എംആർ അജിത് കുമാറിനെ യാതൊരു പരാമർശവുമില്ലാതെ തൃശ്ശൂർ പൂരം കലക്കൽ റിപ്പോർട്ട് 16 മാസത്തിനു ശേഷം എഡിജിപിയുടെ മേശപ്പുറത്ത്!! ഉദ്യോഗസ്ഥ ഗൂഢാലോചന ഇല്ല, മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ല, എല്ലാം ചെയ്തത് തിരുവമ്പാടി ദേവസ്വം, ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു…

തിരുവനന്തപുരം: 16 മാസത്തിനു ശേഷം തൃശ്ശൂർ പൂരം കലക്കലിൽ ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് കൈമാറി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളിക്കൊണ്ടാണ് റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ മനഃപൂർവ്വം പ്രശ്നമുണ്ടാക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതുപോലെ മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങളാണ് തിരുവമ്പാടി ദേവസ്വത്തിൻറെ ഭാഗത്ത് നിന്നും ഉണ്ടായതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം തൊട്ടുമുന്നിലുള്ള പൂരത്തിനിടയിലും പോലീസുമായി വാക്കുതർക്കം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഈ തർക്കത്തിൽ ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തിൽ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. പതിനാറ് മാസംകൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായത്.
അതുപോലെ തൃശൂർ പൂരം കലക്കലിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു എഡിജിപി എംആർ അജിത് കുമാറിന്റെ പേര്. എന്നാൽ
റിപ്പോർട്ടിൽ ഒരിടത്തും അജിത് കുമാറിനെക്കുറിച്ച് പരാമർശമില്ലെന്നാണ് സൂചന.
അതേസമയം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയ്ക്കുവഴിവെച്ച സംഭവമായിരുന്നു തൃശൂർ പൂരം കലക്കൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ വിജയത്തിൽ ഈ സംഭവം വലിയ രീതിയിൽ സ്വാധീനം ചെലുത്തിയെന്ന രീതിയിൽ ആരോപണം ഭരണ- പ്രതിപക്ഷം ഉയർത്തിയിരുന്നു. കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതോടെയാണ് പൂരം കലക്കലിൽ സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി കെ രാജൻ, അജിത് കുമാർ, ദേവസ്വം പ്രതിനിധികൾ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ കമ്മീഷണർ അങ്കിത് അശോകും സംഘാടകരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും ഇക്കാര്യം അറിയിക്കാൻ അജിത് കുമാറിനെ പല തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും കെ രാജൻ ഡിജിപിക്ക് മുൻപാകെ മൊഴി നൽകി. എന്നാൽ മന്ത്രിയെ തള്ളുന്നതായിരുന്നു അജിത് കുമാർ നൽകിയ മൊഴി. പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചപ്പോഴേക്കും താൻ ഉറങ്ങിപ്പോയെന്നും പിറ്റേദിവസം രാവിലെയാണ് പ്രശ്നങ്ങൾ അറിഞ്ഞതെന്നുമായിരുന്നു അജിത് കുമാർ പറഞ്ഞത്. വിശദമായ മൊഴികളുടെ അടിസ്ഥാനത്തിലും മറ്റും നടത്തിയ അന്വേഷണത്തിൽ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു.






