CrimeNEWS

‘അടിച്ച് ഫിറ്റായി’ ശിവസേനാ നേതാവിന്റെ മകനോടിച്ച ആഡംബര കാറിടിച്ച് വീട്ടമ്മ മരിച്ചു; കാമുകിയോട് യാത്ര പറഞ്ഞ് പ്രതി മുങ്ങി, പിതാവ് കസ്റ്റഡിയില്‍

മുംബൈ: രണ്ട് പേരുടെ മരണത്തിനിടയാക്കിയ പൂനെ പോര്‍ഷെ കാര്‍ അപകടത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് മുംബൈയിലും സമാന സംഭവം. ശിവസേനാ ഷിന്‍ഡെ വിഭാഗം നേതാവിന്റെ മകന്‍ മദ്യപിച്ച് അമിതവേ?ഗത്തിലോടിച്ച ബിഎംഡബ്ല്യു കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. വര്‍ളി സ്വദേശിനി കാവേരി നഖ്വ(45) യാണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വര്‍ളിയിലെ ഹൈവേയിലായിരുന്നു അപകടം. മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ ശിവസേനാ ഷിന്‍ഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷാ(24) ഓടിച്ച കാര്‍ ഇടിച്ചാണ് സ്ത്രീ മരിച്ചത്. ഭര്‍ത്താവ് പ്രദിപ് നക്വയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന കാവേരിയെ മിഹിര്‍ ഷായോടിച്ച കാര്‍ പിന്നില്‍ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മത്സ്യവില്‍പ്പനക്കാരിയായ കാവേരി മീന്‍ വാങ്ങാനായി മാര്‍ക്കറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

Signature-ad

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഉയര്‍ന്ന് കീഴ്‌മേല്‍ മറിയുകയും കാവേരിയും പ്രദിപും കാറിന്റെ ബോണറ്റിലേക്ക് വീഴുകയും ചെയ്തു. പ്രാണരക്ഷാര്‍ഥം പ്രദിക് ബോണറ്റില്‍ നിന്നും ചാടിയിറങ്ങിയെങ്കിലും കാവേരിക്ക് രക്ഷപ്പെടാനായില്ല. കാറില്‍ കുരുങ്ങിയ കാവേരിയുമായി വാഹനം 100 മീറ്റര്‍ മുന്നോട്ടേക്ക് പോയി. ആളുകള്‍ ഓടിക്കൂടിയതോടെ കാറുമായി മിഹിര്‍ സംഭവസ്ഥലത്തുനിന്നും കടന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കാവേരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തുടര്‍ന്ന് ബാന്ദ്ര ഈസ്റ്റിലെ കാല നഗറില്‍ ബിഎംഡബ്ല്യു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മിഹിര്‍ ഷാ കാര്‍ അവിടെ ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഒളിവിലുള്ള മിഹിര്‍ ഷായെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണെന്ന് പൊലീസ് പറയുന്നു.

എന്നാല്‍, ഇയാളുടെ പിതാവായ രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിനു കാരണമായ ആഡംബര കാര്‍ രാജേഷ് ഷായുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ ഡ്രൈവര്‍ രാജഋഷി ബിദാവത്തിനെയും കസ്റ്റഡിയിലെടുത്തു. സംഭവസമയം, മിഹിര്‍ ഷായ്‌ക്കൊപ്പം രാജഋഷിയും കാറിലുണ്ടായിരുന്നു. അപകടശേഷം രാജഋഷിയും ഒരു ഓട്ടോറിക്ഷയില്‍ കയറി ബോറിവലിയിലേക്ക് പോവുകയായിരുന്നു.

ഒളിവില്‍ പോകുന്നതിന് മുമ്പ് മിഹിര്‍ കാമുകിയുടെ വീട്ടില്‍ പോയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിക്ക് അഭയം നല്‍കിയതിന് പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. അപകടത്തിന് മുമ്പ് ജുഹുവിലെ ബാറിലെത്തി മിഹിര്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇയാള്‍ ബാറിലെത്തിയത്. തുടര്‍ന്ന് യാത്ര തുടരുന്നതിനിടെ, ഇടയ്ക്കുവച്ച് ഡ്രൈവറോട് താന്‍ കാര്‍ ഓടിച്ചുകൊള്ളാമെന്ന് പറഞ്ഞു. പിന്നാലെയാണ് അപകടമുണ്ടായത്.

 

 

Back to top button
error: