തിരുവനന്തപുരം: കണക്കുകൂട്ടലിലെ പിഴവുമൂലം പ്ലസ്ടു ഫിസിക്‌സ് പരീക്ഷയിലെ 7 മാര്‍ക്ക് നഷ്ടപ്പെട്ടതു കണ്ടെത്തി പരാതിപ്പെട്ട വിദ്യാര്‍ഥിക്ക് ആ മാര്‍ക്ക് തിരിച്ചു കിട്ടിയെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷയിലെ 7 മാര്‍ക്ക് വെട്ടിക്കുറച്ചു! ഇതോടെ ആകെ മാര്‍ക്കില്‍ വ്യത്യാസമില്ലാതായി. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് നേരത്തേ നല്‍കിയിരുന്ന മാര്‍ക്കില്‍ കുറവ് വരുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗത്തിന്റേതാണ് വിചിത്ര നടപടി.
പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ഗവ.എച്ച്എസ്എസ് വിദ്യാര്‍ഥിയായിരുന്ന അംജിത് അനൂപിനാണ് അധികൃതരുടെ പിഴവ് മൂലം രണ്ട് തവണയായി അര്‍ഹമായി മാര്‍ക്ക് നഷ്ടപ്പെട്ടത്. പ്ലസ്ടു ഫലം വന്നപ്പോള്‍ ഫിസിക്‌സ് എഴുത്തുപരീക്ഷയില്‍ 60ല്‍ 44 മാര്‍ക്കാണ് ഉണ്ടായിരുന്നത്. നേരത്തേ നടന്ന പ്രാക്ടിക്കല്‍ പരീക്ഷയില്‍ 40ല്‍ 35 മാര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ മൂല്യനിര്‍ണയത്തിന് 20 മാര്‍ക്കുമുണ്ട്. ഇതിനൊപ്പം സ്‌കൗട്ടിന്റെ ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്ത് 120ല്‍ 115 മാര്‍ക്കാണ് ആകെ ലഭിച്ചത്.
ഹയര്‍ സെക്കന്‍ഡറിയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ എഴുത്തുപരീക്ഷയില്‍ 2 പേര്‍ 2 തവണയായി മൂല്യ നിര്‍ണയം നടത്തി അതില്‍ ഉയര്‍ന്ന മാര്‍ക്കാണ് പരിഗണിക്കുന്നത്. ഡബിള്‍ വാല്യുവേഷനായതിനാല്‍ ഈ വിഷയങ്ങള്‍ക്ക് പുനര്‍മൂല്യ നിര്‍ണയം സാധ്യമല്ല. എന്നാല്‍, ഫിസിക്‌സിന് ഇതിലുമേറെ മാര്‍ക്ക് കിട്ടാന്‍ സാധ്യതയുണ്ടെന്ന് ഉറപ്പായിരുന്ന അംജിത് ഉത്തരക്കടലാസിന്റെ പകര്‍പ്പ് ഫീസടച്ച് വാങ്ങിയപ്പോഴാണ് കണക്കുകൂട്ടിയതിലെ പിഴവ് വ്യക്തമായത്. ആദ്യ മൂല്യനിര്‍ണയത്തില്‍ 50, രണ്ടാമത്തെ മൂല്യ നിര്‍ണയത്തില്‍ 51 എന്ന ക്രമത്തിലാണ് മാര്‍ക്ക് ഉത്തരക്കടലാസില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, ടാബുലേഷന്‍ ഷീറ്റില്‍ മാര്‍ക്ക് പകര്‍ത്തി എഴുതിയതില്‍ സംഭവിച്ച പിഴവു മൂലം കൂട്ടിയെടുത്തപ്പോള്‍ 44 ആയി കുറഞ്ഞു.
ഈ പിഴവ് തിരുത്താന്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് പുതിയ മാര്‍ക്ക് ലിസ്റ്റ് ലഭിച്ചപ്പോള്‍ എഴുത്ത് പരീക്ഷയ്ക്ക് 51 മാര്‍ക്ക് നല്‍കിയെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷയിലെ 35 മാര്‍ക്ക് 28 ആയി വെട്ടിക്കുറച്ചു. അതോടെ ആകെ മാര്‍ക്ക് 115 തന്നെയായി. വീണ്ടും പരാതി നല്‍കാനാണ് അംജിത്തിന്റെ തീരുമാനം. ആകെ മാര്‍ക്കില്‍ കാര്യമായ വര്‍ധന സംഭവിച്ചാല്‍ ടാബുലേഷന്‍ നടത്തിയവര്‍ക്കെതിരെ നടപടി വേണ്ടിവരുമെന്നതിനാല്‍ അതൊഴിവാക്കാനാണ് ഈ ‘വെട്ടിക്കുറയ്ക്കല്‍’ എന്നാണ് ആരോപണം. പുനര്‍മൂല്യ നിര്‍ണയത്തില്‍ ചെറിയ മാര്‍ക്കിന്റെ വ്യത്യാസം വന്നാല്‍ പോലും ആദ്യം മൂല്യനിര്‍ണയം നടത്തിയ അധ്യാപകനെതിരെ നടപടിയുണ്ടാകാറുണ്ട്.
പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്കില്‍ കുറവ് വരുത്താറില്ലെന്നും പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറി പറഞ്ഞു.