CrimeNEWS

”ഒരുമിച്ച് കുളിക്കണം, ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ ഒരു ഉരുള കൊടുക്കണം”! സൈക്കോ രാഹുലിന്റെ ‘വിക്രാസു’കള്‍ ഇങ്ങനെ…

കൊച്ചി: ”ഒരുമിച്ച് കുളിക്കണം, ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ ഒരു ഉരുള രാഹുലിന് കൊടുക്കണം. രാഹുലിന് കൊടുക്കാതെ കഴിച്ചാല്‍ പിണങ്ങി എഴുന്നേറ്റ് പോകുമായിരുന്നു. അത്തരം ഭ്രാന്തമായ സ്‌നേഹ പ്രകടനങ്ങളാണ് രാഹുല്‍ പ്രകടിപ്പിച്ചിരുന്നത്. എന്റെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. സൈക്കോ എന്നോ പൊസസീവനെസ്സിന്റെ അങ്ങേയറ്റമെന്നോ പറയാം. എന്നെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നില്‍ രാഹുലിന്റെ അമ്മയ്ക്ക് പങ്കുണ്ട്” -കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിനിരയായ പറവൂര്‍ സ്വദേശിയായ യുവതി പറയുന്നു.

ഇക്കഴിഞ്ഞ അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. എന്നാല്‍, വിവാഹം കഴിഞ്ഞ് ആറാം ദിവസം യുവതി നേരിട്ടത് ക്രൂരമായ പീഡനമായിരുന്നു. പീഡനവിവരത്തെപ്പറ്റി യുവതി മാധ്യമങ്ങളോട് മനസു തുറന്നു.

Signature-ad

”രാഹുലും ഞാനും തമ്മില്‍ ഒരു വര്‍ഷത്തോളമായുള്ള പരിചയമുണ്ട്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. വിവാഹ ആലോചന നടന്നു. എനിക്കും വീട്ടുകാര്‍ക്കും നല്ല താത്പര്യമുണ്ടായിരുന്നു. പക്ഷേ, രാഹുലിന്റെ അമ്മയ്ക്ക് താത്പര്യമില്ലായെന്ന് പറഞ്ഞ് ഈ ആലോചന ഒഴിവാക്കുകയും മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കുകയുമായിരുന്നു. പിന്നീട് അത് മുടങ്ങിപ്പോയപ്പോഴാണ് വീണ്ടും ആലോചനയുമായി വന്നത്. പിന്നീട് രണ്ടാമത് വന്ന വിവാഹക്കാര്യം വീട്ടുകാരോട് സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. അന്ന് ആദ്യം പറഞ്ഞുറപ്പിച്ച വിവാഹം എങ്ങനെയാണ് മുടങ്ങിയതെന്ന് ചോദിച്ചിരുന്നു. ആ പെണ്‍കുട്ടിയുടെ ആങ്ങളയുമായി ചെറിയ തര്‍ക്കം ഉണ്ടായെന്നും ആ കുട്ടി ആങ്ങള പറയുന്നത് മാത്രമേ കേള്‍ക്കൂവെന്നുമായിരുന്നു പറഞ്ഞത്. ഇതുമാത്രമേ എനിക്ക് അറിവുള്ളൂ.

രാഹുല്‍ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിന്റെ ഡിവോഴ്‌സ് സംബന്ധിച്ച കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നുമുള്ള കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ ചാനലുകളില്‍ രാഹുലിന്റെ സഹോദരി ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. അവര്‍ പറയുന്നത് ഇതൊക്കെ എനിക്ക് അറിയാമായിരുന്നുവെന്നും എന്നിട്ടും എന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹം കഴിച്ചതെന്നുമാണ്. ഇക്കാര്യങ്ങള്‍ തെറ്റാണ്.

രാഹുലിന് എന്നോട് ഭ്രാന്തമായ ഇഷ്ടമായിരുന്നു, ഒരുമിച്ച് കുളിക്കണം. ഒരു ദിവസം ഓര്‍ക്കാതെ ഞാന്‍ ഒറ്റക്ക് പോയി കുളിച്ചതിന് എന്നോട് പിണങ്ങിപ്പോയി. ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ ഒരു ഉരുള രാഹുലിന് കൊടുക്കണം. രാഹുലിന് കൊടുക്കാതെ കഴിച്ചാല്‍ പിണങ്ങി എഴുന്നേറ്റ് പോകുമായിരുന്നു. അത്തരം ഭ്രാന്തമായ സ്‌നേഹ പ്രകടനങ്ങളാണ് രാഹുല്‍ പ്രകടിപ്പിച്ചിരുന്നത്. എന്റെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. സൈക്കോ എന്നോ പൊസസീവ്‌നെസ്സിന്റെ അങ്ങേയറ്റമെന്നോ പറയാം. ചിലപ്പോഴൊക്കെ രാഹുലിന്റെ ഇത്തരം സ്‌നേഹ പ്രകടനത്തില്‍ വീര്‍പ്പുമുട്ടിയിരുന്നു.

പക്ഷേ, ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ മറ്റൊരു മുഖമാണ് കാണാന്‍ കഴിയുക. അന്ന് ഇത്രയും ക്രൂരമായി മര്‍ദ്ദിക്കുമെന്ന് കരുതിയിരുന്നില്ല. അടിക്കുകയും മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി വലിക്കുകയും ചെയ്തു. അതിന് ശേഷം ബെഡ്ഡിലേക്ക് തള്ളിയിട്ട് ബെല്‍റ്റ് കൊണ്ട് അടിക്കുകയായിരുന്നു. മുഖത്ത് അടിച്ചപ്പോള്‍ ബോധം പോവുകയും മൂക്കില്‍നിന്ന് ചോര വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാഹുലും അന്നേരം വീട്ടിലുണ്ടായിരുന്ന സുഹൃത്തും ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

എന്നെ ആക്രമിക്കുന്ന ദിവസം രാവിലെ അമ്മയും രാഹുലും മുറിപൂട്ടി കുറേനേരം സംസാരിച്ചിരുന്നു. ആദ്യം പെണ്ണുകാണാന്‍ വന്നപ്പോള്‍ വീടിന്റെ മുറ്റത്ത് വെള്ളം കയറിയിരുന്നു. മുറ്റത്ത് പുല്ലും ഉണ്ടായിരുന്നു. അത് അവര്‍ക്ക് ഇഷ്ടമായില്ല. അമ്മയ്ക്ക് ഞാനുമായുള്ള വിവാഹത്തില്‍ താത്പര്യമില്ലായിരുന്നു. രാഹുലിന്റെ മാത്രം ഇഷ്ടത്തിനാണ് ഈ വിവാഹം നടന്നത്. അമ്മ എന്നോട് സംസാരിക്കാറില്ലായിരുന്നു. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ പോലും സംസാരിക്കാറില്ലായിരുന്നു. ഞാന്‍ ഇക്കാര്യങ്ങള്‍ രാഹുലിനോട് പറയുമ്പോള്‍ രാഹുല്‍ കൂടെ നില്‍ക്കുകയായിരുന്നു ചെയ്തത്. അമ്മയുടെ സ്വഭാവം ഇങ്ങനെയാണെന്നും അത് മാറിക്കൊള്ളുമെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്. രാഹുലിന്റെ ജീവിതത്തിലേക്ക് മറ്റ് പല പെണ്‍കുട്ടികളും വന്നിട്ടുണ്ടെങ്കിലും അമ്മയുടെ ഇത്തരം സ്വഭാവം കൊണ്ട് ആ ബന്ധങ്ങളൊക്കെ ഉപേക്ഷിക്കേണ്ടിവന്നുവെന്നാണ് രാഹുല്‍ പറഞ്ഞിട്ടുള്ളത്. രാഹുല്‍ എന്റെകൂടെ ഉണ്ടാകുമെന്നുള്ള വിശ്വാസമാണ് ഉണ്ടായിരുന്നത്. പക്ഷേ രാഹുല്‍ ചതിക്കുകയായിരുന്നു.”

Back to top button
error: