തൃശൂര്‍: ഡിസിസി സെക്രട്ടറിയും കെ മുരളീധരന്റെ അനുയായിയുമായ സജീവന് കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഡിസിസി ഓഫീസ് സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തന്നെ ആക്രമിച്ചതായി സജീവന് കുരിയച്ചിറ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
രാത്രി ഒമ്പത് മണിയോടെയാണ് വീടിന് നേരെ അക്രമമുണ്ടായത്. രാത്രിയില്‍ വലിയ ബഹളം കേട്ടപ്പോഴാണ് സംഭവം അറിയുന്നതെന്ന് സജീവന്റെ അമ്മ പറഞ്ഞു. ജനല്‍ ചില്ലകളും ചെടിച്ചട്ടികളും തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ദിവസം തൃശൂര്‍ ഡിസിസി ഓഫീസിലെ സംഘര്‍ഷത്തില്‍ പ്രസിഡന്റ് ജോസ് വള്ളൂര്‍ അടക്കം 20 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ജില്ലാ ഭാരവാഹികളായ സജീവന് കുരിയച്ചിറ, എം.എല്‍.ബേബി എന്നിവരെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
അതേസമയം, തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യുഡിഎഫ് ജില്ലാ ചെയര്മാന് എം.പി.വിന്‍സെന്റിന്റെ രാജി യുഡിഎഫ് ചെയര്മാന് വി.ഡി.സതീശനും അംഗീകരിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വി.കെ.ശ്രീകണ്ഠന് എംപിക്ക് നല്കി. പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്കുന്നതിനു വേണ്ടി രാഷ്ട്രീയകാര്യ സമിതി അംഗമായ കെ.സി.ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ നിയോഗിച്ചു.