Breaking NewsLead NewsSports

‘ഇഷാൻ, സഞ്ജു, അതൊരു ഗംഭീര തുടക്കമായിരുന്നു… ക്രീസിലെത്തുമ്പോൾ ഉണ്ടാകേണ്ട ഉദ്ദേശ്യത്തെക്കുറിച്ച് നമ്മൾ സംസാരിച്ചിരുന്നു, ആക്രമിച്ച് കളിക്കണമെന്ന് പറഞ്ഞിരുന്നു, ധൈര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു, അങ്ങനെ തന്നെയാണ് നമ്മൾ കളിക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ് സംഭവിച്ചതും’- അഭിനന്ദിച്ച് ഗൗതം ഗംഭീർ- Video

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിലെ പ്രകടനത്തിൽ മലയാളി താരം സഞ്ജു സാംസണേയും ഇഷാൻ കിഷനേയും പ്രശംസിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. നമീബിയയ്ക്കെതിരായ മത്സരശേഷം ഡ്രസിങ് റൂമിൽ നടത്തിയ ടീം മീറ്റിങ്ങിലാണ് ഇരുവരും നൽകിയ തുടക്കത്തെ ഗംഭീർ പുകഴ്ത്തി. ‘‘ഇഷാൻ, സഞ്ജു, അതൊരു ഗംഭീര തുടക്കമായിരുന്നു. ക്രീസിലെത്തുമ്പോൾ ഉണ്ടാകേണ്ട ഉദ്ദേശ്യത്തെക്കുറിച്ച് നമ്മൾ സംസാരിച്ചിരുന്നു. ആക്രമിച്ച് കളിക്കണമെന്ന് പറഞ്ഞിരുന്നു, ധൈര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അങ്ങനെ തന്നെയാണ് നമ്മൾ കളിക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ് സംഭവിച്ചതും…’’ – ഗംഭീർ പറഞ്ഞു.

കളിയിൽ ടീമിന്റെ ഇംപാക്ട് പ്ലെയറായി ഇഷാൻ കിഷനെ തിരഞ്ഞെടുത്തു. ആത്മവിശ്വാസവും മാനസികദൃഢതയും കഠിനാധ്വാനവുമാണ് ഇഷാൻ്റെ മുഖമുദ്രയെന്ന് ഇംപാക്ട് പ്ലെയറിനുള്ള മെഡൽ സമ്മാനിച്ചുകൊണ്ട് ടീം ഇന്ത്യയുടെ ഹെഡ് ഫിസിയോ കമലേഷ് ജെയിൻ പറഞ്ഞു.

Signature-ad

കഴിഞ്ഞ രണ്ടുവർഷം ടീമിന് പുറത്തുനിൽക്കേണ്ടിവന്നിട്ടും അവസരം ലഭിച്ചപ്പോൾ അവിസ്മരണീയമായ പ്രകടനമാണ് ഇഷാൻ കാഴ്ചവച്ചതെന്നും കമലേഷ് കൂട്ടിച്ചേർത്തു. ഇന്നലെ ഡൽഹി അരുൺ ജയറ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ഇഷാൻ കിഷനും സഞ്ജു സാംസണും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. റൂബൻ ട്രംപിൾമാൻ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ സിക്സറടിച്ച് സഞ്ജുവാണ് വെടിക്കെട്ടിനു തിരികൊളുത്തിയത്. ബെൻ ഷികോംഗോയുടെ അടുത്ത ഓവറിൽ തുടർച്ചയായി രണ്ട് പടുകൂറ്റൻ സിക്സുകളും അടിച്ചതോടെ അരങ്ങേറ്റ ലോകകപ്പിൽ സഞ്ജുവിന് ഹാട്രിക് സിക്സറായി. തൊട്ടടുത്ത പന്ത് ഫോറടിച്ചെങ്കിലും തൊട്ടടുത്ത നിമിഷം ഫ്ലിക് ചെയ്ത പന്ത് ഡീപ് മിഡ് വിക്കറ്റിൽ ലോറൻ സ്റ്റീൻകാംപ് കയ്യിലൊതുക്കി. എട്ടുപന്തിൽ 22 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത ഇഷാനാണ് ഇന്ത്യൻ സ്കോറിങ്ങിന് വേഗം നൽകിയത്. 24 പന്തിൽ 61 റൺസെടുത്താണ് ഇഷാൻ പുറത്തായത്.

അതേസമയം ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഫോം കണ്ടെത്താൻ പാടുപെട്ട സഞ്ജുവിനെതിരെ കടുത്ത വിമർശനവുമായി മുൻ താരങ്ങളടക്കം രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: