NEWSWorld

ബൈഡന്റെ ‘ഭാവി’ ഡോക്ടര്‍മാരുടെ കയ്യില്‍; മത്സരത്തില്‍ നിന്ന് പിന്മാറുമോ? തീരുമാനം കാത്ത് ഡെമോക്രാറ്റുകള്‍

വാഷിങ്ടണ്‍: പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഏതെങ്കിലും രോഗം സ്ഥിരീകരിക്കുകയും ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ പിന്മാറുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന് ബൈഡന്‍ വ്യക്തമാക്കി. ഇതാദ്യമായാണ് വിഷയത്തില്‍ ബൈഡന്‍ പ്രതികരിക്കുന്നത്.

അതേസമയം, എന്തുതരം രോഗത്തെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് 81കാരനായ ബൈഡന്‍ വ്യക്തമാക്കിയില്ല. ബിഇടി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബൈഡന്റെ പ്രതികരണം. രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റാകാന്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ട്രംപിന് ഏറ്റവും മികച്ച എതിരാളി താനാണെന്നും മുന്‍പ് ബൈഡന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബൈഡന് സന്ധിവാതവും ഉറക്കം സംബന്ധിച്ച രോഗവുമുണ്ടെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ കെവിന്‍ ഒ കെന്നര്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബൈഡന്‍ ആരോഗ്യവാനാണെന്നും അന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Signature-ad

ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരിക്കുകയാണ്. ലാസ് വേഗസില്‍ യുണിഡോസ് യുഎസ് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ച വിവരം ബൈഡന്‍ തന്റെ എക്‌സ് പേജിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു.

ബൈഡന് മൂക്കൊലിപ്പ്, ചുമ, ശാരീരിക ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ പ്രകടമാണെന്നും കൊവിഡ് വാക്‌സിന്‍ എടുത്തെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഡെലവെയിലെ റെഹോബോത്ത് ബീച്ചിന് അടുത്തുള്ള ?വസതിയില്‍ ബൈഡന്‍ ഐസലേഷനില്‍ പ്രവേശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയര്‍ വ്യക്തമാക്കി.

 

 

Back to top button
error: