ഭാര്യയെ മോഷണക്കുറ്റത്തിന് റിമാൻഡ് ചെയ്തു, ഭർത്താവ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാസ്ഥയിൽ

കൊല്ലം∙ കൊല്ലം ജില്ലയിലെ അഞ്ചലിൽ ഭാര്യയെ മോഷണക്കുറ്റത്തിനു റിമാൻഡ് ചെയ്തതോടെ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര റഫീഖ് മൻസിലിൽ റഫീഖാണ് ഞായറാഴ്ച ഉച്ചയോടെ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. തീ പടരുന്നതു കണ്ട നാട്ടുകാരാണ് അഞ്ചൽ പേലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി ഇയാളെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റഫീഖിനു 50 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് അറിയുന്നത്. മുൻപും റഫീഖ് ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ തിങ്കളാഴ്ചയാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിനു പോലീസ് അറസ്റ്റു ചെയ്തത്. അഞ്ചലിൽനിന്നും കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസ്സിൽ നിന്നാണ് കുഞ്ഞിന്റെ മുക്കാൽ പവൻ വരുന്ന സ്വർണ കൊലുസായിരുന്നു ഇവർ മോഷ്ടിച്ചത്. കൊലുസ് നഷ്ടപ്പെട്ട വിവരം കുഞ്ഞിന്റെ അമ്മ ബസ് ജീവനക്കാരെ അറിയിക്കുകയും അവർ പോലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസിനു സബീനയിൽ സംശയം തോന്നിയതിനാൽ അഞ്ചൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. പരിശോധനയിൽ സ്വർണം ഇവരുടെ പക്കൽ നിന്നു കണ്ടെടുക്കുകയും ചെയ്തു. സബീന ഇതിനുമുൻപും സമാനമായ കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം അഞ്ചലിൽ ക്ഷേത്ര ഉത്സവത്തിനിടെ കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച സബീനയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചിരുന്നു.






