CrimeNEWS

നല്ല ബെസ്റ്റ് കുടുംബം! അച്ഛന്‍ ഖേദ്കര്‍ക്ക് അഴിമതിക്കേസില്‍ രണ്ടുവട്ടം സസ്പെന്‍ഷന്‍, തോക്ക് ചൂണ്ടിയ കേസില്‍ അമ്മ അകത്ത്

മുംബൈ: വിവാദ ഐ.എ.എസ് ട്രെയ്നി, പൂജ ഖേദ്കറിന്റെ അച്ഛന്‍ ദിലീപ് ഖേദ്കറിനെ അഴിമതിക്കേസില്‍ സസ്പെന്‍ഡ് ചെയ്തത് രണ്ടുവട്ടം. കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഇയാള്‍ നിലവില്‍ ഒളിവിലാണ്. ഈ കേസില്‍ പ്രതിയായ ദിലീപിന്റെ ഭാര്യ മനോരമയെ പുണെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെയാണ് റായ്ഗഢിലെ ലോഡ്ജില്‍നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. 2023ല്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നു ദിലീപിന്റെ രാജി ചോദിച്ചുവാങ്ങുകായിരുന്നു.

വരുമാനത്തിനും അപ്പുറം സ്വത്തുണ്ടെന്ന പരാതിയെ തുടര്‍ന്ന് പൂനെ അഴിമതി വിരുദ്ധ ബ്യൂറോയും ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018ലും 2020ലും ആണ് ദിലീപ് ഖേദ്കര്‍ സസ്പെന്‍ഷന്‍ നേരിട്ടത്. 2015ല്‍ 300 ചെറുകിട വ്യവസായികളെങ്കിലും ദിലീപ് ഖേദ്കറിനെതിരെ പരാതി ഉന്നയിച്ചതായാണ് എന്‍.ഡി.ഡി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Signature-ad

അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് ദിലീപ് പണം ഈടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് വ്യാപാരികള്‍ പരാതി നല്‍കിയിരുന്നത്. 2018ല്‍ ദിലീപ് ഖേദ്കര്‍ കോലാപ്പൂരില്‍ റീജിയണല്‍ ഓഫീസറായി ജോലി ചെയ്യവെ, വൈദ്യുതിയും ജലവിതരണവും പുനഃസ്ഥാപിക്കാന്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാരോപിച്ച് തടി മില്‍ വ്യാപാരികളുടെ സംഘടന അദ്ദേഹത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഒരിക്കല്‍ ആറ് മുതല്‍ ഏഴ് മാസം വരെ അനുമതിയില്ലാതെ ദിലീപ് ലീവെടുത്തിട്ടുണ്ട്. 2019ല്‍ ഒരു കമ്പനിയില്‍ നിന്ന് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. നിരന്തരം ആക്ഷേപങ്ങള്‍ വരുന്നതിനാലാണ് നടപടി എടുത്തതെന്ന് ദിലീപിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

പൂജ ഖേദ്കറിനെതിരായ പരാതി പ്രളയത്തിനിടെയാണ് ദിലീപ് ഖേദ്കറുടെ സ്വത്തുക്കള്‍ അന്വേഷണ പരിധിയില്‍ വന്നത് എന്നതാണ് ശ്രദ്ധയം. ദിലീപ് ഖേദ്കറുടെ ഉടമസ്ഥതയിലുള്ള ഭൂമി, കാറുകള്‍, കമ്പനികള്‍ എന്നിവയൊക്കെ ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. ഒളിവില്‍ പോകുന്നതിന് മുമ്പ് ഇവരെ മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.

 

 

 

Back to top button
error: