നിലവിൽ ടീമിൽ ഇടങ്കയ്യൻ ബാറ്റ്സ്മാൻമാരുടെ അതിപ്രസരം, എതിരാളികൾക്ക് കാര്യങ്ങൾ ഈസിയാകും!! സഞ്ജു ഫോമിലല്ലായിരിക്കാം, ഓഫ് സ്പിന്നിനെ നേരിടാൻ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നത് തന്ത്രപരമായ നീക്കമായിരിക്കും- മുഹമ്മദ് കൈഫ്

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ ടീം ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ നിർണ്ണായക മാറ്റം നിർദ്ദേശിച്ച് മുൻ താരം മുഹമ്മദ് കൈഫ്. നിലവിൽ ടീമിൽ ഇടംകൈയൻ ബാസ്റ്റർമാരുടെ അതിപ്രസരമാണെന്നും ഇത് എതിരാളികൾക്ക് അഡ്വാന്റേജാകുമെന്നും കൈഫ് മുന്നറിയിപ്പ് നൽകി. ഫോമില്ലെങ്കിൽ പോലും ഒരു സ്പെഷ്യലിസ്റ്റ് വലംകൈയൻ ബാസ്റ്റർ എന്ന നിലയിൽ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് കൈഫിന്റെ നിർദ്ദേശം.
ഈ അഭിപ്രായത്തെ സാധൂകരിക്കാനായി ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് നിര ഓഫ് സ്പിന്നർമാർക്ക് മുന്നിൽ പതറുന്നത് ചൂണ്ടിക്കാട്ടുകയും ചെയ്തു. അമേരിക്കയുടെ ഹർമീത് സിംഗ് (2/26), നമീബിയയുടെ ജെറാർഡ് ഇറാസ്മസ് (4/20), പാക്കിസ്ഥാൻറെ സയിം അയ്യൂബ് (3/25), നെതർലൻഡ്സിൻറെ ആര്യൻ ദത്ത് (2/19) എന്നിവർ ഇന്ത്യൻ ബാറ്റിംഗ് നിരയെ ഗ്രൂപ്പ് ഘട്ടത്തിൽ വെള്ളം കുടിപ്പിച്ചിരുന്നു.
മാത്രമല്ല തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഓഫ് സ്പിന്നർമാർക്ക് മുന്നിൽ അഭിഷേക് ശർമ്മ പൂജ്യത്തിന് പുറത്തായത് വലിയ ആശങ്കയാണെന്ന് കൈഫ് തൻറെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഇന്ത്യൻ ഇലവനിൽ ഒരുപാട് ഇടംകൈയൻമാരുണ്ട്. സൂര്യകുമാർ യാദവ് വന്നാൽ പോലും മിഡിൽ ഓവറുകളിൽ രണ്ട് ഇടംകൈയൻമാർ ഒരേ സമയം ക്രീസിലുണ്ടാകാൻ സാധ്യതയുണ്ട്. സഞ്ജു സാംസൺ ഇപ്പോൾ അത്ര ഫോമിലല്ലായിരിക്കാം, എങ്കിലും ഓഫ് സ്പിന്നിനെ നേരിടാൻ ഒരു വലംകൈയൻ ബാറ്റർ എന്ന നിലയിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നത് തന്ത്രപരമായ നീക്കമായിരിക്കും- കൈഫ് വ്യക്തമാക്കി.
അതുപോലെ ഓഫ് സ്പിന്നിനെ നേരിടാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളെയും കൈഫ് ചോദ്യം ചെയ്തു. വാഷിംഗ്ടൺ സുന്ദർ ടീമിലുണ്ടെങ്കിലും പന്ത് കാര്യമായി തിരിക്കാത്ത അദ്ദേഹത്തെ നേരിട്ടതുകൊണ്ട് മാത്രം കാര്യമായ ഗുണമില്ല. നെറ്റ്സിലെ ബാറ്റിംഗും സമ്മർദ്ദഘട്ടത്തിലെ മത്സരവും തികച്ചും വ്യത്യസ്തമാണെന്നും കൈഫ് ഓർമ്മിപ്പിച്ചു. ഐപിഎല്ലിൽ പോലും പലപ്പോഴും പാർട്ട് ടൈം ഓഫ് സ്പിന്നർമാരെയാണ് ഇന്ത്യയുടെ ഇടംകൈയൻ ബാസ്റ്റർമാർ നേരിടാറുള്ളത്. എന്നാൽ ലോകകപ്പ് വേദിയിൽ പ്രൊഫഷണൽ ഓഫ് സ്പിന്നർമാർ ഇതിനെ ഇന്ത്യയുടെ വലിയ ദൗർബല്യമാക്കി മാറ്റുന്നുവെന്നും കൈഫ് കൂട്ടിച്ചേർത്തു.






