഗില്‍ തന്നെ സമ്പന്നര്‍ക്കാണ് ആനുകൂല്യങ്ങള്‍. കോളേജുകള്‍ പോലും മുസ്ലിങ്ങളിലെ സമ്പന്നരുടെ ട്രസ്റ്റുകള്‍ക്കാണ് ലീഗ് നല്‍കിയത്.
ഭരണം കൈവിട്ടപ്പോള്‍ ലീഗ് തന്നെ വന്ന് കണ്ടിരുന്നു. ഇനി ഒരുമിച്ച് പോകാമെന്ന് പറഞ്ഞു. എന്നാല്‍ തനിക്ക് അതിന് പറ്റില്ലെന്നും ലീഗിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അന്ന് തന്നെ പറഞ്ഞിരുന്നെന്നും വെള്ളാപ്പള്ളി നടേശന്‍ വെളിപ്പെടുത്തി.
മലപ്പുറത്ത് താന്‍ പ്രസംഗിച്ചപ്പോള്‍ മുസ്ലീം സമുദായത്തെ ആക്ഷേപിച്ചു എന്ന് പ്രചരിപ്പിച്ചു. മുസ്ലീം സമുദായത്തെ അല്ല, ലീഗിനെ ആണ് എതിര്‍ത്തത്. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന് പറഞ്ഞ് തന്നെ തീവ്രവാദിയാക്കി ചിത്രീകരിച്ചു. മുസ്ലീം ലീഗിനെതിരെ എകെ ആന്റണി സംസാരിച്ചപ്പോള്‍ ആന്റണിയെ താഴെയിറക്കാന്‍ ശ്രമിച്ചു. എന്നെ ഇപ്പോള്‍ വര്‍ഗീയ വാദിയാക്കി. ഞാന്‍ എന്ത് തെറ്റ് ചെയ്തു? പണവും പ്രതാപവും ഉണ്ടെന്ന് കരുതി എല്ലാവരെയും കൂടെ നിര്‍ത്താം എന്ന് വിചാരിക്കരുത്.

ഫസല്‍ ഗഫൂര്‍ വലിയ കൊള്ള നടത്തുന്നു. അയാളാണ് എന്നെ ചീത്ത പറയുന്നത്. ലീഗിനെ പ്പോലെ മത സൗഹാര്‍ദം തകര്‍ക്കുന്ന പാര്‍ട്ടി വേറെയില്ലെന്നും തന്റെ സമുദായത്തിന്റെ ദു:ഖം പറഞ്ഞതിന് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കാറില്‍ കയറിയതിന് ഇത്രമാത്രം വിമര്‍ശനം ഉയരാന്‍ കാരണമെന്താണെന്ന് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ കാറില്‍ കയറാതിരിക്കാന്‍ തനിക്ക് തീണ്ടലുള്ളതാണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി മുഖ്യമന്ത്രി പോകുന്ന കാറിനെക്കാള്‍ വലിയ വാഹനങ്ങള്‍ തനിക്ക് ഉണ്ടെന്നും പറഞ്ഞു.






