മലപ്പുറം: സായുധ സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ തടവില്‍ കുടുങ്ങിയ മലയാളി യുവാക്കളെ മോചിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ എംബസി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ മ്യാന്‍മറില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സുരക്ഷിതരായി യുവാക്കളെ മോചിപ്പിക്കുന്നതിനു വേണ്ടി മ്യാന്‍മര്‍ സര്‍ക്കാറുമായി ബന്ധപ്പെടുന്നുണ്ടന്നും എംബസി അധികൃതര്‍ കുടുംബത്തെ അറിയിച്ചു.
യുവാക്കള്‍ കുടുങ്ങി കിടക്കുന്ന പ്രദേശം മ്യാന്‍മര്‍ സര്‍ക്കാരിന്‍െ്‌റ നിയന്ത്രണത്തിലല്ലന്ന് എംബസി കോണ്‍സുലര്‍ വിഭാഗം അറിയിച്ചു. സായുധ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് പ്രദേശങ്ങള്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
മ്യാവഡി പട്ടണത്തിന് പുറമെ എച്ച്പാലു എന്ന എന്ന് പ്രദേശത്ത് മറ്റൊരു പുതിയ സംഘം പ്രവര്‍ത്തിക്കുന്നതായും ഈ അടുത്തകാലത്തായി കടത്തിയ യുവാക്കള്‍ ഇവിടെയാണുള്ളതെന്നും എംബസി അധികൃതര്‍ അറിയിക്കുന്നു. മ്യാന്‍മര്‍ സര്‍ക്കാരിന്റെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ കൗണ്‍സിലുമായും മോണ്‍, കെയിന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണാധികാരികളുമായും ബന്ധപ്പെടുന്നുണ്ടെന്നും യുവാക്കളെ മോചിപ്പിക്കാന്‍ ആയി പരമാവധി ശ്രമിക്കുന്നുണ്ടെന്നും എംബസി അധികൃതര്‍ കുടുംബത്തെ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് നിരവധി ബോധവല്‍ക്കരണം നല്‍കിയിട്ടും യുവാക്കള്‍ സംഘങ്ങളുടെ തട്ടിപ്പിനിരയാവുകയാണെന്നും ഇത്തരത്തിലുള്ള തൊഴിലവസരങ്ങള്‍ വരുമ്പോള്‍ എംബസി ഉള്‍പ്പെടെയുള്ളവരെ സമീപിച്ച് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ മുന്നോട്ടു പോകാവൂ എന്നും എംബസി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു .
ഇന്റര്‍നെറ്റ് വഴിയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തടവിലാക്കപ്പെട്ടവരെ ഉപയോഗിക്കുന്നതെന്നാണ് വിവരം. സംഘം നല്‍കുന്ന ടാര്‍ഗറ്റ് തികച്ചില്ലെങ്കില്‍ ഷോക്കടിപ്പിക്കലും ക്രൂരമര്‍ദനങ്ങളുമായി പീഡനമാണ്. നിലവില്‍ മലപ്പുറം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവര്‍ തടവിലുണ്ടെന്നാണ് വിവരം.
വിസക്കും യാത്രയ്ക്കും പൈസ വേണ്ട എന്നതടക്കം വലിയ ഓഫറുകള്‍ നല്‍കിയാണ് സംഘം യുവാക്കളെ ആകര്‍ഷിക്കുന്നത്. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യവും നല്‍കിയിരുന്നു. ഇവര്‍ പറയുന്ന സ്ഥലങ്ങളിലെത്തിയാല്‍ ഇവരുടെ തന്നെ ആളുകളെത്തി കൂട്ടിക്കൊണ്ടു പോകും. സംഘങ്ങളുടെ കേന്ദ്രത്തിലെത്തിയാല്‍ പിന്നീടിവര്‍ക്ക് പുറംലോകവുമായി ബന്ധമില്ല. ഒരു ദിവസം ഒരാള്‍ എന്ന മുറയ്ക്ക് വീട്ടുകാരെ വാട്സ്ആപ്പ് വഴി ബന്ധപ്പെടാം.
ഓരോ പ്രദേശത്തെ ആളുകളെയും പറ്റിക്കാന്‍ ആ പ്രദേശത്ത് നിന്നുള്ളവരെ ഉപയോഗിക്കുന്നതാണ് സംഘത്തിന്റെ രീതി. ഇങ്ങനെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ സംഘത്തിന്റെ തടവിലുണ്ടെന്നാണ് വിവരം.