ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വകുപ്പു വിഭജനം പൂര്‍ത്തിയായതിനു പിന്നാലെ, തൃശൂര്‍ എംപിയും നിയുക്ത മന്ത്രിയുമായ സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹര്‍ദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും. ജനങ്ങളാണ് തനിക്ക് ഈ അവസരം നല്‍കിയത്. തൃശൂരിലുടെ കേരളത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ട്രാന്‍സ്‌പോര്‍ട്ട് ഭവനിലുള്ള ടൂറിസം വകുപ്പ് കാര്യാലയത്തിലേക്ക് സുരേഷ് ഗോപി വൈകാതെ യാത്ര തിരിക്കും. അവിടെയെത്തിയാകും ടൂറിസം വകുപ്പിന്റെ ചുമതല ഏറ്റെടുക്കുക. കേരളത്തില്‍ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോര്‍ജ് കുര്യന്‍ 11.30ന് ചുമതലയേല്‍ക്കുമെന്നാണ് വിവരം. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളാണ് ജോര്‍ജ് കുര്യനു ലഭിച്ചത്.