ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 1-ലെ മേല്‍ക്കൂര തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. മേല്‍ക്കൂരയ്ക്കു പുറമേ ടെര്‍മിനലിന്റെ തൂണുകളും തകര്‍ന്ന് വീണിട്ടുണ്ട്. ടെര്‍മിനലിന്റെ പിക്ക്-അപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെയെല്ലാം രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്. ടെര്‍മിനല്‍ 1നിന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ മാത്രമാണുള്ളത്. ഇതു വഴിയുള്ള പ്രവര്‍ത്തനം ടെര്‍മിനല്‍ 2,3, എന്നിവയിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു. അപകട സമയം ടെര്‍മിനല്‍ ഒന്നിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ വിമാനങ്ങളില്‍ കയറിയതായും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. പല റോഡുകളിലും വാഹനങ്ങള്‍ പകുതിയോളം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇതു വഴിയുള്ള യാത്രയും ദുഷ്ക്കരമാണ്. കനത്ത ചൂടിന് മഴ ആശ്വാസമാകുമെങ്കിലും ലഭിക്കുന്ന മഴയുടെ അളവ് വര്‍ദ്ധിച്ചാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടും.