ബംഗളൂരു: ചന്നപട്ടണയില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ജെ.ഡി.എസിന്റെ എച്ച്.ഡി കുമാരസ്വാമിയാണ് ചന്നപട്ടണയെ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹം എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചന്നപ്പട്ടണയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. നിലവില്‍ കേന്ദ്രമന്ത്രി കൂടിയാണ് കുമാരസ്വമി. ഘനവ്യവസായത്തിന്റെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്.
രാമനഗര ജില്ലയിലെ വൊക്കാലിഗക്കാരുടെ കോട്ടയാണ് ചന്നപ്പട്ടണ. നേരത്തെ ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ സുരേഷിന്റെ പേരായിരുന്നു ചന്നപ്പട്ടണത്ത് പറഞ്ഞുകേട്ടിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ റൂറലില്‍ നിന്ന് ബി.ജെ.പിയുടെ സി.എന്‍ മഞ്ജുനാഥിനോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു. സഹോദരന്റെ തോല്‍വിക്ക് കാരണം കുമാരസ്വാമിയുടെ നീക്കങ്ങളാണെന്നാണ് ഡി.കെ ശിവകുമാര്‍ കരുതുന്നത്. അതിന് തിരിച്ചടി കൊടുക്കാനാണ് ഡി.കെ ലക്ഷ്യമിടുന്നത്. അതാണ് അദ്ദേഹം തന്നെ നേരിട്ട് ചന്നപ്പട്ടണത്ത് ഇറങ്ങുന്നത്.
മേഖലയില്‍ തന്റെ സ്വാധീനം പുനഃസ്ഥാപിക്കാനും ദേവഗൗഡ കുടുംബത്തിന്റെ മേധാവിത്വം ചെറുക്കാനും ശിവകുമാര്‍ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ കനകപുര മണ്ഡലത്തെയാണ് ശിവകുമാര്‍ പ്രതിനിധീകരിക്കുന്നത്. വൊക്കാലിഗ സമുദായക്കാരുടെ കോട്ടയാണ് രാമനഗരം ജില്ല. ജെ.ഡി.എസോ അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഡി.കെ സഹോദരന്മാരോ ആണ് ഈ ജില്ലയുടെ രാഷ്ട്രീയം നിര്‍ണയിക്കുന്നത്. അവിടെയാണ് ഡി.കെ തന്നെ ഇറങ്ങിക്കളിക്കാനൊരുങ്ങുന്നത്.
അതേസമയം കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയോ സി.പി യോഗീശ്വരയെയോ ആണ് ബിജെപി-ജെഡി(എസ്) സഖ്യം ചന്നപട്ടണയില്‍ പരിഗണിക്കുന്നത്. ചന്നപട്ടണ മേഖലയിലെ ഒരു ഡസനോളം ക്ഷേത്രങ്ങള്‍ ഇതിനകം തന്നെ ഡി.കെ ശിവകുമാര്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. ഇവിടങ്ങളിലെ വോട്ടര്‍മാരുടെ പ്രതികരണം വിലയിരുത്തി രാഷ്ട്രീയത്തിലെ തന്റെ അടുത്ത ഘട്ടം പ്രഖ്യാപിക്കുമെന്ന് ഡി.കെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതായിരുന്നു ചന്നപ്പട്ടണത്ത് ഡി.കെ മത്സരിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാക്കിയത്.
ചന്നപ്പട്ടണയിലെ പ്രസിദ്ധമായ കെങ്കല്‍ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെത്തിയ ശിവകുമാര്‍, പ്രത്യേക പ്രാര്‍ഥന നടത്തിയിരുന്നു. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് ഡി.കെയെ വരവേറ്റത്. അതേസമയം ശിവകുമാര്‍ ചന്നപട്ടണയില്‍ മത്സരിച്ച് വിജയിച്ചാല്‍ സുരേഷിന് വേണ്ടി കനകപുര സീറ്റ് ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.