കാസര്‍കോട്: മാതമംഗലത്ത് എസ്ബിഐ മുന്‍ ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 23 പവന് സ്വര്‍ണാഭരണങ്ങളും രണ്ടരലക്ഷം രൂപ വിലവരുന്ന വജ്രവും കവര്‍ന്നു. മാതമംഗലം പാണപ്പുഴ റോഡിലെ ജയപ്രസാദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജയപ്രസാദും ഭാര്യ ദീപയും ആയുര്‍വേദ ചികിത്സക്കായി തളിപ്പറമ്പിനടുത്ത് ആശുപത്രിയിലായിരുന്നു.
സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയില്‍ മോഷ്ടക്കാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ മൂന്നിനും 3.45-നും ഇടയിലാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു പേര് ടോര്‍ച്ചുമായി വീട്ടിലേക്ക് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. തുടര്‍ന്ന് അലമാരയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും വജ്രവും മോഷ്ടിക്കുകയുമായിരുന്നു.
വീട്ടുകാര്‍ ആശുപത്രിയിലായതിനാല്‍ വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യാന്‍ വേണ്ടി വന്നപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ ജയപ്രസാദിനെ അറിയിച്ചു. തുടര്‍ന്ന് പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ വാതില്‍ പൊളിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്‍വെട്ടിയും കത്രികയും വീടിന് സമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.