കോഴിക്കോട്/കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകളെ കാണാതായതായി വടക്കേക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരിയുടെ പിതാവ്. രാഹുലിനെതിരേ പരാതിനല്കാന് മകളെ നിര്‍ബന്ധിക്കുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല. മകള്‍ ഭര്‍തൃവീട്ടുകാരുടെ കസ്റ്റഡിയിലാണ്. തങ്ങള്‍ക്കെതിരെ മകള്‍ പറയുന്നത് ഭര്‍തൃവീട്ടുകാരുടെ സമ്മര്‍ദത്തിലാണെന്നും പിതാവ് ഹരിദാസന് മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മകള്‍ തിരുവനന്തപുരത്തെ ഓഫീസിലേക്കെന്നുപറഞ്ഞ് വീട്ടില്‍നിന്ന് പോയത്. അതിനുശേഷം എട്ടാം തീയതിവരെ മകളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ചയും തിങ്കളാഴ്ചയും വിളിച്ചിട്ട് കിട്ടിയില്ല. തുടര്‍ന്ന് അവള് ജോലിചെയ്യുന്ന കമ്പനിയുടെ മാനേജരുമായി ബന്ധപ്പെട്ടപ്പോള്‍ മൂന്നാം തീയതി മുതല്‍ 21-ാം തീയതി വരെ മകള്‍ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പരാതി നല്കി. കേസില്‍ മകളുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും പിടിക്കപ്പെടുമെന്നായപ്പോള്‍ രാഹുല്‍ മകളെ സ്വാധീനിച്ചതായിരിക്കാമെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.
രാഹുലിന്റെ വീട്ടില്‍ അടുക്കളകാണല്‍ ചടങ്ങിന് പോയപ്പോള്‍ ഞങ്ങള്‍ കണ്ടതും മകള്‍ പറഞ്ഞതുമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പോലീസില്‍ പരാതിനല്‍കിയത്. മകളെ നിര്‍ബന്ധിക്കുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല. വളരെ നല്ലരീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രാഹുലിനെ പിടികൂടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നതായാണ് പോലീസില്‍നിന്ന് ലഭിച്ച വിവരം. അതിനിടയിലാണ് മകളുടെ മൊഴിമാറ്റം, അദ്ദേഹം വ്യക്തമാക്കി.
മകള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കിയ കാര്യം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും അത് രാഹുലിന്റെ സമ്മര്‍ദ്ദം കാരണമാകാമെന്നുമാണ് പിതാവ് പറയുന്നത്. വിവാഹം കഴിച്ച ആളെന്ന നിലയില്‍ രാഹുലിനോട് മകള്‍ക്ക് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നുവെന്നും പരാതിക്കാരിയുടെ പിതാവ് പറഞ്ഞു.