CrimeNEWS

”അത്രയും ഇഷ്ടപ്പെട്ടാണ് രാഹുലേട്ടനെ വിവാഹം കഴിച്ചത്; ആരും തട്ടിക്കൊണ്ടുപോയിട്ടില്ല”

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പുതിയ വീഡിയോയുമായി യുവതി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് പുതിയ വീഡിയോയില്‍ യുവതി പറയുന്നത്. വീട്ടില്‍നിന്ന് സ്വന്തം ഇഷ്ടപ്രകാരം മാറിനിന്നതാണ്, അത്രയേറെ ഭീഷണിയാണ് വീട്ടുകാരില്‍നിന്നുള്ളതെന്നും യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

”ഞാന്‍ മിസ്സിങ്ങാണ്, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയുന്നതാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം മാറിനിന്നതാണ്. വീട്ടിലെ സാഹചര്യത്തില്‍ സ്വന്തം കാര്യങ്ങള്‍ തുറന്നുപറഞ്ഞുള്ള വീഡിയോ ചെയ്യാനാകില്ല. അത്രയേറെ ഭീഷണിയാണ് അവിടെയുള്ളത്. ആ ഭീഷണി ഒഴിവാക്കാനാണ് മാറിനിന്ന് വീഡിയോ ചെയ്തത്. ഇനിയെങ്കിലും സത്യം എന്താണെന്ന് എനിക്ക് പറയണം.

Signature-ad

ആദ്യവീഡിയോ പുറത്തുവിടുന്നതിന് മുമ്പ് അമ്മയെ വിവരമറിയിച്ചിരുന്നു. ഞാന്‍ സേഫ് ആണെന്നും വീട്ടില്‍ നില്‍ക്കാനാകില്ലെന്നും പറഞ്ഞു. വീട്ടില്‍നിന്നിറങ്ങി പിറ്റേദിവസം തിരുവനന്തപുരത്തേക്ക് പോയി. അവിടെവെച്ചാണ് സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലാണ് ഇങ്ങനെയുള്ള വീഡിയോ ചെയ്യണമെന്ന് തോന്നിയത്.

ഞാന്‍ പറയുന്നതാണ് 100 ശതമാനം സത്യം. അതിന് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. പന്തീരാങ്കാവ് സ്റ്റേഷനിലെയോ ചികിത്സ തേടിയ ആശുപത്രിയിലെയോ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് നിങ്ങള്‍ക്കറിയാം.

ഞാന്‍ പറയുന്നത് സത്യമല്ലെന്ന് സ്ഥാപിക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നത്. രാഹുലേട്ടനുമായി ഒരുവര്‍ഷത്തെ പരിചയം. മാട്രിമോണി വഴി. നാലോ അഞ്ചോ മാസം പരസ്പരം സംസാരിച്ചു. പിന്നീട് പെണ്ണുകാണാന്‍ വന്നു. എന്നാല്‍, രാഹുലിന്റെ അമ്മയ്ക്ക് വീട്ടുവളപ്പില്‍ പുല്ല് പിടിച്ചുകിടക്കുന്നത് കണ്ട് ഇഷ്ടമായില്ലെന്നും ബന്ധത്തിന് താത്പര്യമില്ലെന്നും പറഞ്ഞു. അത് എന്റെ അച്ഛനും അമ്മയ്ക്കും വലിയ വിഷമമായി. അത് കഴിഞ്ഞിട്ട് രാഹുലേട്ടന് വേറൊരു കുട്ടിയുമായി വിവാഹം ഉറപ്പിച്ചു. വിവാഹ രജിസ്ട്രേഷന്‍ കഴിഞ്ഞതും അറിഞ്ഞു. രാഹുലേട്ടന്റെ ഒരു സുഹൃത്ത് വഴിയാണ് ഇതെല്ലാം അറിഞ്ഞത്. ആ വിവാഹം പിന്നീട് മുടങ്ങിപ്പോയതും ഇതേ സുഹൃത്ത് വഴിയാണ് അറിഞ്ഞത്. ഈ സമയത്താണ് രാഹുലേട്ടനും ഞാനും ടെലഗ്രാം വഴി ചാറ്റിങ് വീണ്ടും തുടങ്ങുന്നത്. അന്ന് ഇന്‍സ്റ്റഗ്രാമിലും വാട്സാപ്പിലും എന്നെ ബ്ലോക്ക് ചെയ്തിരുന്നു. അങ്ങനെയാണ് ടെലഗ്രാമില്‍ സംസാരിച്ച് തുടങ്ങിയത്.

”ഒരുമിച്ച് കുളിക്കണം, ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ ഒരു ഉരുള കൊടുക്കണം”! സൈക്കോ രാഹുലിന്റെ ‘വിക്രാസു’കള്‍ ഇങ്ങനെ…

ആ സമയത്ത് രാഹുല്‍ മാനസികമായി വളരെ തളര്‍ന്നിരുന്നു. അന്നാണ് ഞാന്‍ കടന്നുചെല്ലുന്നത്. തുടര്‍ന്ന് ഫോണില്‍ സംസാരിച്ചു. ഇഷ്ടം തുറന്നുപറഞ്ഞു. വിവാഹരജിസ്ട്രേഷന്‍ നടത്തിയശേഷം വിവാഹം മുടങ്ങിയതെല്ലാം രാഹുല്‍ പറഞ്ഞിരുന്നു. വിവാഹമോചനം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് മറുപടി നല്‍കി. എന്നാല്‍, ഈ വിവാഹക്കാര്യം എന്റെ വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന് താത്പര്യമുണ്ടായില്ല. പിന്നീട് ഞാനും അമ്മയും രാഹുലേട്ടനും സംസാരിച്ചിട്ടാണ് കല്യാണം ഉറപ്പിച്ചത്.

കല്യാണം നടക്കുന്ന സമയത്തും രാഹുലേട്ടന്‍ ഡൗണായിരുന്നു. മാനസികമായി ശരിയായശേഷം കല്യാണം നടത്താമെന്ന് രാഹുലേട്ടന്‍ പറഞ്ഞു. ഞാനാണ് കുഴപ്പമൊന്നുമില്ല, കൂടെയുണ്ടാകും എന്ന് പറഞ്ഞത്. എല്ലാ പിന്തുണയും നല്‍കാമെന്നും പറഞ്ഞു.

രാഹുലേട്ടന്‍ തന്നെയാണ് കല്യാണത്തിന്റെ മിക്ക ചെലവുകളും വഹിച്ചത്. കല്യാണദിവസത്തെ വസ്ത്രവും ഹല്‍ദി, മെഹന്തി ചെലവുകളും വഹിച്ചത് രാഹുലേട്ടനാണ്. അച്ഛന്റെ അന്നതെ സാഹചര്യം മനസിലാക്കി രാഹുലേട്ടന്‍ തന്നെയാണ് അതൊക്കെ ചെയ്തത്. രാഹുലേട്ടന്റെ സ്റ്റാറ്റസ് അനുസരിച്ച് കുറഞ്ഞത് 50 പവന്‍ കൊടുക്കണമെന്ന് എന്റെ അമ്മ പറഞ്ഞിരുന്നു. തുടര്‍ന്ന് അച്ഛന്‍ വിളിച്ച് ഇത്രപവന്‍ തരാമെന്ന് പറഞ്ഞു. അച്ഛാ അങ്ങനെയൊന്നും വേണ്ട, അതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് രാഹുലേട്ടന്‍ പറഞ്ഞത്.

ഈ കല്യാണത്തിന് എന്റെ ബന്ധുക്കള്‍ക്ക് താത്പര്യക്കുറവുണ്ടായിരുന്നു. പ്രത്യേകിച്ച് എന്റെ ഇളയച്ഛന്. അദ്ദേഹത്തിന് ഇതില്‍ നല്ലൊരു പങ്കുണ്ട്. ചെറുപ്പംമുതലേ എന്റെ കുടുംബത്തിന്റെ വളര്‍ച്ചയില്‍ വളരെ അസൂയയുള്ള ആളാണ്. എന്റെ വിദ്യാഭ്യാസം, കരിയര്‍ എന്നിവയുടെ വളര്‍ച്ചയും തടസ്സപ്പെടുത്താന്‍ ശ്രമിച്ചയാളാണ്.

ഞങ്ങള്‍ പരിഹരിച്ച പ്രശ്നം വഷളാക്കിയത് ഇവരെല്ലാമാണ്. പോലീസ് സ്റ്റേഷനില്‍ ഇരിക്കുമ്പോഴും രാഹുലേട്ടന്റെ കൂടെ പോയാല്‍ മതി, എനിക്ക് പരാതിയൊന്നുമില്ല എന്നാണ് പറഞ്ഞത്. അന്ന് മാതാപിതാക്കളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് അവര്‍ക്കൊപ്പം പോകേണ്ടിവന്നു. വളര്‍ത്തിവലുതാക്കിയ ഞങ്ങളെ വേണോ, ഏഴുദിവസം ഒപ്പംജീവിക്കുന്ന രാഹുലിനെ വേണോ എന്നായിരുന്നു അമ്മയുടെ ചോദ്യം.

എനിക്ക് പരാതിയില്ലെന്ന് പറഞ്ഞിട്ടാണ് സി.ഐ. അന്ന് നടപടിയൊന്നും എടുക്കാതിരുന്നത്. പരാതി കൊടുത്തത് അച്ഛനായിരുന്നു. എനിക്ക് പരാതിയൊന്നും ഇല്ലാത്തതിനാലും ഞാന്‍ രാഹുലേട്ടന്റെ കൂടെ പോകണമെന്നും പറഞ്ഞതുകൊണ്ടാണ് പോലീസ് അച്ഛന്റെ പരാതിയില്‍ നടപടി എടുക്കാതിരുന്നത്.

രാഹുലേട്ടന്‍ എന്നെക്കുറിച്ച് വളരെ മോശം കാര്യങ്ങള്‍ പറഞ്ഞെന്നാണ് എന്റെ ബന്ധുക്കള്‍ എന്നോട് പറഞ്ഞത്. പിന്നീടാണ് അദ്ദേഹം അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് ഞാന്‍ അറിഞ്ഞത്. അന്ന് വീട്ടുകാര്‍ക്കൊപ്പം പോയപ്പോളും രാഹുലേട്ടനെ ഉപേക്ഷിച്ച് പോകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. രണ്ടുദിവസം കഴിഞ്ഞ് തിരികെവരാമെന്നാണ് വിചാരിച്ചത്. എന്നാല്‍, ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്.

സന്ദീപ് എന്നയാളുടെ പേരിലാണ് ഞാനും രാഹുലേട്ടനും തമ്മില്‍ തര്‍ക്കമുണ്ടായത്. അന്ന് ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തശേഷം രാത്രി ഡ്രൈവിന് പോയി. യാത്രയ്ക്കിടെ തര്‍ക്കമുണ്ടായി. വീട്ടില്‍വന്ന് വഴക്കുണ്ടായി. അതാണ് എന്നെ അടിക്കാന്‍ കാരണം.

സന്ദീപ് ഞാന്‍ മാട്രിമോണി വഴി പരിചയപ്പെട്ടയാളാണ്. രണ്ടുമാസത്തോളം പരസ്പരം സംസാരിച്ചിട്ടുണ്ട്. ആ സംസാരിത്തിനിടെ കല്യാണം കഴിക്കാനുള്ള താത്പര്യമൊന്നും അയാളോട് തോന്നിയില്ല. അതിനാല്‍ വിവാഹവുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് തുറന്നുപറഞ്ഞു. സ്നേഹമോ ഫീലിങ്സോ ഇല്ലെന്ന് പറഞ്ഞു. പക്ഷേ, അയാള്‍ക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. അങ്ങനെ കല്യാണം ആകുമ്പോള്‍ വിളിക്കണമെന്ന് പറഞ്ഞ് ഫോണ്‍വിളി അവസാനിപ്പിച്ചു.

രാഹുലേട്ടനുമായുള്ള വിവാഹം കഴിഞ്ഞ് പിറ്റേദിവസം അയാളുടെ മെസേജ് വന്നു. എന്റെ മനസ്സില്‍ ഞാന്‍ അവസാനിപ്പിച്ച ചാപ്റ്ററായിരുന്നു അത്. ഇന്‍സ്റ്റഗ്രാമില്‍ വിവാഹചിത്രം കണ്ടാണ് സന്ദീപ് എന്റെ വിവാഹം കഴിഞ്ഞ കാര്യമറിയുന്നത്. അത് കണ്ടാണ് മെസേജ് അയച്ചത്. നിന്റെ കല്യാണം കഴിഞ്ഞുവല്ലേ, എനിക്ക് സഹിക്കാന്‍ പറ്റുന്നില്ലാ, അഭിനന്ദനങ്ങള്‍ എന്നായിരുന്നു മെസേജ്. അങ്ങനെയൊരു മെസേജ് രാഹുലേട്ടന്‍ കണ്ടുകഴിഞ്ഞാല്‍ പ്രശ്നമാകില്ലേ എന്ന് കരുതി അതേക്കുറിച്ച് ഞാന്‍ പറഞ്ഞില്ല. പക്ഷേ, എന്റെ സൈഡിലിരുന്ന രാഹുലേട്ടന്‍ ആ മെസേജ് കണ്ടിരുന്നു. അങ്ങനെ രാഹുലേട്ടന് സംശയമായി. ആ വിഷയത്തെച്ചൊല്ലിയാണ് അന്ന് രാത്രി തര്‍ക്കമുണ്ടായത്.

രണ്ടുതവണ എന്നെ അടിച്ചെന്നത് ശരിയാണ്. നീ എന്നെ വഞ്ചിക്കുകയല്ലേ എന്നൊക്കെ അന്നത്തെ വിഷമത്തില്‍ എന്നോട് പറഞ്ഞു. അത് കേട്ട എനിക്കും വിഷമം തോന്നി. ഞാന്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിട്ടും രാഹുലേട്ടന് അത് ഉള്‍ക്കൊള്ളാനായില്ല.

മാട്രിമോണിയലില്‍ കൂടി പരിചയപ്പെട്ട എല്ലാവരുടെയും കോണ്‍ടാക്ട്സ് ഫോണില്‍നിന്ന് കളഞ്ഞേക്കെന്ന് രാഹുലേട്ടന്‍ മുന്‍പ് പറഞ്ഞിരുന്നു. ഞാന്‍ ചെയ്യാമെന്നും പറഞ്ഞു. പക്ഷേ, ഞാന്‍ ചെയ്തില്ല. അതായിരുന്നു എന്റെ ഭാഗത്തുണ്ടായ വലിയതെറ്റ്.

ഞാന്‍ അത്രയും ഇഷ്ടപ്പെട്ടാണ് രാഹുലേട്ടനെ കല്യാണംകഴിച്ചത്. അന്ന് വിഷമിച്ചിരുന്ന ഞാന്‍ ബാത്ത്റൂമില്‍ പോയപ്പോള്‍ തലകറങ്ങി. അപ്പോള്‍ ഷവറിന്റെ ഹാന്‍ഡിലില്‍ തലയിടിച്ചു. അങ്ങനെയാണ് തലയില്‍ മുഴയുണ്ടായത്. അങ്ങനെ എന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടറോടും എല്ലാകാര്യങ്ങളും രാഹുലേട്ടന്‍ പറഞ്ഞു. എന്തെങ്കിലും പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് പരാതിയൊന്നുമില്ലെന്നാണ് ഞാനും പറഞ്ഞത്.

വീട്ടിലെത്തിയശേഷം രണ്ടുപേരുടെയും ഭാഗത്തുണ്ടായ തെറ്റുകള്‍ തുറന്നുപറഞ്ഞ് പ്രശ്നം പരിഹരിച്ചു. പിറ്റേദിവസമാണ് അടുക്കള കാണല്‍ ചടങ്ങിനായി എന്റെ വീട്ടുകാരും 26 പേരും വന്നത്. അന്ന് അടിച്ച പാടുകളും തലയില്‍ മുഴച്ച പാടുമുണ്ടായിരുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ ബാത്ത്റൂമില്‍ വീണതാണെന്ന് പറഞ്ഞു. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ എന്നെ തല്ലിയ കാര്യവും തര്‍ക്കമുണ്ടായെന്നും പറഞ്ഞു. രാഹുലേട്ടന്‍ എന്നെ മര്‍ദിച്ചെന്ന് പറഞ്ഞ് അവിടെ പ്രശ്നങ്ങളുണ്ടായി. അച്ഛന്‍ ഉള്‍പ്പെടെ ചിലര്‍ അന്ന് മദ്യപിച്ചാണ് വന്നത്. എനിക്ക് പാനിക്ക് അറ്റാക്കുണ്ടായി.

രാഹുലേട്ടന്റെ കൂടെനില്‍ക്കണമെന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം. എന്റെ വീട്ടിലെത്തിയശേഷം അവിടെ ഒരു ഡോക്ടറെ കാണിച്ചു. അന്നത്തെ ദേഷ്യത്തില്‍ രാഹുലേട്ടനെ ഒരു പാഠം പഠിപ്പിക്കാനായാണ് മൊബൈല്‍ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് ഉപദ്രവിച്ചെന്നെല്ലാം അവര്‍ പറഞ്ഞത്. വല്യമ്മയാണ് തെറ്റായ ആരോപണങ്ങളെല്ലാം ഡോക്ടര്‍ക്ക് മൊഴിയായി നല്‍കിയത്. അതിനുശേഷം പോലീസ് സ്റ്റേഷനില്‍പോയി. അച്ഛന്‍ പരാതി കൊടുത്തു. ആ ഘട്ടത്തിലും ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായില്ല. എടുത്ത് ചാടി എന്തൊക്കെയോ ചെയ്തു. പെട്ടെന്ന് ആ സമയത്തുണ്ടായ ഷോക്കില്‍, കാര്യങ്ങള്‍ വഷളാക്കി.

അന്നേദിവസം തന്നെ മാധ്യമങ്ങളെ അറിയിച്ചു. വക്കീലിനെ അറിയിച്ചു. എന്തൊക്കെയാണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. രണ്ടുദിവസം പോലും കാത്തിരിക്കാതെ അവര്‍ വഷളാക്കി. എന്റെ കൈയില്‍ കാര്യങ്ങള്‍നിന്നില്ല.

അന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ നാല് പേജുള്ള പരാതിയുമായാണ് അച്ഛന്‍ വന്നത്. അതില്‍ മുഴുവനും തെറ്റായ ആരോപണങ്ങളായിരുന്നു. അത് വായിച്ച് അതിലുള്ളത് പോലെ പറയാനായിരുന്നു നിര്‍ദേശം. എന്നെ ഇതിനൊന്നും കിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിയുണ്ടായി. കുടുംബത്തിലെ ഒരാള്‍പോലും എന്നെ കേള്‍ക്കാനുണ്ടായില്ല. ഇപ്പോഴും ഇല്ല. ഇനിയുണ്ടാകുമെന്നും പ്രതീക്ഷയില്ല. അതുകൊണ്ടാണ് ഇങ്ങനെ വീഡിയോയില്‍ കൂടി കാര്യങ്ങള്‍ പറയേണ്ടിവന്നത്.

പറ്റാവുന്നരീതിയില്‍ കരഞ്ഞ് അഭിനയിക്കാനാണ് ഇളയച്ഛന്‍ പറഞ്ഞത്. ഞാന്‍ അന്ന് അവിടെ അഭിനയിക്കുകയായിരുന്നു. പലകാരണങ്ങളാല്‍ ഞാന്‍ ഷോക്കായി. അന്നത്തെ മുറിവുകളുടെ ചിത്രം വ്യാജമാണ്. ഒരിക്കലും കഴുത്തില്‍ കേബിള്‍ മുറുക്കിയതല്ല. എന്റെ കൈയിലെ പാടുകളുടെ ചിത്രങ്ങളും ശരിയല്ല. അത് അന്ന് വിവാഹചടങ്ങിനിടെ നൃത്തം ചെയ്യുമ്പോള്‍ സംഭവിച്ച പരിക്കായിരുന്നു. എല്ലാം തെറ്റായ ആരോപണങ്ങളായിരുന്നു. അന്നത്തെ മാതാപിതാക്കളുടെ ആത്മഹത്യാഭീഷണി കാരണം എനിക്ക് ഒരു തീരുമാനം എടുക്കാനായില്ല. ഞാന്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങളാണ് സത്യം.”- യുവതി പറഞ്ഞു.

Back to top button
error: